ഇതെന്താ ഇഞ്ചുറി പ്രീമിയർ ലീഗോ?? ബാംഗ്ലൂറിന്റെ സൂപ്പർ താരവും പരിക്ക് മൂലം പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിക്കുകൾ ഒരു തുടർക്കഥയാകുന്നു. മുൻപ് ജസ്പ്രീത് ബൂമ്രാ, ശ്രേയസ് അയ്യർ, കെയ്ൻ വില്യംസൺ തുടങ്ങിയവർ പരിക്ക് മൂലം 2023ലെ ഐപിഎല്ലിൽ നിന്ന് മാറി നിന്നിരുന്നു. ഇപ്പോൾ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമംഗമായ രജത് പട്ടിദാറും പരുക്ക് മൂലം ഐപിഎൽ 2023ൽ നിന്നും മാറി നിൽക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ പട്ടിദാർ ടൂർണമെന്റിന്റെ രണ്ടാം പകുതിയിൽ കളിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പട്ടിദാർ ഈ സീസണിൽ നിന്ന് പൂർണമായി ഒഴിവായിരിക്കുന്നു എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ബാംഗ്ലൂരിന്റെ ക്യാമ്പിൽ ചേരുന്നതിന് തൊട്ടു മുൻപായിരുന്നു പട്ടിദാറിന് പരിക്കേറ്റത്.

“നിർഭാഗ്യവശാൽ രജത് പട്ടിദാർ പരിക്ക്മൂലം 2023ലെ ഐപിഎല്ലിൽ നിന്ന് പുറത്തായിട്ടുണ്ട്. അദ്ദേഹം പെട്ടെന്ന് തന്നെ പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഇതിനിടെ പട്ടിദാറിന് വേണ്ട പിന്തുണ നൽകാനും ഞങ്ങൾ തയ്യാറാണ്. നിലവിൽ പട്ടിദാറിന് പകരക്കാരനായി കോച്ചും മാനേജ്മെന്റും ആരെയും തീരുമാനിച്ചിട്ടില്ല”- ബാംഗ്ലൂർ പുറത്തുവിട്ട സ്റ്റേറ്റ്മെന്റിൽ പറയുന്നു.

Rajat patidar vs lsg century

29കാരനായ പട്ടിദാർ വളരെ മികച്ച ബാറ്റിംഗ് തന്നെയായിരുന്നു 2022ലെ ഐപിഎൽ സീസണിൽ കാഴ്ചവെച്ചത്. ബാംഗ്ലൂരിനായി സീസണിൽ ഏറ്റവുമധികം റൺസ് നേടിയ മൂന്നാമത്തെ കളിക്കാരനായിരുന്നു പട്ടിദാർ. കേവലം എട്ടു മത്സരങ്ങളിൽ നിന്നും 333 റൺസാണ് 2022ൽ പട്ടിദാർ നേടിയത്. 55.5 ആയിരുന്നു ശരാശരി. മാത്രമല്ല സീസണിലെ ആദ്യ ക്വാളിഫയറിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയും പട്ടിദാർ നേടുകയുണ്ടായി.

ഈ യുവതാരത്തിന്റെ അഭാവം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിന് വലിയ തിരിച്ചടി തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നിരുന്നാലും ആദ്യ മത്സരത്തിൽ മുംബൈയോട് തകർപ്പൻ വിജയം നേടിയ ബാംഗ്ലൂരിനെ സംബന്ധിച്ച് എത്രയും വേഗം പട്ടിദാറിന് ഒരു പകരക്കാരനെ കണ്ടെത്തുക എന്നതാണ് പ്രധാനം.

Previous articleഈ ലോകകപ്പ് കൂടെ കൈവിട്ടാൽ ഇനി നിങ്ങളെ ടീമിൽ കാണില്ല; ഇന്ത്യൻ മുതിർന്ന താരങ്ങൾക്ക് മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ
Next articleപഞ്ചാബിനെ പഞ്ഞിക്കിടാൻ സഞ്ജുവും കൂട്ടരും ഇറങ്ങുന്നു. വിറപ്പിക്കുന്ന ഫോമുമായി രാജസ്ഥാൻ