2024 ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനൽ പോരാട്ടങ്ങൾ നടക്കുകയാണ്. ആദ്യ സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെയാണ് മൈതാനത്ത് ഇറങ്ങുന്നത്.
ഇതിന് മുൻപായി ഇന്ത്യൻ ടീമിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. തങ്ങളുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇന്ത്യൻ ടീമിനെ ഇംഗ്ലണ്ട് പരിഹസിച്ചിരിക്കുന്നത്. ഗയാനയിൽ നടക്കുന്ന സെമിഫൈനൽ മത്സരത്തെപ്പറ്റി ഇംഗ്ലണ്ട് ക്രിക്കറ്റ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഫോട്ടോയോടൊപ്പമാണ് പരിഹാസമടങ്ങിയ ഉള്ളടക്കം പ്രത്യക്ഷപ്പെട്ടത്.
“കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കെങ്കിലും അറിയാമോ” എന്ന ശീർഷകത്തോടൊപ്പമാണ് പോസ്റ്റ് ഇംഗ്ലണ്ടിന്റെ പേജിൽ പ്രത്യക്ഷപ്പെട്ടത്. ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ വിജയാഹ്ലാദം മുഴക്കുന്ന ഫോട്ടോയാണ് പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നത്. പൂർണ്ണമായും ഇന്ത്യൻ ടീമിനെ പ്രകോപിപ്പിക്കാനാണ് ഇത്തരമൊരു പരിഹാസം ഇംഗ്ലണ്ട് ക്രിക്കറ്റിൽ നിന്നുണ്ടായത് എന്ന് ഉറപ്പാണ്. ഇതിന് മുമ്പും ഇംഗ്ലണ്ടിന്റെ ഫാൻ ക്ലബ്ബായ ബാർമി ആർമി ഇന്ത്യക്കെതിരെ പരിഹാസങ്ങളുമായി രംഗത്തെത്തിയിരുന്നു. 2022 ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് ഏറ്റുവാങ്ങിയ പരാജയമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
Anyone know what happened last time? 🤔
— England Cricket (@englandcricket) June 24, 2024
🗓️ June 27
⏰ 3.30pm (UK)
🏟️ Guyana National Stadium#EnglandCricket | #ENGvIND pic.twitter.com/oNmHh7quAx
വളരെ മികച്ച പ്രകടനങ്ങളോട് കൂടിയായിരുന്നു ഇന്ത്യ 2022 ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനം പിടിച്ചത്. എന്നാൽ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റുകളുടെ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഇത് ഇന്ത്യൻ ടീമിന്റെ ഘടനയെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്തു. ഇതിന് ശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളും ടീമിനെതിരെ ഉയർന്നിരുന്നു. ഇന്ത്യൻ ബാറ്റർമാരുടെ പ്രതിരോധാത്മകമായ സമീപനമാണ് ഇത്തരത്തിലുള്ള വലിയ പരാജയത്തിന് കാരണമായത് എന്ന് മുൻ ക്രിക്കറ്റർമാർ അടക്കം വിധി എഴുതുകയുണ്ടായി. ഇതിന് ശേഷം ഒരു വമ്പൻ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്.
ഇത്തവണത്തെ ലോകകപ്പിലും പരാജയങ്ങൾ അറിയാതെയാണ് ഇന്ത്യ സെമിഫൈനലിൽ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. വമ്പൻമാരായ പാകിസ്ഥാനെയും ഓസ്ട്രേലിയയെയും പരാജയപ്പെടുത്തിയ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. എന്നിരുന്നാലും ഇംഗ്ലണ്ടും കഴിഞ്ഞ മത്സരങ്ങളിലോക്കെയും മികവാർന്ന പ്രകടനങ്ങളാണ് പുറത്തെടുത്തിരുന്നത്. ഇംഗ്ലണ്ട് ബാറ്റർമാരെ തുടക്കത്തിലെ തന്നെ ചുരുട്ടികെട്ടാൻ സാധിച്ചാലേ ഇന്ത്യക്ക് സെമിഫൈനലിൽ വിജയം കണ്ടെത്താനാവൂ. എന്തായാലും മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കിയാൽ ഇംഗ്ലണ്ടിന്റെ ഈ പരിഹാസത്തിനുള്ള മറുപടി ഉണ്ടാവും എന്നത് ഉറപ്പാണ്.