പൂജാരയും രഹാനെയും പുറത്ത്. കോഹ്ലിക് പകരക്കാരൻ മറ്റൊരു യുവതാരം.

virat kohli

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വ്യക്തിപരമായ കാരണങ്ങൾ മൂലം വിരാട് കോഹ്ലി മാറിനിൽക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ വിരാട് കോഹ്ലിക്ക് പകരക്കാരനെ ടെസ്റ്റ് സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ.

യുവതാരം രജത് പട്ടിദാറിനെയാണ് ഇന്ത്യ വിരാട് കോഹ്ലിയ്ക്ക് പകരം തങ്ങളുടെ ടീമിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പട്ടിദാറിനെ ഇന്ത്യ ടീമിലേക്ക് തിരഞ്ഞെടുത്തതോടെ അജിങ്ക്യ രഹാനെ, ചേതെശ്വർ പൂജാര എന്നിവർ ടീമിന് പുറത്തു തന്നെ തുടരുകയാണ്. ഒപ്പം സർഫറാസ് ഖാനും ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന കാര്യമാണ് ഇതോടെ ബോധ്യമായിരിക്കുന്നത്.

സമീപ സമയത്ത് വളരെ മികച്ച പ്രകടനങ്ങളാണ് പട്ടിദാർ ആഭ്യന്തര ക്രിക്കറ്റിലടക്കം കാഴ്ച വെച്ചിട്ടുള്ളത്. ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് ലയൺസിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഒരു തകർപ്പൻ സെഞ്ച്വറി പട്ടിദാർ സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ 151 റൺസാണ് ഈ 30കാരൻ നേടിയത്.

ലയൺസിനെതിരായ പരിശീലന മത്സരത്തിൽ 111 റൺസ് സ്വന്തമാക്കാനും പട്ടിദാറിന് സാധിച്ചിരുന്നു. കഴിഞ്ഞവർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യ എ ടീമിന്റെ മത്സരത്തിലും പട്ടിദാർ ഭാഗമായിരുന്നു. മുൻപ് ഇംഗ്ലണ്ട് ലയൻസ് ടീമിനെതിരായ അവസാന 2 മത്സരങ്ങൾക്കായി ഇന്ത്യ എ ടീമിലേക്ക് റിങ്കൂ സിംഗിനെ തിരഞ്ഞെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പട്ടിദാറിന് ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ചിരിക്കുന്നത്.

Read Also -  ഉഗാണ്ടയെ അടിച്ചൊതുക്കി വിൻഡിസ്. 134 റൺസിന്റെ കൂറ്റൻ വിജയം.

ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങളാണ് പട്ടിദാർ കാഴ്ചവച്ചിട്ടുള്ളത്. 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 45.97 ശരാശരിയിൽ 4000 റൺസ് സ്വന്തമാക്കാൻ പട്ടിദാറിന് സാധിച്ചിട്ടുണ്ട്. 12 സെഞ്ച്വറികളാണ് പട്ടിദാർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നേടിയത്. മുൻപ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ പട്ടിദാർ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചിരുന്നു.

പരമ്പരയിലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിന മത്സരത്തിലാണ് പട്ടിദാർ അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ സായി സുദർശനൊപ്പം ഓപ്പണറായാണ് പട്ടിദാർ ക്രീസിലെത്തിയത്. മത്സരത്തിൽ 16 പന്തുകളിൽ 22 റൺസ് സ്വന്തമാക്കാൻ ഈ യുവതാരത്തിന് സാധിച്ചിരുന്നു.

2022ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മികച്ച പ്രകടനങ്ങൾ ബാംഗ്ലൂർ ടീമിനായി പുറത്തെടുത്തതോടെയാണ് പട്ടിദാർ ലൈം ലൈറ്റിലേക്ക് എത്തിയത്. സീസണിൽ 7 മത്സരങ്ങളിൽ നിന്ന് 55.50 റൺസ് ശരാശരിയിൽ 333 റൺസ് സ്വന്തമാക്കാൻ പട്ടിദാറിന് സാധിച്ചിരുന്നു.

മാത്രമല്ല സീസണിൽ ലക്നൗവിനെതിരായ എലിമിനേറ്റർ മത്സരത്തിൽ 54 പന്തുകളിൽ 112 റൺസ് നേടി പട്ടിദാർ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ ഇടം ലഭിച്ചാലും മധ്യനിര ബാറ്ററായാവും പട്ടിദാർ കളിക്കുക.

Scroll to Top