താൻ ഏത് ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുകയാണെങ്കിലും രാജ്യത്തിനു വേണ്ടി കളിക്കേണ്ടി വന്നാൽ രാജ്യം തിരഞ്ഞെടുക്കും എന്ന് റാഷിദ് ഖാൻ. സൗത്ത് ആഫ്രിക്ക, ന്യൂസിലാൻഡ്, തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാർ സ്വന്തം രാജ്യത്തിന്‍റെ മത്സരങ്ങൾ ഒഴിവാക്കി ഐപിഎല്ലിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു അഭിപ്രായവുമായി റാഷിദ് ഖാൻ രംഗത്ത് വന്നത്.
പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഫൈനലിൽ നിന്നും അഫ്ഗാനിസ്ഥാന് കളിക്കാൻ വേണ്ടി റാഷിദ് പിന്മാറിയത് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഐപിഎല്ലിൽ കഴിഞ്ഞ അഞ്ചു വർഷം സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിച്ച താരം ഇത്തവണ ഗുജറാത്ത് ടൈറ്റൻസിൽ ആണ്. ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് താരം.
“ആദ്യം അഫ്ഗാനിസ്ഥാന് വേണ്ടി കളിച്ചു കൊണ്ടാണ് ഞാൻ അനേകം ലീഗുകളിലേക്ക് എത്തിയത്. അതുകൊണ്ട് രാജ്യം ആണ് എനിക്ക് വലുത്. ജീവിതത്തിൽ എന്തു തന്നെ നേടിയാലും രാജ്യത്തെ മറക്കുവാൻ സാധിക്കില്ല. സാഹചര്യം എന്തുതന്നെയായാലും രാജ്യമോ ക്ലബ്ബോ എന്ന ചോദ്യത്തിൽ എനിക്ക് യാതൊരു ആശയക്കുഴപ്പവും ഉണ്ടാകില്ല. അഫ്ഗാനിസ്ഥാന് വേണ്ടി കളിച്ചില്ലെങ്കിൽ എന്നെ ആർക്കും അറിയില്ലായിരുന്നു. എനിക്കെല്ലാം നൽകിയത് എൻ്റെ രാജ്യമായ അഫ്ഗാനിസ്ഥാൻ ആണ്.
രാജ്യത്തിന് നിങ്ങളെ ആവശ്യമുള്ളപ്പോൾ നിങ്ങൾ ആവശ്യം തള്ളിക്കളയുന്നത് അനീതിയാണ്. രാജ്യത്തിന് വേണ്ടിയുള്ള പ്രതിബദ്ധതയെ തകർക്കുവാൻ ഒന്നിനും സാധിക്കില്ല.”-റാഷിദ് ഖാൻ പറഞ്ഞു.
അന്താരാഷ്ട്ര ടി-20 യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാരുടെ കൂട്ടത്തിൽ നാലാം സ്ഥാനത്താണ് റാഷിദ് ഖാൻ. ക്രിക്കറ്റിനെ മൂന്നു ഫോർമാറ്റിൽ നിന്നായി 143 മത്സരങ്ങളിൽ നിന്നും 290 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്.