കഴിഞ്ഞ കുറച്ചു വർഷങ്ങളായി മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ മുൻനായകൻ വിരാട് കോഹ്ലിക്ക് പിന്തുണയുമായി മുൻ പരിശീലകൻ രവി ശാസ്ത്രി രംഗത്ത്. വിമർശകരുടെ എല്ലാം വായടപ്പിച്ച് ക്രിക്കറ്റിലേക്ക് വിരാട് കോലി ശക്തമായി തിരിച്ചുവരുമെന്നാണ് മുൻ ഇന്ത്യൻ പരിശീലകൻ പറഞ്ഞത്. ക്രിക്കറ്റ് കളിയോടുള്ള കോഹ്ലിയുടെ അഭിനിവേശത്തിന് ഇന്നും ഒരു കുറവും മാറ്റവും വന്നിട്ടില്ല എന്നും രവി ശാസ്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷത്തെ കണക്ക് നോക്കിയാൽ നിലവിലെ ടോപ്പ് ബാറ്റേഴ്സ് ആയ ഡേവിഡ് വാർണർ,ബാബർ അസം, ജോ റൂട്ട് എന്നിവരെക്കാളും കൂടുതൽ മത്സരങ്ങൾ കളിച്ചിരിക്കുന്നത് കോഹ്ലിയാണ്. മൂന്നു ഫോർമാറ്റുകളിലും ഒരു ടീമിനെ നായകനായിരിക്കുന്ന സമയത്ത് കളിക്കുന്നത് ഒരു കളിക്കാരന് ഭാരം കൂട്ടും.
അതുകൊണ്ടുതന്നെ ഇപ്പോൾ ഇടവേള എടുത്തിരിക്കുന്ന കോഹ്ലി തിരിച്ച് കളിക്കളത്തിലേക്ക് എത്തുമ്പോൾ അത്ഭുതം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും രവി ശാസ്ത്രി പറഞ്ഞു.”കോഹ്ലിയേക്കാൾ ഫിറ്റ്നസ് ഉള്ള മറ്റൊരു ഇന്ത്യൻ താരം ഇല്ല. ഈ പ്രായത്തിൽ കോഹ്ലിയെ പോലെ കഠിനാധ്വാനം ചെയ്യുകയും ഫിറ്റ്നസ് നോക്കുകയും ചെയ്യുന്ന മറ്റൊരു കളിക്കാരനില്ല.ശരിയായ മാനസികാവസ്ഥയിൽ കളിയെ സമീപിക്കുക എന്നത് മാത്രമാണ് വേണ്ടത്.
ഒന്ന് രണ്ട് ഇന്നിങ്സ് കൊണ്ട് ഫോം തിരികെ പിടിക്കാനാവും.താൻ കടന്നുപോയ മോശം അവസ്ഥയിൽ നിന്ന് കോഹ്ലി കാര്യങ്ങൾ പഠിച്ചിട്ടുണ്ടാവും. എല്ലാ കളിക്കാർക്കും ഇങ്ങനെ ഉണ്ടാവും. എന്നാൽ ഓരോരുത്തരുടേയും വ്യക്തിത്വമാണ് തിരിച്ചുവരാൻ, പൊരുതാൻ സഹായിക്കുന്നത്, ഈ എല്ലാ ക്വാളിറ്റിയും കോഹ്ലിക്കുണ്ട്.”- രവി ശാസ്ത്രി പറഞ്ഞു.