ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് കാഴ്ച്ചവച്ചത്. എന്നാല്‍ ജസ്പ്രീത് ബൂംറ വിക്കറ്റില്ലാതെ മടങ്ങിയപ്പോള്‍ ന്യൂസിലന്‍റ് 8 വിക്കറ്റിനു വിജയിച്ച് പ്രഥമ കിരീടം സ്വന്തമാക്കി.
ഫൈനലില്‍ മോശം പ്രകടനം നടത്തിയതിനു കടുത്ത വിമര്‍ശനത്തിനാണ് ഇന്ത്യന്‍ പേസ് ബോളര്‍ വിധേയനായത്. എന്നാല്‍ വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി ശക്തമായാണ് ജസ്പ്രീത് ബൂംറ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ തിരിച്ചെത്തിയത്.
ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നേടിയ ബൂംറ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങി. വിദേശ പിച്ചിലെ ആറാം അഞ്ച് വിക്കറ്റ് നേട്ടമാണ് നോട്ടിംഹാമില്‍ ബൂംറ നേടിയത്. സാങ്കേതികമായ കാര്യങ്ങളിലെ മാറ്റമല്ല മറിച്ച് മാനസിക നിലയില്‍ കൂടുതല്‍ കരുത്താര്‍ജിച്ചതാണ് ഈ തിരിച്ചുവരവിലെ പിന്നിലെ രഹസ്യം എന്ന് തുറന്നു പറഞ്ഞു.
” സത്യസന്ധമായി പറഞ്ഞാല്‍ സാങ്കേതികതയിലോ പദ്ധതികളിലോ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മാനസിക നിലയിലെ മാറ്റമാണ് സഹായിച്ചത്. അന്ത്യത്തിലെ ഫലത്തെക്കുറിച്ച് അധികം ചിന്തിക്കാതെയാണ് ബൗളിങ് പ്രകടനം നടത്തിയത്. എന്റെ കഴിവുകളെ തിരിച്ചുകൊണ്ടുവരാനാണ് ശ്രമിച്ചത്. എന്റെ മത്സരത്തെ മെച്ചപ്പെടുത്താന്‍ ശ്രമിച്ചു. അതിനുള്ള പരിശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു ” ബുംറ പറഞ്ഞു.
” ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ ഏറ്റവും വേണ്ടത് ആത്മവിശ്വാസമാണ്. കളിക്കാനും കളിച്ച് ജയിക്കാനുമുള്ള ആത്മവിശ്വാസം വേണം. ഓരോ സെക്ഷനനുസരിച്ചും ചിന്തയെ ചിട്ടപ്പെടുത്തി കളിക്കാന്‍ സാധിക്കണം. അതിന്റെ തുടര്‍ച്ച പിറ്റേ ദിവസവും നടത്താന്‍ ശ്രമിക്കുകയാണ് വേണ്ടത് ” ജസ്പ്രീത് ബൂംറ പറഞ്ഞു
ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റ് ആഗസ്റ്റ് 12 നാണ് ആരംഭിക്കുന്നത്. പരമ്പര വിജയത്തിനു ബൂംറയുടെ ഫോം നിര്‍ണായകമാണ്. ആദ്യ ഇന്നിംഗ്സില്‍ 28 റണ്‍സ് നേടി വാലറ്റത്ത് നിര്‍ണായക സംഭാവനയും നടത്തിയിരുന്നു.