വിക്കറ്റ് വേട്ടയിൽ കുംബ്ലെയെ തകർത്ത് ജഡേജ. അപൂർവ നേട്ടത്തിൽ യുവിയെയും മറികടന്നു.

നെതർലൻഡ്സിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിലും വളരെ ആധികാരിക വിജയം തന്നെയായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 160 റൺസിന്റെ വിജയം ഇന്ത്യ നേടുകയുണ്ടായി. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ശ്രേയസ് അയ്യരും കെഎൽ രാഹുലുമാണ് തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുത്തത്. ഇരുവരും മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയതോടെ ഇന്ത്യ നിശ്ചിത 50 ഓവറുകളിൽ 410 എന്ന സ്കോറിൽ എത്തുകയുണ്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡച്ച് പടയെ എറിഞ്ഞിടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. മത്സരത്തിൽ ബൂമ്ര, സിറാജ്, കുൽദീപ്, ജഡേജ എന്നിവർ 2 വിക്കറ്റുകൾ വീതം സ്വന്തമാക്കി. മത്സരത്തിൽ 2 വിക്കറ്റ്കൾ സ്വന്തമാക്കിയതോടെ ഒരു അപൂർവ്വ നേട്ടമാണ് ജഡേജ കൈവരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ അനിൽ കുംബ്ലെ, യുവരാജ് സിംഗ് എന്നിവരുടെ റെക്കോർഡാണ് ജഡേജ മറികടന്നിരിക്കുന്നത്. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ സ്പിന്നർ എന്ന നേട്ടത്തിലാണ് ജഡേജ ഇരുവരെയും പിന്തള്ളിയത്. ഇതുവരെ ഈ ലോകകപ്പിൽ 16 വിക്കറ്റുകൾ സ്വന്തമാക്കാൻ ജഡേജയ്ക്ക് സാധിച്ചിട്ടുണ്ട്.

1996 ലോകകപ്പിൽ അനിൽ കുംബ്ലെ 15 വിക്കറ്റുകൾ ഇന്ത്യക്കായി സ്വന്തമാക്കിയിരുന്നു. 2011ലെ ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിനിൽ 15 വിക്കറ്റുകൾ യുവരാജും സ്വന്തമാക്കിയിരുന്നു. ഇവരെ മറികടക്കാൻ ജഡേജക്ക് ഈ ലോകകപ്പിലൂടെ സാധിച്ചു.

ജഡേജ മാത്രമല്ല ഇന്ത്യയുടെ സ്പിന്നർ കുൽദീവ് യാദവും ഈ ലോകകപ്പിൽ വളരെ മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തിട്ടുള്ളത്. കുൽദീപ് ലോകകപ്പിൽ 14 വിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് വളരെ ആശ്വാസകരമായ ബോളിംഗ് പ്രകടനമാണ് ഇതുവരെ ഈ ലോകകപ്പിൽ ഉണ്ടായിട്ടുള്ളത്.

നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ 9 ഓവറുകൾ പന്തെറിഞ്ഞ ജഡേജ 49 റൺസ് മാത്രം വിട്ടു നൽകിയായിരുന്നു 2 വിക്കറ്റുകൾ സ്വന്തമാക്കിയത്. കുൽദീപ് യാദവ് 10 ഓവറുകളിൽ 41 റൺസ് മാത്രം വിട്ടുനൽകി 2 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി.

ഇന്ത്യയെ സംബന്ധിച്ച് ടൂർണമെന്റിലെ വിജയങ്ങളിലൊക്കെയും പ്രധാന പങ്കുവഹിച്ചത് ബോളർമാർ തന്നെയാണ്. പല സമയത്തും പേസർമാർക്ക് പിന്തുണ നൽകുന്ന ബോളിംഗ് പ്രകടനമാണ് ഇരു സ്പിന്നർമാരിൽ നിന്നും ഉണ്ടായിട്ടുള്ളത്. ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിലും ഇന്ത്യൻ സ്പിന്നർമാർ ഈ മികവ് പുലർത്തും എന്ന പ്രതീക്ഷയിലാണ് ആരാധകരും മറ്റു ടീമംഗങ്ങളും. ബുധനാഴ്ച ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ സെമിഫൈനൽ പോരാട്ടം നടക്കുന്നത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 2 മണിക്കാണ് മത്സരം ആരംഭിക്കുക.

Previous articleഞാൻ വലിയ ആത്മവിശ്വാസത്തിലാണ്. സെമിയിൽ ഇന്ത്യ കിവികളെ തോല്പിക്കുമെന്ന സൂചന നൽകി ദ്രാവിഡ്‌.
Next article“രോഹിത് വ്യത്യസ്തൻ, അവനെ പോലെ മറ്റൊരു ബാറ്റർ ലോകക്രിക്കറ്റിലില്ല.” പ്രശംസയുമായി വസീം അക്രം.