ഇത്തവണ ആദ്യമായി ഐപിഎൽ കളിക്കാൻ എത്തി ആ സീസണിൽ തന്നെ കിരീടം നേടിയ ടീം ആണ് ഗുജറാത്ത് ടെറ്റൻസ്. ടീമിൽ ഗുജറാത്തിൻ്റെ കുന്തമുന ആയിരുന്നു സ്പിന്നർ റാഷിദ് ഖാൻ. ഇത്തവണത്തെ ഐപിഎല്ലിലെ 15 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ഇപ്പോഴിതാ ഇന്ത്യൻ യുവ സ്പിന്നർ രവി ബിഷ്ണോയി അടുത്ത വർഷങ്ങളിൽ ഇന്ത്യയുടെ വലിയ താരമായി മാറുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് റാഷിദ് ഖാൻ. ഇത്തവണത്തെ ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയൻസ് താരമായിരുന്നു രവി ബിഷ്ണോയ്. 14 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.
“ബിഷ്‌നോയി ഒരു യുവതാരമാണ്. ഞാൻ അവനോട് ചില അവസരങ്ങളിൽ സംസാരിച്ചിട്ടുണ്ട്. വരുന്ന വർഷങ്ങളിൽ ഇന്ത്യയുടെ വലിയ താരമായി അവൻ മാറും. അവൻ്റെ കഴിവിൽ അവൻ വിശ്വസിച്ചാൽ, ആ കഴിവ് തുടർന്നും കൊണ്ടുപോകാൻ അവൻ കഷ്ടപെട്ടാൽ തീർച്ചയായും അവൻ ഇന്ത്യയുടെ ഒരു വലിയ ബൗളർ ആയി മാറും.”-റാഷിദ് ഖാൻ പറഞ്ഞു.
ഇന്ത്യൻ സ്പിന്നർ ചഹലിനെ കുറിച്ചും റാഷിദ് മനസ്സുതുറന്നു.”ബാംഗ്ലൂരിനും ഇന്ത്യക്കും വേണ്ടി അദ്ദേഹം കളിച്ചത് കണ്ടാൽ തീർച്ചയായും അദ്ദേഹം ഒരു മികച്ച സ്പിന്നർ ആണെന്ന് പറയാൻ സാധിക്കും. ഇന്ത്യക്കും ബാംഗ്ലൂരിനും വേണ്ടി ഒരുപാട് കഠിന ഓവറുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്, അതെല്ലാം വളരെ ബുദ്ധിമുട്ടുള്ളതാണ്. ബാംഗ്ലൂരിലെ ചെറിയ ഗ്രൗണ്ടിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടും അദ്ദേഹം അദ്ദേഹത്തിൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.”- റാഷിദ് ഖാൻ പറഞ്ഞു.