ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിലേക്കുള്ള സ്ക്വാഡ് പ്രഖ്യാപിക്കുകയുണ്ടായി. സ്ക്വാഡിലെ പ്രധാന മാറ്റം കെഎൽ രാഹുലിനെ ഇന്ത്യ ഉപനായക സ്ഥാനത്തു നിന്നും മാറ്റിയിരിക്കുന്നു എന്നുള്ളതാണ്. പകരം പുതിയ ഒരു വൈസ് ക്യാപ്റ്റനെയാവും ഇന്ത്യ ഇനിയുള്ള ടെസ്റ്റ് മത്സരങ്ങളിൽ ഉൾപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് മുൻപിലുള്ള കുറച്ച് ഓപ്ഷനുകൾ നമുക്ക് പരിശോധിക്കാം.
ചെതേശ്വർ പൂജാര
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ നൂറാം മത്സരമായിരുന്നു പൂജാര ഡൽഹിയിൽ കളിച്ചത്. അതിനാൽ തന്നെ പൂജാരയുടെ അനുഭവ സമ്പത്ത് വളരെ വലുതാണ്. മുൻപ് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ പൂജാര ഉപനായകനായി കളിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ കൗണ്ടി ചാമ്പ്യൻഷിപ്പിൽ ടീമിനെ നയിച്ച പാരമ്പര്യവും പൂജാരയ്ക്കുണ്ട്. ഈ സാഹചര്യത്തിൽ ടീമിന്റെ ഉപനായകനാവാൻ പൂജാര വളരെയേറെ യോഗ്യനാണ്.
രവിചന്ദ്രൻ അശ്വിൻ
നിലവിലെ ഇന്ത്യൻ ടീമിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്ററാണ് രവിചന്ദ്രൻ അശ്വിൻ. 90 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 450 വിക്കറ്റുകൾ അശ്വിൻ പേരിൽ ചേർത്തിട്ടുണ്ട്. മാത്രമല്ല നിലവിൽ ഓസ്ട്രേലിയക്കെതിരെ വളരെ തിളക്കമാർന്ന പ്രകടനമാണ് അശ്വിൻ കാഴ്ചവയ്ക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ഉപനായകനാവാൻ അശ്വിൻ യോജിച്ച ആൾ തന്നെയാണ്.
രവീന്ദ്ര ജഡേജ
പരിക്കിന് ശേഷം ടീമിലേക്ക് തിരികെയെത്തി ജഡേജ ആറാടുന്നതാണ് രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കാണാൻ സാധിച്ചത്. ബാറ്റർ എന്ന നിലയിലും ബോളർ എന്ന നിലയിലും ടീമിനായി മികവുകാട്ടാൻ ജഡേജയ്ക്ക് സാധിക്കുന്നുണ്ട്. ഇന്ത്യൻ നിരയിലെ നിലവിലെ പ്രധാന കളിക്കാരനായ ജഡേജ ഉപനായകനായി മികവ് തെളിയിക്കാൻ സാധിക്കുന്ന ക്രിക്കറ്റർ തന്നെയാണ്.
ഇവർക്കൊപ്പം ജസ്പ്രീറ്റ് ബുമ്രയെ കൂടെ ഉൾപ്പെടുത്താമെങ്കിലും നിലവിൽ ബൂമ്രയുടെ പരിക്ക് ഇന്ത്യയ്ക്ക് തലവേദനയാണ്. അല്ലാത്തപക്ഷം ഇന്ത്യയെ നയിച്ച പാരമ്പര്യവും ബുമ്രയ്ക്കുണ്ട്.