മുംബൈ ഇന്ത്യൻസിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരത്തിൽ വമ്പൻ വിജയം തന്നെയായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. മത്സരത്തിൽ എടുത്തു പറയേണ്ടത് ചെന്നൈയുടെ ബോളിങ് നിരയുടെ മികവാണ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച മുംബൈ ഇന്ത്യൻസിനെ കേവലം 139 റൺസിൽ ഒതുക്കാൻ ചെന്നൈ ബോളർമാർക്ക് സാധിച്ചു. ഇതിൽ ഏറ്റവും മികച്ച ബോളിങ് പ്രകടനം കാഴ്ചവച്ചത് ശ്രീലങ്കൻ താരം മതീഷ പതിരാനയാണ്. ചെന്നൈ സൂപ്പർ കിംഗ്സിനായി ഇന്നിംഗ്സിന്റെ അവസാന ഭാഗത്താണ് പതിരാന ബോള്‍ എടുത്തത്. നിശ്ചിത നാലോവറുകളിൽ 15 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റുകളായിരുന്നു പതിരാന മത്സരത്തിൽ നേടിയത്. പതിരാനയുടെ ഈ സ്പെല്ലോടു കൂടി മുംബൈ തകർന്നടിയുന്നതാണ് കണ്ടത്.
മത്സരത്തിൽ വിക്കറ്റുകൾ സ്വന്തമാക്കിയതിനുശേഷം ക്രിസ്ത്യാനോ റൊണാൾഡോയുടെ സ്റ്റൈലിൽ ആയിരുന്നു പതിരാന സെലിബ്രേറ്റ് ചെയ്തത്. തന്റെ കരിയറിൽ എപ്പോൾ വിക്കറ്റും ലഭിച്ചാലും റൊണാൾഡോ സ്റ്റൈലിൽ തന്നെയാണ് പതിരാനയുടെ ആഘോഷം. ഇതേ സംബന്ധിച്ച് മത്സരശേഷം പതിരാനാ പറയുകയുണ്ടായി. റൊണാൾഡോ തന്റെ പ്രിയപ്പെട്ട താരമാണെന്നും അതുകൊണ്ടാണ് താൻ ഈ രീതിയിൽ ആഘോഷം തീർക്കുന്നതെന്നുമാണ് പതിരാന മത്സരശേഷം പറഞ്ഞത്.
ഇതിനൊപ്പം ചെന്നൈ ടീം തനിക്ക് നൽകുന്ന പിന്തുണയെ പറ്റിയും പതിരാന സംസാരിക്കുകയുണ്ടായി. “ചെന്നൈക്കൊപ്പമുള്ള എന്റെ യാത്ര കഴിഞ്ഞവർഷം മുതലാണ് ആരംഭിച്ചത്. കഴിഞ്ഞവർഷം പകരക്കാരനായി ടീമിലെത്തിയ എനിക്ക് രണ്ടു മത്സരങ്ങളിൽ മാത്രമാണ് കളിക്കാൻ സാധിച്ചത്. എന്നാൽ ഈ സീസണിൽ ചെന്നൈയ്ക്കായി കൂടുതൽ മത്സരങ്ങൾ കളിക്കാൻ സാധിക്കുന്നു. അതിൽ ഞാൻ സന്തോഷവാനാണ്. ടീ മാനേജ്മെന്റ് എനിക്ക് വളരെ ആത്മവിശ്വാസം നൽകുകയും ചെയ്യുന്നുണ്ട്. എന്റെ ട്വന്റി ട്വന്റി കരിയറിലെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനമാണ് മത്സരത്തിൽ പിറന്നത്. ഈ പ്രകടനത്തിൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്.”- പതിരാന പറഞ്ഞു.
മത്സരത്തിൽ അങ്ങേയറ്റം മികച്ച പ്രകടനം തന്നെയായിരുന്നു പതിരാന കാഴ്ചവെച്ചത്. തന്റെ സ്പെല്ലില്‍ ഒരു ബൗണ്ടറി പോലും മുംബൈ ഇന്ത്യൻസിന് പതിനാന വഴങ്ങിയില്ല. ഇങ്ങനെ, വലിയൊരു സ്കോർ ലക്ഷ്യം വെച്ചിരുന്ന മുംബൈക്ക് കേവലം 139 റൺസിൽ ഒതുങ്ങേണ്ടി വരികയായിരുന്നു. മത്സരത്തിൽ 6 വിക്കറ്റുകൾക്കായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് വിജയം നേടിയത്. ഈ വിജയത്തോടെ ചെന്നൈ പോയ്ന്റ്സ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.