ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ എട്ടാം പരാജയവുമായി മുംബൈ ഇന്ത്യന്‍സ്. ലക്നൗ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിനു 132 റണ്‍സില്‍ എത്താനാണ് സാധിച്ചത്. നേരത്തെ കെല്‍ രാഹുലിന്‍റെ സെഞ്ചുറിയാണ് ലക്നൗനെ മികച്ച സ്കോറില്‍ എത്തിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്കായി ഇഷാന്‍ കിഷന്‍ വീണ്ടും പരാജയമായി. 20 ബോളില്‍ 8 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
രോഹിത് മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും മധ്യ ഓവറുകളില്‍ വിക്കറ്റ് വീണത് തിരിച്ചടിയായി മാറി. അവസാന 4 ഓവറില്‍ 59 റണ്‍സ് വേണമെന്നിരിക്കെ തിലക് വര്‍മ്മക്കും പൊള്ളാര്‍ഡിനുമെതിരെ മൊഹസിന്‍, ഹോള്‍ഡര്‍, ചമീര എന്നിവര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. ക്രുണാല്‍ പാണ്ട്യ അവസാന ഓവറില്‍ 2 വിക്കറ്റ് കൂടി വീഴ്ത്തിയതോടെ 36 റണ്‍സിന്‍റെ വിജയം ലക്നൗ നേടി.
മത്സരശേഷം തോല്‍വിക്കുള്ള കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞു. ”ബാറ്റ് ചെയ്യാൻ പറ്റിയ പിച്ചായിരുന്നു അത്. സ്‌കോർ ചേസ് ചെയ്യാമെന്ന് ഞാൻ കരുതി, പക്ഷേ ഞങ്ങൾക്ക് വേണ്ടത്ര ബാറ്റ് ചെയ്യാൻ കഴിഞ്ഞില്ല. ഇത്തരത്തിലുള്ള ഒരു വിജയലക്ഷ്യം ഉണ്ടെങ്കിൽ, കൂട്ടുകെട്ട് പ്രധാനമാണ്. പക്ഷേ മധ്യ ഓവറില്‍ എന്റേതുൾപ്പെടെ നിരുത്തരവാദപരമായ ചില ഷോട്ടുകൾ ഞങ്ങള്‍ കളിച്ചു.”
”അവർ നന്നായി പന്തെറിഞ്ഞു. ഈ ടൂർണമെന്റിൽ ഞങ്ങൾ വേണ്ടത്ര നന്നായി ബാറ്റ് ചെയ്തിട്ടില്ല. മധ്യനിരയിൽ കളിക്കുന്നവർ ഉത്തരവാദിത്തം ഏറ്റെടുത്ത് അവസാനം വരെ ഇന്നിംഗ്‌സുകൾ കളിക്കേണ്ടതുണ്ട്. എതിരാളികള്‍ അത് ചെയ്തിട്ടുണ്ട്, അതാണ് ഞങ്ങളെ വേദനിപ്പിക്കുന്നത്. ഒരാൾ കഴിയുന്നിടത്തോളം ബാറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.” മത്സര ശേഷം രോഹിത് ശര്‍മ്മ തോല്‍വിയുടെ കാരണം കണ്ടെത്തി.
മുംബൈ ഇന്ത്യന്‍സിന്‍റെ അടുത്ത മത്സരം രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ്.