രാജസ്ഥാന്റെ ബോളിംഗ് നിര മോശം. സഞ്ജുവിനെ വിശ്വസിക്കാനും പറ്റില്ല. ശ്രീകാന്തിന്റെ വിമർശനം.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപായി രാജസ്ഥാൻ ബോളിംഗ് നിരയെയും സഞ്ജു സാംസനെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കെ ശ്രീകാന്ത്. ഇത്തവണത്തെ രാജസ്ഥാന്റെ ബോളിംഗ് നിര അത്ര മികച്ചതല്ല എന്ന് ശ്രീകാന്ത് ചൂണ്ടിക്കാണിക്കുകയുണ്ടായി.

മാത്രമല്ല നായകൻ സഞ്ജു സാംസന്റെ സ്ഥിരതയിൽ തനിക്ക് വലിയ സംശയമുണ്ട് എന്നും ശ്രീകാന്ത് പറയുന്നു. ഒരു കാരണവശാലും ബാറ്റിംഗിൽ വിശ്വസിക്കാൻ സാധിക്കാത്ത താരമാണ് സഞ്ജു സാംസൺ എന്നാണ് ശ്രീകാന്ത് അഭിപ്രായപ്പെടുന്നത്. മുൻപും സഞ്ജുവിനെതിരെ വിമർശനവുമായി ശ്രീകാന്ത് രംഗത്ത് എത്തിയിരുന്നു. ബംഗ്ലാദേശിനെതിരായ ട്വന്റി20 മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയിട്ടും സഞ്ജുവിനെ ശ്രീകാന്ത് വിമർശിക്കുകയുണ്ടായി.

രാജസ്ഥാൻ റോയൽസും നായകൻ സഞ്ജു സാംസനും ഒരു കാരണവശാലും സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കാറില്ല എന്ന് കെ ശ്രീകാന്ത് പറയുകയുണ്ടായി. ഈ സീസണിൽ പുതിയ കോച്ചായി ദ്രാവിഡ് വന്നിട്ടുണ്ടെങ്കിലും അത് ടീമിനെ യാതൊരു തരത്തിലും ഗുണം ചെയ്യില്ല എന്നാണ് ശ്രീകാന്തിന്റെ പക്ഷം.

“രാജസ്ഥാന്റെ അടുത്ത സീസണിലേക്കുള്ള ടീമത്ര മികച്ചതാണ് എന്ന അഭിപ്രായം എനിക്കില്ല. കൊള്ളാം എന്ന് മാത്രമാണ് ഈ ടീമിനെ പറ്റി പറയാൻ സാധിക്കുക. രാജസ്ഥാന് ഒരു ചരിത്രമുണ്ട്. ആദ്യ സമയത്ത് അവർ നന്നായി കളിക്കുകയും പിന്നീട് ടൂർണമെന്റിന്റെ ഒരു ഘട്ടം എത്തുമ്പോൾ താഴേക്ക് പതിക്കുകയും ചെയ്യും. അതാണ് രാജസ്ഥാന്റെ രീതി.”- ശ്രീകാന്ത് പറയുകയുണ്ടായി.

ഇതേപോലെ തന്നെയാണ് സഞ്ജുവിന്റെ പ്രകടനത്തെയും ശ്രീകാന്ത് വിമർശിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സഞ്ജുവിന് പിന്നീട് മികവ് പുലർത്താൻ സാധിക്കുന്നില്ല എന്നാണ് ശ്രീകാന്ത് കൂട്ടിച്ചേർക്കുന്നത്.

“അടുത്ത സീസണിലെ രാജസ്ഥാന്റെ പ്രകടനങ്ങൾ നായകൻ സഞ്ജു സാംസണിന്റെയും ഓപ്പണിങ് ജോഡിയായ ജയസ്വാളിന്റെയും കയ്യിലാണ്. ഓപ്പണിങ് കൂട്ടുകെട്ട് നന്നായി മുന്നോട്ടു പോയാൽ അവർക്ക് മികച്ച നിലയിൽ എത്താൻ സാധിക്കും. മൂന്നാം നമ്പറിൽ റിയാന്‍ പരാഗാണ് രാജസ്ഥാന് ഉത്തമം. ഈ ടോപ് ത്രീയായിരിക്കും രാജസ്ഥാന്റെ ഏറ്റവും നിർണായക ഘടകം.”- ശ്രീകാന്ത് പറയുന്നു.

“എന്തിനാണ് രാജസ്ഥാൻ ഹസരംഗയെ പോലെ ഒരു താരത്തെ വാങ്ങിയത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ഇതുവരെ ഐപിഎല്ലിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതിരുന്ന സ്പിന്നറാണ് ഹസരംഗ. ബാംഗ്ലൂരിനായി കളിക്കുന്ന സമയത്ത് നന്നായി തല്ലുവാങ്ങിയ ബോളറാണ് അദ്ദേഹം. ആർച്ചറുടെ ഫോമിന്റെ കാര്യത്തിലും അത്ര ഉറപ്പില്ല. അദ്ദേഹത്തിന്റെ ഫിറ്റ്നസിന്റെ കാര്യത്തിൽ എനിക്ക് നല്ല സംശയമുണ്ട്. പരിക്കിന് ശേഷം തിരികെ വന്നതിൽ പിന്നെ അദ്ദേഹത്തിന് പഴയതുപോലെ പന്തറിയാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലും നമ്മൾ ഇത് കണ്ടതാണ്. വേഗതയും കുറഞ്ഞിട്ടുണ്ട്. ഇതൊക്കെയും റോയൽസിന് തിരിച്ചടിയാകും.”- ശ്രീകാന്ത് കൂട്ടിച്ചേർക്കുന്നു.

Previous articleവെടിക്കെട്ടുമായി 13കാരൻ സൂര്യവംശി. 46 പന്തിൽ 76 റൺസ്. ഇന്ത്യ U19 ഏഷ്യകപ്പ്‌ സെമിയിൽ.