രഞ്ജി ട്രോഫിയിലെ ബീഹാറിനെതിരായ മത്സരത്തിൽ വീണ്ടും കേരളം ബാക്ഫുട്ടിലേക്ക്. മത്സരത്തിന്റെ ആദ്യ ദിവസം ബാറ്റിംഗിൽ തകർന്നടിഞ്ഞ കേരളം രണ്ടാം ദിവസം ബോളിങ്ങിലും പരാജയമായി മാറുന്നതാണ് കാണാൻ സാധിച്ചത്. തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 227 റൺസായിരുന്നു കേരളം സ്വന്തമാക്കിയത്.
ശ്രേയസ് ഗോപാലിന്റെ കിടിലൻ സെഞ്ച്വറിയാണ് ഇത്തരം ഭേദപ്പെട്ട ഒരു സ്കോർ കേരളത്തിന് സമ്മാനിച്ചത്. മറുപടി ബാറ്റിംഗിൽ രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോൾ 270ന് 5 എന്ന നിലയിലാണ് ബീഹാർ. ഇതുവരെ ആദ്യ ഇന്നിങ്സിൽ 43 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ ബീഹാറിന് സാധിച്ചിട്ടുണ്ട്. സെഞ്ച്വറി സ്വന്തമാക്കിയ ഗനിയാണ് കേരളത്തിനെ ഈ നിലയിലെത്തിച്ചത്.
മത്സരത്തിൽ ടോസ് നേടിയ ബീഹാർ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിൽ വളരെ മോശം തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഒരു സമയത്ത് കേരളം ആദ്യ ഇന്നിംഗ്സിൽ 100 റൺസ് കടക്കില്ല എന്ന് പോലും തോന്നിയിരുന്നു. എന്നാൽ കേരളത്തിന്റെ രക്ഷകനായി ആദ്യ ഇന്നിംഗ്സിൽ ശ്രേയസ് ഗോപാൽ അവതരിച്ചു.
വളരെ മികവാർന്ന ബാറ്റിംഗ് പ്രകടനമാണ് ശ്രേയസ് മത്സരത്തിൽ കാഴ്ചവച്ചത്. തന്റെ വിദഗ്ധമായ ബാറ്റിംഗ് ശൈലി കൊണ്ട് കേരളത്തെ രക്ഷിക്കാൻ ശ്രേയസിന് സാധിച്ചു. മത്സരത്തിൽ 229 പന്തുകൾ നേരിട്ട ശ്രേയസ് 21 ബൗണ്ടറികളും ഒരു സിക്സറുമടക്കം 137 റൺസ് നേടുകയുണ്ടായി. ശ്രേയസിന്റെ ബലത്തിൽ ആദ്യ ഇന്നിങ്സിൽ 227 എന്ന സ്കോറിലെത്താൻ കേരളത്തിന് സാധിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബീഹാറിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഓപ്പണർ നിഗ്രോദിന്റെയും ബാബുൽ കുമാറിന്റെയും വിക്കറ്റ് അഖിൻ ആദ്യം തന്നെ വീഴ്ത്തി. എന്നാൽ മൂന്നാം വിക്കറ്റിൽ പിയൂഷ് കുമാറും ഗനിയും ക്രീസിലുറച്ചത് കേരളത്തിന് തിരിച്ചടിയാവുകയായിരുന്നു.
ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 109 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. പിയൂഷ് കുമാർ മത്സരത്തിൽ 51 റൺസ് നേടി. പിയൂഷ് പുറത്തായ ശേഷവും ഗനി ആക്രമണം അഴിച്ചു വിടുകയായിരുന്നു. ശേഷം ആറാമനായി എത്തിയ വിപിൻ സൗരവ് ഗനിക്ക് വീണ്ടും പിന്തുണ നൽകിയതോടെ ബീഹാറിന്റെ സ്കോർ ഉയർന്നു. അഞ്ചാം വിക്കറ്റിൽ 110 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു.
മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറിയാണ് ഗനി സ്വന്തമാക്കിയത്. വിപിൻ 85 പന്തുകളിൽ 60 റൺസ് നേടി. രണ്ടാമത്തെ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 199 പന്തുകളിൽ 13 ബൗണ്ടറികളും രണ്ട് സിക്സറുകളുമായി ഗനി ക്രീസിൽ തുടരുകയാണ്. നിലവിൽ 270ന് 5 എന്ന നിലയിലാണ് ബീഹാർ നിൽക്കുന്നത്.
ഇതുവരെ ഒന്നാം ഇന്നിംഗ്സിൽ 43 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ ബീഹാറിന് സാധിച്ചിട്ടുണ്ട്. മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ബീഹാറിനെ ഓൾ ഔട്ട് ആക്കിയാൽ മാത്രമേ കേരളത്തിന് മത്സരത്തിലേക്ക് തിരികെയെത്താൻ സാധിക്കൂ.