സച്ചിൻ ബേബിയുടെ കരുത്തില്‍ കേരളം കുതിയ്ക്കുന്നു. ആന്ധ്രായ്ക്കെതിരെ ലീഡിലേക്ക്.

sachin baby and basil

ആന്ധ്രപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ദിവസം ശക്തമായ നിലയിൽ കേരള ടീം. ആദ്യ ദിവസം ആന്ധ്രപ്രദേശിനെ ബോളിങ്ങിൽ തകർത്തെറിഞ്ഞ കേരള ടീമിന്റെ ബാറ്റിംഗ് മികവാണ് രണ്ടാം ദിവസം കാണാൻ സാധിച്ചത്. കേരളത്തിനായി സച്ചിൻ ബേബി, റോഹൻ കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ എന്നിവർ ആദ്യ ഇന്നിങ്സിൽ അർദ്ധസെഞ്ച്വറി സ്വന്തമാക്കിയിട്ടുണ്ട്.

ഇവരുടെ മികവിൽ ആന്ധ്രയ്ക്കെതിരെ ഒരു വമ്പൻ ലീഡിലേക്കാണ് കേരളം കുതിക്കുന്നത്. മത്സരത്തിന്റെ മൂന്നാം ദിവസം ആന്ധ്രക്കെതിരെ ശക്തമായ ലീഡ് കണ്ടെത്തി വിജയം സ്വന്തമാക്കാനാണ് കേരളത്തിന്റെ ശ്രമം. ആദ്യ ഇന്നിങ്സിൽ 272 റൺസായിരുന്നു ആന്ധ്ര ടീം നേടിയത്. മറുപടി ബാറ്റിംഗിൽ 3 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് കേരളം ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. ആന്ധ്രയുടെ സ്കോറിൽ നിന്ന് കേവലം 14 റൺസ് മാത്രം പിന്നിലാണ് കേരളം ഇപ്പോൾ.

മത്സരത്തിൽ ടോസ് നേടിയ ആന്ധ്രപ്രദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസം വളരെ മികച്ച തുടക്കം തന്നെയാണ് ആന്ധ്രയ്ക്ക് ലഭിച്ചത്. ഓപ്പണർ മഹിപ് കുമാർ ആന്ധ്രയ്ക്കായി ക്രീസിലുറച്ചിരുന്നു. 81 റൺസാണ് മഹിപ് നേടിയത്. ഒപ്പം അഞ്ചാമനായെത്തിയ നായകൻ റിക്കി ഭൂയിയും കേരളത്തിന് ഭീഷണിയായി. 87 റൺസാണ് നായകൻ നേടിയത്.

എന്നാൽ മറ്റു ബാറ്റർമാരെ കേരള ബോളർമാർ എറിഞ്ഞിടുകയാണ് ഉണ്ടായത്. ഇങ്ങനെ ആന്ധ്രയുടെ ഇന്നിംഗ്സ് കേവലം 272 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്നിംഗ്സിൽ 48 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കിയ ബേസിൽ തമ്പിയാണ് കേരളത്തിനായി തിളങ്ങിയത്. ഒപ്പം വൈശാഖ് ചന്ദ്രൻ 2 വിക്കറ്റുകളും സ്വന്തമാക്കി.

Read Also -  കെസിഎൽ ത്രില്ലർ. അവസാന ബോളിൽ വിജയം നേടി കൊല്ലം. ഹീറോയായി ബോളർമാർ.

മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് സക്സേനയുടെ(4) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. എന്നാൽ ഒരുവശത്ത് രോഹൻ കുന്നുമ്മൽ ക്രീസിലുറച്ചത് കേരളത്തിന് ആശ്വാസമായി. കൃഷ്ണ പ്രസാദിനൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ ശക്തമായ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ രോഹന് സാധിച്ചു. 86 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.

രോഹൻ 111 പന്തുകളില്‍ 61 റൺസ് നേടിയപ്പോൾ, കൃഷ്ണപ്രസാദ് 78 പന്തുകളിൽ 43 റൺസാണ് നേടിയത്. എന്നാൽ ഇരുവരും പുറത്തായതോടെ കേരളം കൂടുതൽ സമ്മർദ്ദത്തിലാവുമെന്ന് കരുതി. അവിടെനിന്ന് നായകൻ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും ചേർന്ന് കേരളത്തെ കൈപിടിച്ചു കയറ്റുകയായിരുന്നു.

ഒരു ടെസ്റ്റ് മത്സരത്തിന്റെ എല്ലാ പക്വതയും പുലർത്തിയാണ് സച്ചിനും അക്ഷയും ക്രീസിൽ തുടർന്നത്. അർഹതപ്പെട്ട അർത്ഥസെഞ്ച്വറി സ്വന്തമാക്കാനും ഇരു താരങ്ങൾക്കും രണ്ടാം ദിവസം സാധിച്ചിട്ടുണ്ട്. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ കേരളം 3 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കി കഴിഞ്ഞു.

ആന്ധ്രയുടെ സ്കോർ മറികടക്കാൻ കേരളത്തിന് കേവലം 14 റൺസ് മാത്രമാണ് ആവശ്യമായുള്ളത്. നായകൻ സച്ചിൻ ബേബി 161 പന്തുകളിൽ 87 റൺസുമായി ഇപ്പോഴും ക്രീസിൽ തുടരുന്നു. അക്ഷയ് ചന്ദ്രൻ 131 പന്തുകളിൽ 57 റൺസുമായി ക്രീസിലുണ്ട്. മത്സരത്തിന്റെ മൂന്നാം ദിവസം ശക്തമായ ഒരു സ്കോർ കണ്ടെത്തുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം.

Scroll to Top