ശ്രീലങ്കയ്ക്കെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ വമ്പൻ സ്കോർ സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. നിശ്ചിത 50 ഓവറുകളിൽ 428 റൺസാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ഏകദിന ലോകകപ്പിലെ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ദക്ഷിണാഫ്രിക്ക മത്സരത്തിൽ നേടിയത്. മത്സരത്തിൽ 3 ദക്ഷിണാഫ്രിക്കൻ ബാറ്റർമാരാണ് മൂന്നക്കം കണ്ടത്. ഡികോക്ക്, വാൻ ഡർ ഡസൻ, മാക്രം എന്നിവരാണ് തട്ടുപൊളിപ്പൻ സെഞ്ച്വറികൾ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കായി നേടിയത്. ഇതിൽ മാക്രം നേടിയ സെഞ്ചുറി 49 പന്തുകളിൽ നിന്നായിരുന്നു. ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് മാക്രം മത്സരത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. മൂന്നുപേരും തകർത്തടിച്ചപ്പോൾ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ശക്തമായ ഒരു നിലയിൽ എത്തുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിയിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ വളരെ പോസിറ്റീവായാണ് ഡി കോക്ക് തുടങ്ങിയത്. എന്നാൽ നായകൻ ബവുമയുടെ(8) വിക്കറ്റ് തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്നീട് കണ്ടത് ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ടായിരുന്നു. ഡി കോക്കും വാൻ ഡർ ഡസനും ചേർന്ന് 204 റൺസിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റിൽ കെട്ടിപ്പടുത്തത്. ഡികോക്ക് മത്സരത്തിൽ 84 പന്തുകളിൽ 100 റൺസാണ് നേടിയത്. 12 ബൗണ്ടറികളും മൂന്നു പടുകൂറ്റൻ സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു.
110 പന്തുകളിൽ 108 റൺസ് ആയിരുന്നു വാൻ ഡർ ഡസന്റെ സമ്പാദ്യം. 13 ബൗണ്ടറികളും രണ്ട് സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ അവിടെയും തീരുന്നതായിരുന്നില്ല ദക്ഷിണാഫ്രിക്കൻ ശൗര്യം. നാലാമനായി ക്രീസിലെത്തിയ എയ്ഡൻ മാക്രം ശ്രീലങ്കൻ ബോളർമാരെ പൊതിരെ തല്ലി. മറ്റു ബാറ്റർമാർ ഇന്നവേറ്റീവ് ഷോട്ടുകളുമായി കളം നിറഞ്ഞപ്പോൾ തന്റെ ക്ലാസ് ഷോട്ടുകൾ കൊണ്ട് മാക്രം അത്ഭുതം തീർക്കുകയായിരുന്നു. മത്സരത്തിൽ കേവലം 49 പന്തുകളിൽ നിന്നാണ് മാക്രം തന്റെ അത്ഭുത സെഞ്ചുറി സ്വന്തമാക്കിയത്. ശേഷവും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം മാക്രം തുടർന്നു. അവസാന ഓവറുകളിൽ മില്ലർ(39*) കൂടെ വെടിക്കെട്ട് തീർത്തതോടെ ദക്ഷിണാഫ്രിക്ക കുതിച്ചു.
മത്സരത്തിൽ 428 എന്ന ശക്തമായ സ്കോറിലെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടുണ്ട്. പിച്ച് ബാറ്റിംഗിന് അനുകൂലമാണെങ്കിലും ഇത്ര മികച്ച സ്കോർ മറികടക്കുക എന്നത് ശ്രീലങ്കൻ ടീമിന് വെല്ലുവിളി ഉയർത്തുന്നു. എന്തായാലും 2023 ഏകദിന ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ വലിയൊരു പ്രസ്താവന തന്നെയാണ് ദക്ഷിണാഫ്രിക്ക മുൻപിലേക്ക് വയ്ക്കുന്നത്. ഈ മനോഭാവത്തോടെ ദക്ഷിണാഫ്രിക്ക ലോകകപ്പിനെ നേരിട്ടാൽ മറ്റു ടീമുകൾക്ക് അത് വലിയ വെല്ലുവിളി ഉയർത്തും എന്ന കാര്യം സംശയമില്ല.