“റാഷിദ് ഖാൻ സായി കിഷോറിനെ കണ്ട് പഠിക്കണം” – ഉപദേശവുമായി മുൻ ഇന്ത്യൻ താരം.

കഴിഞ്ഞ ഐപിഎല്ലുകളിൽ വളരെ മികച്ച ബോളിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ചതിന് ശേഷമായിരുന്നു റാഷിദ് ഖാനെ ഗുജറാത്ത് ടൈറ്റൻസ് ടീം 2025 ഐപിഎല്ലിന് മുന്നോടിയായി നിലനിർത്തിയത്. എന്നാൽ 2025 ഐപിഎല്ലിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടില്ല. ഗുജറാത്തിന്റെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ശ്രേയസ് അയ്യരും ശശാങ്ക് സിങും റാഷിദ് ഖാനെതിരെ പൂർണമായ ആക്രമണം അഴിച്ചുവിടുകയുണ്ടായി. ബാംഗ്ലൂരിനെതിരായ ഗുജറാത്തിന്റെ മത്സരത്തിലും ഒരുപാട് റൺസ് റാഷിദ് വിട്ടുനൽകി. 4 ഓവറുകളിൽ 54 റൺസാണ് ബാംഗ്ലൂർ റാഷിദിനെതിരെ നേടിയത്. ഇതിനുശേഷം റാഷിദ് ഖാന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവജോത് സിംഗ് സിദ്ധു.

ബാംഗ്ലൂരിനെതിരായ മത്സരത്തിൽ റാഷിദ് ഖാനെതിരെ പൂർണമായ ആക്രമണം അഴിച്ചുവിട്ടത് ലിയാം ലിവിങ്സ്റ്റൺ ആയിരുന്നു. മത്സരത്തിന്റെ അവസാന ഓവറുകളിൽ റാഷിദിനെതിരെ തകർപ്പൻ ഫിനിഷിംഗ് നടത്താൻ താരത്തിന് സാധിച്ചു. ഇത്തരം മത്സരങ്ങളിൽ പൂർണ്ണമായി ഗൂഗ്ളിയെ ആശ്രയിക്കുന്നതാണ് റാഷിദ് ഖാൻ ചെയ്യുന്ന തെറ്റ് എന്നാണ് സിദ്ധുവിന്റെ അഭിപ്രായം. മാത്രമല്ല വളരെ സ്പീഡിൽ പന്ത് അറിയുന്നതും റാഷിദിന് തിരിച്ചടിയാവുന്നുണ്ട് എന്ന് സിദ്ധു പറയുകയുണ്ടായി. തന്റെ സഹതാരമായ സായി കിഷോറിൽ നിന്ന് ഇത്തരം പിച്ചുകളിൽ എങ്ങനെ പന്തറിയണമെന്ന് റാഷിദ് പഠിക്കണം എന്നാണ് സിദ്ധുവിന്റെ അഭിപ്രായം. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 4 ഓവറുകളിൽ 22 റൺസ് മാത്രം വിട്ടുനൽകി 2 വിക്കറ്റുകൾ സ്വന്തമാക്കാൻ സായി കിഷോറിന് സാധിച്ചിരുന്നു.

“മത്സരത്തിൽ ഗുജറാത്തിനായി സായി സുദർശനും സായി കിഷോറും മികച്ച പ്രകടനങ്ങൾ തന്നെയാണ് കാഴ്ചവെച്ചത്. ഇത്തരം വിക്കറ്റുകളിൽ ഏത് തരത്തിലാണ് പന്തറിയേണ്ടത് എന്ന് റാഷിദ് ഖാൻ സായി കിഷോറിൽ നിന്ന് പഠിക്കാൻ തയ്യാറാവണം. റാഷിദ് ഇപ്പോൾ വളരെ വേഗത്തിൽ പന്തറിയാനാണ് ശ്രമിക്കുന്നത്. മാത്രമല്ല വിക്കറ്റുകൾ സ്വന്തമാക്കുന്നതിനായി അവൻ ഗൂഗ്ളികളെ മാത്രം ആശ്രയിക്കുന്നു. ബാറ്റർമാർ ഇപ്പോൾ കൂടുതൽ ബുദ്ധിപരമായാണ് ചിന്തിക്കുന്നത്. എന്താണ് റാഷിദിന്റെ കയ്യിൽ നിന്ന് വരുന്നത് എന്ന് മനസ്സിലാക്കാൻ അവർക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വിക്കറ്റുകളിൽ കുറച്ച് പതിയെ പന്തറിയാൻ റാഷിദ് തയ്യാറാവണം.”- സിദ്ധു പറഞ്ഞു.

എന്നിരുന്നാലും മത്സരത്തിൽ റാഷിദിന്റെ മോശം പ്രകടനം ടീമിനെ ബാധിച്ചില്ല. 8 വിക്കറ്റുകളുടെ വിജയം ബാംഗ്ലൂരിനെതിരെ സ്വന്തമാക്കാൻ ഗുജറാത്ത് ടീമിന് സാധിച്ചു. മത്സരത്തിൽ ഗുജറാത്തിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചതും മുഹമ്മദ് സിറാജിന്റെ തകർപ്പൻ പ്രകടനമായിരുന്നു. 4 ഓവറുകളിൽ 19 റൺസ് മാത്രം വിട്ട് നൽകി 3 വിക്കറ്റുകൾ സ്വന്തമാക്കാൻ സിറാജിന് മത്സരത്തിൽ സാധിച്ചു. ഇതോടെ ബാംഗ്ലൂരിന്റെ വിജയവഴിയിൽ തടയിടാനും ഗുജറാത്തിനു കഴിഞ്ഞു.