രഞ്ജി ട്രോഫിയിൽ യുപിയെ തകർത്ത് കേരളം. ഇന്നിങ്സിനും 117 റൺസിനും കൂറ്റൻ വിജയം.

ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കിടിലൻ വിജയം സ്വന്തമാക്കി കേരളം. മത്സരത്തിൽ ഒരു ഇന്നിംഗ്സിനും 117 റൺസിനുമാണ് കേരളം വിജയം സ്വന്തമാക്കിയത്. കേരളത്തിനായി ബാറ്റിംഗിൽ തിളങ്ങിയത് സൽമാൻ നിസാറും സച്ചിൻ ബേബിയുമാണ്.

 ബോളിങ്ങിൽ 2 ഇന്നിങ്സുകളിലും മികച്ച പ്രകടനം കാഴ്ചവച്ച ജലജ് സക്സേന കേരളത്തിന്റെ തുറപ്പു ചീട്ടായി മാറുകയായിരുന്നു. തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിയാണ് എന്ന് തോന്നിക്കുന്ന തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ആദ്യ ഇന്നിംഗ്സിൽ ഉത്തർപ്രദേശിന്റെ ബാറ്റർമാരെ കൃത്യമായ രീതിയിൽ എറിഞ്ഞിടാൻ കേരളത്തിന് കഴിഞ്ഞു.

ഉത്തർപ്രദേശ് നിരയിൽ പത്താമനായി ക്രീസിലെത്തിയ ശിവം ശർമ മാത്രമാണ് കുറച്ച് സമയമെങ്കിലും പിടിച്ചുനിന്നത്. ശിവം ശർമ 30 റൺസ് മത്സരത്തിൽ നേടി. നിതീഷ് റാണ 25 റൺസ് നേടി ഉത്തർപ്രദേശിന് ചെറിയ സംഭാവന നൽകി. എന്നാൽ മറുവശത്ത് സക്സേന കേരളത്തിന്റെ പടയാളിയായി മാറുകയായിരുന്നു. ഇന്നിംഗ്സിൽ 56 റൺസ് മാത്രം വിട്ടുനൽകിയാണ് സക്സേന 5 വിക്കറ്റുകൾ സ്വന്തമാക്കിയത്. ഇതോടെ ഉത്തർപ്രദേശിന്റെ ആദ്യ ഇന്നിങ്സ് കേവലം 162 റൺസിൽ അവസാനിക്കുകയായിരുന്നു  മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് തരക്കേടില്ലാത്ത തുടക്കമാണ് മുൻനിര ബാറ്റർമാർ നൽകിയത്.

ബാബ അപരാജിത് 32 റൺസും രോഹൻ കുന്നുമ്മൽ 28 റൺസും നേടി കേരളത്തിന് അടിത്തറ നൽകി. ശേഷം നായകൻ സച്ചിൻ ബേബി ക്രീസിലുറച്ചത് കേരളത്തിന് വലിയ പ്രതീക്ഷ നൽകി. ഏഴാമനായി ക്രീസിലെത്തിയ സൽമാൻ നിസാറും സച്ചിൻ ബേബിയും ചേർന്ന് കേരളത്തെ മികച്ച സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. സച്ചിൻ ബേബി 83 റൺസ് നേടിയപ്പോൾ സൽമാൻ നിസാർ 93 റൺസാണ് മത്സരത്തിൽ സ്വന്തമാക്കിയത്. ഒപ്പം ഒമ്പതാമനായി എത്തിയ മുഹമ്മദ് അസറുദ്ദീൻ 40 റൺസ് കൂടി സ്വന്തമാക്കിയതോടെ കേരളം ആദ്യ ഇന്നിങ്സിൽ 395 റൺസിൽ ഫിനിഷ് ചെയ്തു. ഇതോടെ ഒന്നാം ഇന്നിങ്സിൽ 233 റൺസിന്റെ ലീഡാണ് കേരളത്തിന് ലഭിച്ചത്.

രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഉത്തർപ്രദേശ് പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഉത്തർപ്രദേശിന്റെ വേരറുത്ത സക്സേന രണ്ടാം ഇന്നിംഗ്സിലും മികവ് പുലർത്തി. രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റുകളാണ് സകസേന സ്വന്തമാക്കിയത്. ഉത്തർപ്രദേശ് നിരയിൽ 36 റൺസ് നേടിയ ഓപ്പണർ മാധവ് കൗശിക്ക് മാത്രമാണ് കുറച്ച് സമയം ക്രീസിൽ തുടർന്നത്. ഈ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ ഒരു ഇന്നിംഗ്സിനും 117 റൺസിനും വിജയം സ്വന്തമാക്കാൻ കേരള ടീമിന് സാധിച്ചു.

Previous articleരോഹിതിന്റെ പകരക്കാരൻ, ഇന്ത്യൻ ടീമിന്റെ സ്ഥിര ഓപ്പണറായി സഞ്ജു സാംസൺ.
Next article“അടുത്ത 7 മത്സരങ്ങളിലും നീയാണ് ഓപ്പണർ, റൺസ് നേടിയില്ലെങ്കിലും പ്രശ്നമില്ല”, സൂര്യ അന്ന് സഞ്ജുവിനോട് പറഞ്ഞത്.