ഐപിഎൽ കോഡ് ഓഫ് കണ്ടക്റ്റ് ലംഘിച്ചതിന്റെ പേരിൽ രവിചന്ദ്രൻ അശ്വിനും പിഴ. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിയമം തെറ്റിച്ചതിന്റെ പേരിൽ മാച്ച് ഫീസിന്റെ 25% അശ്വിൻ പിഴയായി നൽകണം. മത്സരത്തിനിടെ അമ്പയർമാർ ബോൾ മാറുകയുണ്ടായി. ഇതിനെ അശ്വിൻ പബ്ലിക്കായി ചോദ്യം ചെയ്തതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. ഐപിഎൽ കോഡ് ഓഫ് കണ്ടക്ട് പ്രകാരം ലെവൽ 1 ആർട്ടിക്കിൾ 2.7 ആണ് അശ്വിൻ ലംഘിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ഒരു കളിക്കാരൻ ഇത്തരത്തിലുള്ള വിമർശനങ്ങൾ പൊതുവേദികളിൽ നടത്താൻ പാടില്ല എന്നാണ് നിയമം.
ചെന്നൈയ്ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം തന്നെയായിരുന്നു രവിചന്ദ്രൻ അശ്വിൻ കാഴ്ചവച്ചത്. മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചത് അശ്വിനായിരുന്നു. 36കാരനായ അശ്വിൻ മത്സരത്തിൽ അഞ്ചാമനായിയാണ് ബാറ്റിംഗിന് എത്തിയത്. 22 പന്തുകളിൽ 30 റൺസ് ആയിരുന്നു അശ്വിൻ നേടിയത്. ഇന്നിംഗ്സിൽ രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയും നേടുകയുണ്ടായി. ശേഷം മത്സരത്തിൽ അജിങ്ക്യ രഹാനെയുടെയും ദുബെയുടെയും വിക്കറ്റുകൾ വീഴ്ത്താനും അശ്വിന് സാധിച്ചിരുന്നു. നിശ്ചിത നാല് ഓവറുകളിൽ 25 റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റുകളാണ് അശ്വിൻ മത്സരത്തിൽ വീഴ്ത്തിയത്.
എന്നാൽ മത്സരശേഷം അമ്പയർമാർക്കെതിരെ വിമർശനാത്മകമായ പ്രതികരണം അശ്വിൻ നടത്തിയിരുന്നു. മത്സരത്തിൽ മഞ്ഞുതുള്ളികൾ അമിതമായതോടുകൂടി അമ്പയർമാർ മത്സരമധ്യേ ബോൾ മാറുകയുണ്ടായി. ഇതിനെതിരെയാണ് അശ്വിൻ ശബ്ദമുയർത്തിയത്. “മഞ്ഞുതുള്ളികൾ വീണതിന്റെ പേരിൽ അമ്പയർമാർ ബോൾ മാറ്റിയത് എനിക്ക് അത്ഭുതമുണ്ടാക്കി. ഇതിനു മുൻപ് ഞാൻ ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല. ഞാൻ വളരെ അത്ഭുതത്തിലായി. ഇത്തവണത്തെ ഐപിഎല്ലിലെ ചില തീരുമാനങ്ങൾ സത്യസന്ധമായി പറഞ്ഞാൽ കുറച്ച് അവിശ്വസനീയമാണ്.”- അശ്വിൻ മത്സരശേഷം പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അശ്വിനെതിരെ ബിസിസിഐ പിഴ ചുമത്തിയിരിക്കുന്നത്. മുൻപ് സ്ലോ ഓവർ റേറ്റിന്റെ പേരിൽ സഞ്ജു സാംസനും ബിസിസിഐ പിഴ ചുമത്തുകയുണ്ടായി. മത്സരത്തിൽ മൂന്ന് റൺസിന്റെ തകർപ്പൻ വിജയമായിരുന്നു രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ബട്ലറുടെ ബാറ്റിംഗ് മികവും രവിചന്ദ്രൻ അശ്വിന്റെയും ചാഹലിന്റെയും ബോളിംഗ് മികവുമാണ് മത്സരത്തിൽ രാജസ്ഥാനെ വിജയത്തിൽ എത്തിച്ചത്.