ജഡേജയെ യുവരാജുമായി താരതമ്യം ചെയ്യരുത്. ജഡേജ ഇന്ത്യയുടെ ഇത്തവണത്തെ വജ്രായുധം. മഞ്ജരേക്കർ.

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനമായിരുന്നു നേപ്പാൾ ടീം കാഴ്ചവച്ചത്. താരതമ്യേന ദുർബലരെന്ന് വിശേഷിപ്പിക്കാവുന്ന നേപ്പാളിന്റെ, ഓപ്പണർമാർ ഇന്ത്യക്കെതിരെ പക്വതയുള്ള പ്രകടനം തന്നെ കാഴ്ച വച്ചിരുന്നു. എന്നാൽ ശേഷം ഇന്ത്യയുടെ സ്പിന്നർ രവീന്ദ്ര ജഡേജ ബോളിംഗ് ക്രീസിലെത്തുകയും തന്റെ മാജിക് ആവർത്തിക്കുകയും ചെയ്തു.

നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത് ജഡേജയുടെ തന്നെയായിരുന്നു. ജഡേജ ഇന്ത്യയെ സംബന്ധിച്ച് എത്രമാത്രം പ്രധാനപ്പെട്ട കളിക്കാരനാണ് എന്നാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ പറയുന്നത്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഒരു നിർണായക റോൾ വഹിക്കാൻ സാധിക്കുന്ന ക്രിക്കറ്ററാണ് ജഡേജ എന്നാണ് മഞ്ജരേക്കർ പറയുന്നത്.

വരാനിരിക്കുന്ന ഏകദിന ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ജഡേജയെ ഇന്ത്യ കളിപ്പിക്കണം എന്നാണ് മഞ്ജരേക്കർ പറയുന്നത്. ഇന്ത്യയെ സംബന്ധിച്ച് ആദ്യ ചോയ്സ് സ്പിൻ ബോളിംഗ് ഓൾറൗണ്ടറാണ് ജഡേജ എന്നും മഞ്ജരേക്കർ ചൂണ്ടിക്കാട്ടി. “ജഡേജ ഒരു മികച്ച ക്രിക്കറ്ററാണ്. ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും നമുക്ക് ജഡേജയെ ടീമിൽ കളിപ്പിക്കാൻ സാധിച്ചാൽ ലോകകപ്പ് വിജയിക്കാൻ വലിയ സാധ്യതയുണ്ട്.

ജഡേജ ഇല്ലാതെ ഇന്ത്യയ്ക്ക് ലോകകപ്പിൽ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല. അക്ഷർ പട്ടേൽ ഒരു പക്ഷേ റിസർവ് കളിക്കാരനായി സ്ക്വാഡിൽ കണ്ടേക്കും. പക്ഷേ ജഡേജ തന്നെയാണ് ആദ്യ ചോയ്സ് സ്പിൻ ബോളിംഗ് ഓൾറൗണ്ടർ. പിച്ച് കാഠിന്യമേറിയതാണെങ്കിൽ, ഒരു നിലവാരമുള്ള എതിർ ടീമിനെതിരെ 10 ഓവറുകൾക്കുള്ളിൽ മത്സരം ഇന്ത്യയുടെ കൈപ്പിടിയിലാക്കാൻ ജഡേജയ്ക്ക് സാധിക്കും”- മഞ്ജരേക്കർ പറയുന്നു.

എന്നിരുന്നാലും ജഡേജയെ യുവരാജ് സിങ്ങുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല എന്ന് മഞ്ജരേക്കർ കൂട്ടിച്ചേർത്തു. “2011 ലോകകപ്പിൽ യുവരാജ് സിംഗ് എന്നൊരു ബാറ്റിംഗ് ഓൾറൗണ്ടർ നമുക്ക് ഉണ്ടായിരുന്നു. എന്നാൽ യുവരാജിനെ ജഡേജയുമായി താരതമ്യം ചെയ്യുന്നത് നീതിപരമല്ല. ജഡേജയെ ഞാനൊരു ബോളിംഗ് ഓൾറൗണ്ടറായാണ് കാണുന്നത്. ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ ഇറങ്ങി എതിർ ടീമിന് ഒരു ഭീഷണിയായി മാറാൻ സാധിക്കുന്ന ബാറ്റർ കൂടിയാണ് ജഡേജ. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ജഡേജയുടെ ഏകദിന കരിയറിൽ വലിയ രീതിയിലുള്ള മാറ്റമാണ് വന്നിട്ടുള്ളത്.”- മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു.

“കരിയറിന് തുടക്കത്തിൽ ജഡേജ ഒരു മികച്ച ടെസ്റ്റ് ബോളർ ആയിരുന്നു. ഏകദിന കരിയറിന്റെ ആദ്യ സമയത്ത് അദ്ദേഹത്തിന് പല മത്സരങ്ങളിലും 10 ഓവറുകൾ പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ കുറച്ച് സീസണുകൾ എടുത്തു പരിശോധിച്ചാൽ എല്ലാ മത്സരത്തിലും 10 ഓവറുകൾ ജഡേജ എറിയുന്നുണ്ട്. അയാൾ എത്രമാത്രം പുരോഗതി നേടിയിട്ടുണ്ട് എന്നതിന്റെ വലിയ സൂചനയാണ് ഇത്. ഇപ്പോൾ ജഡേജ വളരെ കഴിവേറിയ ഒരു ബോളർ തന്നെയാണ്. ഏകദിന മത്സരങ്ങളിലും ട്വന്റി20 മത്സരങ്ങളിലും അയാൾ ഒരുപാട് പുരോഗതികൾ കഴിഞ്ഞ മൂന്നു വർഷത്തിനിടെ നേടിയിട്ടുണ്ട്.”- മഞ്ജരേക്കർ പറഞ്ഞുവയ്ക്കുന്നു.