വിജയ് ഹസാരെയിൽ കളിക്കാൻ തയാറെന്ന് സഞ്ജു. തീരുമാനം കൈക്കൊള്ളാതെ കേരള ടീം.

വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിലെ കേരളത്തിന്റെ അവശേഷിക്കുന്ന മത്സരങ്ങളിൽ താൻ കളിക്കാൻ തയ്യാറാണെന്ന് ടീം മാനേജ്മെന്റിനെ അറിയിച്ച് സഞ്ജു സാംസൺ. എന്നാൽ സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നതിനെ സംബന്ധിച്ച് ഇതുവരെയും കേരള ടീം അവസാനത്തെ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിജയ് ഹസാരെ ട്രോഫിയുടെ രണ്ടാമത്തെ റൗണ്ട് വ്യാഴാഴ്ച പൂർത്തിയായിരുന്നു. കഴിഞ്ഞ ടൂർണമെന്റ്കളിലൊക്കെയും കേരളത്തിന്റെ നായകനായിരുന്ന സഞ്ജു സാംസണെ ഇത്തവണത്തെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. ടീമിന്റെ പരിശീലന ക്യാമ്പിൽ കൃത്യമായി പങ്കെടുക്കാൻ പറ്റാതിരുന്നതിനാലാണ് സഞ്ജുവിന് വിജയ് ഹസാരേ ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്.

സഞ്ജു ഇത്തരത്തിൽ ടീമിൽ നിന്നും മാറി നിൽക്കുന്നതിനെ സംബന്ധിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ വിനോദ് കുമാർ സംസാരിച്ചിരുന്നു. “സഞ്ജു എനിക്കൊരു ഇമെയിൽ അയക്കുകയുണ്ടായി. ക്യാമ്പിൽ അവൻ ഉണ്ടായിരിക്കില്ല എന്ന സന്ദേശമാണ് എനിക്ക് ലഭിച്ചത്. അതുകൊണ്ടാണ് ടീം സഞ്ജു സാംസൺ ഇല്ലാതെ വയനാട്ടിലേക്ക് ക്യാമ്പിനായി പുറപ്പെട്ടത്. സാധാരണയായി നമ്മൾ ക്യാമ്പിൽ പരിശീലനത്തിൽ ഏർപ്പെടുന്ന താരങ്ങളെ മാത്രമാണ് സ്ക്വാഡിലേക്ക് ഉൾപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ പിന്നീട് ചർച്ചകൾ ഒന്നും നടന്നിട്ടില്ല.”- വിനോദ് പറയുകയുണ്ടായി. പക്ഷേ ഇപ്പോൾ സഞ്ജു തന്റെ ലഭ്യത അറിയിച്ചിരിക്കുകയാണ്.

“സഞ്ജു വിജയ്, ഹസാരെ ട്രോഫി ടൂർണമെന്റ് കളിക്കാൻ തയ്യാറാണ് എന്ന് ടീമിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നതിനെ സംബന്ധിച്ചുള്ള അവസാനഘട്ട തീരുമാനം ഇതുവരെയും കൈക്കൊണ്ടിട്ടില്ല. ഇപ്പോൾ നമ്മൾ ഹൈദരാബാദിലാണ് ഉള്ളത്. 2 മത്സരങ്ങൾ മാത്രമാണ് നമ്മൾ കളിച്ചത്.”- വിനോദ് കുമാർ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറയുകയുണ്ടായി. ഇതോടൊപ്പം കേരളത്തിന്റെ വെറ്ററൻ ബാറ്ററായ സച്ചിൻ ബേബിയെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതിനെ സംബന്ധിച്ച് വിനോദ് സംസാരിച്ചു. മുഷ്തഖ് അലി ട്രോഫിയിലുണ്ടായ പരിക്കിനെ തുടർന്നാണ് സച്ചിനെ സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത്. പൂർണ്ണമായി തന്റെ ഫിറ്റ്നസ് വീണ്ടെടുക്കാൻ സച്ചിന് ഇപ്പോഴും സാധിച്ചിട്ടില്ല.

നിലവിൽ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ മികച്ച റെക്കോർഡ് ഉള്ള താരമാണ് സഞ്ജു സാംസൺ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് സഞ്ജു. ഇതുവരെയും 1895 റൺസാണ് സഞ്ജു സാംസൺ തന്റെ ലിസ്റ്റ് എ കരിയറിൽ നേടിയിട്ടുള്ളത്. വിജയ് ഹസാരേ ട്രോഫിയിൽ ഒരു ഡബിൾ സെഞ്ച്വറി സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ സഞ്ജുവിന്റെ മടങ്ങിവരവ് ടീമിന് കൂടുതൽ ശക്തിപകരും എന്ന കാര്യത്തിൽ സംശയമില്ല.

Previous articleബുമ്രയെ ആക്രമിക്കാൻ നേരത്തെ പ്ലാൻ ചെയ്തിരുന്നു. സാം കോൺസ്റ്റസ് തുറന്ന് പറയുന്നു.