ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ മോശം പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. ഐപിഎല്ലിൽ മികവുപുലർത്തിയ പല ബാറ്റർമാരും ഫൈനലിൽ നനഞ്ഞ പടക്കങ്ങളായി മാറി. ശുഭ്മാൻ ഗിൽ, രോഹിത് ശർമ തുടങ്ങിയവർ ഇതിന് ഉദാഹരണങ്ങളാണ്. ഈ അവസരത്തിൽ ഇന്ത്യൻ കളിക്കാരുടെ മോശം ഫോമിനെതിരെ ആഞ്ഞടിക്കുകയാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രീ. ഇന്ത്യൻ കളിക്കാരുടെ ഐപിഎൽ കരാറിൽ ബിസിസിഐ നിയന്ത്രണങ്ങൾ വയ്ക്കേണ്ടതുണ്ട് എന്നാണ് രവി ശാസ്ത്രി പറഞ്ഞത്. അല്ലാത്തപക്ഷം ഇന്ത്യൻ താരങ്ങൾ ദേശീയ ടീമിനായി ഇത്തരം പ്രകടനങ്ങൾ ആവർത്തിക്കും എന്നും രവി ശാസ്ത്രി പറയുന്നു.
“ഓരോ കളിക്കാരനും തങ്ങളുടെ മുൻഗണനകൾ നിശ്ചയിക്കേണ്ടതുണ്ട്. എന്താണ് കളിക്കാരുടെ മുൻഗണന എന്നത് തിരിച്ചറിയണം. ഇന്ത്യൻ ദേശീയ ടീമിൽ കളിക്കുന്നതാണോ ഫ്രാഞ്ചൈസി ക്രിക്കറ്റ് ആണോ നിങ്ങൾക്ക് ഇഷ്ടം? അക്കാര്യം നിങ്ങൾ തീരുമാനിക്കണം. അഥവാ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നതിനോടാണ് കളിക്കാർക്ക് താല്പര്യമെങ്കിൽ ഇത്തരത്തിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോലെയുള്ള മത്സരങ്ങൾ മറക്കുന്നതാണ് നല്ലത്. ഇതാണ് താരങ്ങൾക്ക് പ്രാധാന്യമുള്ളതെങ്കിൽ ബിസിസിഐ അത് നിയന്ത്രിക്കാൻ നിലപാടുകൾ എടുക്കേണ്ടതുണ്ട്.”- രവി ശാസ്ത്രി പറയുന്നു.
ഇതോടൊപ്പം ഐപിഎൽ കരാറിൽ കൃത്യമായി വെക്കേണ്ട ഒരു നിബന്ധനയെ പറ്റിയും രവി ശാസ്ത്രി പറയുന്നു. “ഇന്ത്യൻ താരങ്ങൾ ഐപിഎല്ലിനെക്കാളും പ്രാധാന്യമുള്ളതായി ദേശീയ മത്സരങ്ങളെ കാണേണ്ടതുണ്ട്. ഈ താൽപര്യം കണക്കിലെടുത്ത് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് കളിക്കാരെ മാറ്റിനിർത്താനുള്ള അവകാശം ബിസിസിഐക്ക് ഉണ്ടായിരിക്കണം. അതിനായി ഐപിഎല്ലിന്റെ കരാറിൽ ഒരു ക്ലോസ് കൂട്ടിച്ചേർക്കേണ്ടതുണ്ട്.”- ശാസ്ത്രി പറയുന്നു.
ഫൈനലിൽ ഓസ്ട്രേലിയ നേടിയ 469 എന്ന ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാനിറങ്ങിയ ഇന്ത്യൻ ടീമിന് നിരാശയായിരുന്നു ഫലം. ആദ്യ ഇന്നിങ്സിൽ കേവലം 296 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാൻ സാധിച്ചത്. ഇതിൽ പ്രധാനമായും പിഴച്ചത് ഇന്ത്യയുടെ ബാറ്റിംഗ് മുൻനിരയ്ക്ക് ആയിരുന്നു. രോഹിത്, പൂജാര, ഗില്‍, കോഹ്ലി എന്നിവർ വളരെ മോശം പ്രകടനം തന്നെയായിരുന്നു ആദ്യ ഇന്നിംഗ്സിൽ കാഴ്ചവച്ചത്. ഇത് മത്സരത്തിൽ ഇന്ത്യയെ പിന്നോട്ടടിക്കാൻ വലിയ രീതിയിൽ തന്നെ കാരണമായി മാറിയിട്ടുണ്ട്.