വെസ്റ്റ് ഇൻഡീസ് എതിരായ ഒന്നാം ഏകദിന മത്സരത്തിൽ ആറ് വിക്കറ്റിന്റെ മാസ്മരിക ജയം സ്വന്തമാക്കി ഇന്ത്യൻ ടീം വീണ്ടും വിജയവഴിയിൽ തിരികെ എത്തുമ്പോൾ വളരെ ശ്രദ്ധേയമായി മാറിയത് പരിക്കിൽ നിന്നും മുക്തി നേടി ടീമിലേക്ക് എത്തിയ നായകൻ രോഹിത് ശർമ്മയുടെ പ്രകടനവും ഒപ്പം തന്റെ സ്ഥാനം മിഡിൽ ഓർഡറിൽ ഉറപ്പിക്കുന്നത് പോലെ സൂര്യകുമാർ യാദവ് ബാറ്റിംഗ് മികവുമാണ്.
ഇന്നലെത്തെ മത്സരത്തിൽ പെട്ടന്ന് നാല് വിക്കറ്റുകൾ നഷ്ട്മായി സമ്മർദ്ദത്തിലായ ഇന്ത്യക്ക് ജയത്തിലേക്ക് വഴി ഒരുക്കിയത് സൂര്യകുമാർ യാദവ് ( 34 റൺസ് )പ്രകടനമാണ്.തന്റെ അരങ്ങേറ്റ മത്സരം കളിക്കുന്ന ദീപക് ഹൂഡക്ക് ഒപ്പം അപരാജിത 62 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച സൂര്യകുമാർ യാദവ് തന്റെ മികവ് ഒരിക്കൽ കൂടി തെളിയിച്ചു.താരം നേരത്തെ സൗത്താഫ്രിക്കക്ക് എതിരെ നടന്ന മൂന്നാം ഏകദിനത്തിലും മികച്ച ബാറ്റിംഗ് പ്രകടനത്താൽ തിളങ്ങിയിരുന്നു.
എന്നാൽ അപൂർവ്വമായ ചില റെക്കോർഡ് കൂടി തന്റെ പേരിൽ കുറിച്ചാണ് താരം മടങ്ങിയത്. മിഡിൽ ഓർഡറിൽ മൂന്ന് ഫോർമാറ്റിലും പ്രശ്നങ്ങൾ നേരിടുന്ന ടീം ഇന്ത്യക്ക് മികച്ച ഓപ്ഷനാണ് താനെന്ന് സൂര്യകുമാർ യാദവ് തെളിയിച്ചുവെന്നാണ് മുൻ താരങ്ങൾ അഭിപ്രായപെടുന്നത്.36 ബോളിൽ നിന്നും 5 ഫോർ അടക്കം 34 റൺസ് അടിച്ച താരം തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അഞ്ചാമത്തെ ഏകദിന മത്സരത്തിലും മുപ്പത് പ്ലസ് സ്കോറിന് അർഹനായി. ഇതുവരെ കളിച്ച 5 ഏകദിനത്തിലും 30 പ്ലസ് സ്കോറിലേക് എത്തിയിട്ടുള്ള സൂര്യകുമാർ യാദവ് ഈ നേട്ടത്തിൽ ഇതിഹാസ താരങ്ങളെ പോലും പിന്നിലാക്കി.
ഇന്നലത്തെ പ്രകടനത്തോടെ ആദ്യത്തെ 5 ഏകദിന മത്സരത്തിലും മുപ്പത് പ്ലസ് സ്കോർ അടിച്ചെടുത്ത ആദ്യത്തെ ഇന്ത്യൻ താരമായി സൂര്യകുമാർ യാദവ് മാറി.ഇതിഹാസ ഇന്ത്യൻ താരങ്ങൾക്ക് പോലും ഇത്തരം ഒരു റെക്കോർഡിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല എന്നത് വളരെ ശ്രദ്ധേയം.