2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ കുറച്ച് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു. മത്സരത്തിൽ കൊൽക്കത്ത ഓപ്പണർ സുനിൽ നരേയ്ന്റെ ബാറ്റ് സ്റ്റമ്പിൽ കൊള്ളുകയും ബെയ്ൽ താഴെ വീഴുകയും ചെയ്തു. എന്നാൽ അമ്പയർ ഇത് ഹിറ്റ് വിക്കറ്റ് വിധിച്ചില്ല. എന്തുകൊണ്ടാണ് ഇത്തരത്തിൽ ബാറ്ററുടെ ബാറ്റ് കൊണ്ട് ബെയിൽ താഴെ വീണിട്ടും ഹിറ്റ് വിക്കറ്റ് അനുവദിക്കാതിരുന്നത് എന്ന് പരിശോധിക്കാം
മത്സരത്തിൽ കൊൽക്കത്തൻ ഇന്നിങ്സിലെ എട്ടാമത്തെ ഓവറിലാണ് സംഭവം നടന്നത്. ഓവർ എറിഞ്ഞത് യുവ പേസർ റാസിക് സലാമായിരുന്നു സലാമിന്റെ നാലാം പന്ത് ഒരു വൈഡ് ആയാണ് എത്തിയത്. സുനിൽ നരെയൻ പന്തിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ രീതിയിൽ കോൺടാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. തലയ്ക്കു മുകളിലൂടെ ഉയർന്ന പന്ത് അമ്പയർ വൈഡ് വിധിക്കുകയാണ് ഉണ്ടായത്.
ഇതിനുശേഷം സുനിൽ നരെയൻ ബാറ്റ് പിന്നിലേക്ക് എടുത്തപ്പോഴാണ്, ബാറ്റ് തട്ടി ബെയ്ൽ താഴെ വീണത്. ഈ സാഹചര്യത്തിൽ ബാംഗ്ലൂർ താരങ്ങൾ മുൻപിലേക്ക് വന്നെങ്കിലും, അമ്പയർ ഔട്ട് വിധിക്കാൻ തയ്യാറായില്ല. ഇതിനു പ്രധാന കാരണം ആ സമയത്ത് ബോൾ ഡെഡ് ആയിരുന്നു എന്നതാണ്.
ബോൾ കീപ്പറുടെ കയ്യിൽ എത്തിയതോടെ ഡെഡ് ആയി മാറി. മാത്രമല്ല ഈ സമയത്തുതന്നെ അമ്പയർ വൈഡും വിധിക്കുകയുണ്ടായി. ഐസിസിയുടെ നിയമപ്രകാരം, ബോൾ പ്ലെയിലുള്ള സമയത്ത് മാത്രമേ ഒരു ബാറ്റർ ഹിറ്റ് വിക്കറ്റ് ആവുകയുള്ളൂ. ബോൾ പ്ലെയിലുള്ള സമയത്ത് ബാറ്ററുടെ ബാറ്റോ ശരീരമോ സ്റ്റമ്പിൽ കൊണ്ടാൽ ഹിറ്റ് വിക്കറ്റ് ആയി അയാളെ പുറത്താക്കാൻ സാധിക്കും. എന്നാൽ ഇവിടെ അമ്പയർ വൈഡ് വിധിച്ചതോടെ ബോൾ പ്ലെയിൽ നിന്ന് മാറി നിൽക്കുകയുണ്ടായി. അതിനാലാണ് സുനിൽ നരേയ്നെ ഹിറ്റ് വിക്കറ്റ് ആയി പുറത്താക്കാതിരുന്നത്.
മത്സരത്തിൽ ഭേദപ്പെട്ട തുടക്കം തന്നെയായിരുന്നു സുനിൽ നരേയ്ൻ കൊൽക്കത്ത ടീമിന് നൽകിയത്. ടീമിന്റെ ഓപ്പണറായി ക്രീസിലെത്തിയ നരെയൻ തുടക്കത്തിൽ പതറിയെങ്കിലും പതിയെ തന്റെ റേഞ്ചിലേക്ക് ഉയരുകയായിരുന്നു. മത്സരത്തിൽ 26 പന്തുകളിൽ 44 റൺസാണ് നരെയ്ൻ നേടിയത്. 5 ബൗണ്ടറികളും 3 സിക്സറുകളും നരെയ്ന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. 31 പന്തുകളിൽ 56 റൺസ് നേടിയ നായകൻ രഹാനെയാണ് മത്സരത്തിൽ കൊൽക്കത്തക്കായി ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. രഹാനെയുടെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 173 റൺസാണ് ആദ്യ മത്സരത്തിൽ കൊൽക്കത്ത നേടിയത്.