2022 ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തിലും തോല്‍വി നേരിട്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടൂര്‍ണമെന്‍റ് അവസാനിപ്പിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ രാജസ്ഥാന്‍ മറികടന്നു. വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പ്ലേയോഫില്‍ പ്രവേശിച്ചു.
മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. തുടക്കത്തിലേ ഗെയ്ക്വാദിനെ നഷ്ടമായെങ്കിലും പിന്നീട് മൊയിന്‍ അലി എത്തിയതോടെ ചെന്നൈ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് ഉയര്‍ന്നു. 19 പന്തിലാണ് മൊയിന്‍ അലി അര്‍ദ്ധസെഞ്ചുറി നേടിയത്. എന്നാല്‍ പിന്നീട് തുടരെ തുടരെ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് താരം പ്രതിരോധത്തിലാണ് കളിച്ചത്.
ആദ്യ 6 ഓവറില്‍ 75 റണ്‍സ് കണ്ടെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ്, പിന്നീടുള്ള 14 ഓവറില്‍ നിന്നാണ് 75 റണ്‍സ് എടുത്ത് ചെന്നൈ ടോട്ടല്‍ 150 ല്‍ എത്തിച്ചത്. മൊയിന്‍ അലി ആദ്യ 23 പന്തില്‍ 65 റണ്‍സ് നേടിയപ്പോള്‍ പിന്നീട് നേരിട്ട 33 ബോളില്‍ നേടാനായത് 28 റണ്‍സ് മാത്രം. മഹേന്ദ്ര സിങ്ങ് ധോണി 28 പന്തില്‍ 26 റണ്‍സു മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
എന്തുകൊണ്ടാണ് രണ്ടാം പകുതിയില്‍ ഇന്നിംഗ്സ് സ്ലോ ആയത് എന്ന് ധോണി മത്സര ശേഷം പറഞ്ഞു. ” നമ്മൾ ഒരു ബാറ്റർ കുറവായിട്ടായിരുന്നു കളിക്കുന്നത് എന്ന് മനസ്സിലാക്കണം. ആ പെട്ടെന്നുള്ള വിക്കറ്റുകൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടതോടെ മൊയീന്‍ അലിക്ക് തന്റെ ബാറ്റിംഗ് മാറ്റേണ്ടി വന്നു. ഒരു ബാറ്റർ അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്തിരുന്നെങ്കിൽ, അയാൾക്ക് തന്റെ കുതിപ്പ് തുടരാമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. ആ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ റോളും ഉത്തരവാദിത്തവും ചെറുതായി മാറി, അത് ശരിക്കും ബുദ്ധിമുട്ടാക്കി.”
” അവസാന നാല് പേര്‍ ബാറ്റര്‍ അല്ലാ, അതിനാല്‍ തുടക്കം മുതല്‍ അടിച്ച് കളിക്കാനായി ശ്രമിച്ച്, ഒരു വിക്കറ്റ് കൂടി അവിടെ നഷ്ടപ്പെട്ടാൽ, പ്രതിരോധിക്കാൻ ഒരു ടോട്ടലും ലഭിക്കുമായിരുന്നില്ലാ ” ചെന്നൈ ടോട്ടലില്‍ 10 – 15 റണ്‍സ് കുറവുണ്ടായിരുന്നും എന്നും ധോണി പറഞ്ഞു.