ഇന്ത്യൻ പ്രീമിലെ ഏറ്റവും നിർഭാഗ്യവാന്മാരായ ടീമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. പലതവണ ഐപിഎല്ലിന്റെ പ്ലേയോഫുകളിൽ എത്താൻ സാധിച്ചിട്ടും ബാംഗ്ലൂരിന് ഇതുവരെ കപ്പ് എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് ബാംഗ്ലൂരിനെ എല്ലാ സീസണുകളിലും വലിയ രീതിയിൽ അലട്ടുന്നുണ്ട്. ടീമിൽ വമ്പൻ താരങ്ങൾ വന്നുപോയിട്ടും ഒരു തവണ പോലും ജേതാക്കളാവാൻ സാധിക്കാത്തത് ഒരുപാട് വിമർശനങ്ങൾക്കും കാരണമായിരുന്നു. മഹേന്ദ്ര സിംഗ് ധോണിയായിരുന്നു ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റനെങ്കിൽ ഇത്രയും കാലം കിരീടമില്ലാതെ ബാംഗ്ലൂർ തുടരുമായിരുന്നില്ല എന്നാണ് മുൻ പാക്കിസ്ഥാൻ നായകൻ വസീം അക്രം ഇപ്പോൾ പറയുന്നത്.
ധോണിയായിരുന്നു ബാംഗ്ലൂരിന്റെ നായകനെങ്കിൽ ബാംഗ്ലൂരിന് ഇപ്പോൾ മൂന്ന് കിരീടമെങ്കിലും ലഭിച്ചേനെ എന്ന് അക്രം പറയുന്നു. സ്പോർട്സ് കീഡയുമായി സംസാരിക്കവെയാണ് അക്രം ഇക്കാര്യം ബോധിപ്പിച്ചത്. “റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വലിയ ആരാധക പിന്തുണയുള്ള ടീമാണ്. മാത്രമല്ല ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായ വിരാട് കോഹ്ലിയും അവറുടെ ടീമിലുണ്ട്. ഐപിഎല്ലിന്റെ തുടക്കത്തിൽ മുതൽ വിരാട് കോഹ്ലി ബാംഗ്ലൂരിനൊപ്പം ഉണ്ടായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ബാംഗ്ലൂരിന് ഇതുവരെ ഐപിഎല്ലിൽ ജേതാക്കളാവാൻ സാധിച്ചിട്ടില്ല. മഹേന്ദ്ര സിംഗ് ധോണിയായിരുന്നു ആർസിബിയുടെ നായകനെങ്കിൽ അവർ നേരത്തെ തന്നെ കിരീടം സ്വന്തമാക്കുമായിരുന്നു.”- വസീം അക്രം പറഞ്ഞു.
ഇതുവരെ 16 സീസണുകളിൽ മൂന്ന് തവണ ബാംഗ്ലൂർ ഐപിഎല്ലിന്റെ റണ്ണേഴ്സപ്പ് ആയി മാറിയിട്ടുണ്ട്. എന്നാൽ ഇതുവരെയും കിരീടം ഉയർത്താൻ അവർക്ക് സാധിച്ചിട്ടില്ല. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലും തകർപ്പൻ പ്രകടനങ്ങൾ തന്നെയാണ് ഡുപ്ലസിയുടെ നേതൃത്വത്തിൽ ബാംഗ്ലൂർ കാഴ്ചവയ്ക്കുന്നത്. പലപ്പോഴും തങ്ങളുടെ ബോളിങ് അവസരത്തിന് ഉയരാത്തതാണ് ബാംഗ്ലൂരിനെ പിന്നിലേക്കടിക്കുന്നത്. ഇതുവരെ ഈ സീസണിൽ 10 മത്സരങ്ങൾ കളിച്ച ബാംഗ്ലൂർ 5 മത്സരങ്ങളിൽ വിജയം നേടുകയും 5 മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ പോയിന്റ്സ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂർ.
ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഇത്തവണ എന്തു വില കൊടുത്തും കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് ബാംഗ്ലൂരിന് മുൻപിലുള്ളത്. മറുവശത്ത് കിരീടങ്ങൾ കൊണ്ട് കോട്ടകൾ തീർക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച പൊസിഷനിൽ തന്നെയാണ് ചെന്നൈ സൂപ്പർ കിങ്സ് നിലനിൽക്കുന്നത്. ധോണിയുടെ നേതൃത്വത്തിൽ ഇത്തവണയും കിരീടം ഉയർത്തുക എന്ന ലക്ഷ്യം തന്നെയാണ് ചെന്നൈക്ക് മുൻപിലുള്ളത്. 2010, 2011, 2018, 2021 എന്നീ വർഷങ്ങളിലായിരുന്നു മുൻപ് ചെന്നൈ സൂപ്പർ കിംഗ്സ് കിരീടം ഉയർത്തിയത്.