കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ സീസണിലെ പുതുമുഖക്കാരായ ഗുജറാത്ത് ടൈറ്റൻസിനോടാണ് ഐ.പി.എൽ പ്രഥമ സീസണിലെ ചാമ്പ്യന്മാർ പരാജയപ്പെട്ടത്. കഴിഞ്ഞ സീസണിൽ കയ്യെത്തും ദൂരത്ത് നിന്നും നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനുള്ള അവസരമാണ് രാജസ്ഥാൻ റോയൽസിന് ഇത്തവണയുള്ളത്.
ഇന്ത്യൻ ടീമിൽ സഞ്ജുവിനെ വലിയ റോൾ ഒന്നുമില്ലെങ്കിലും രാജസ്ഥാൻ റോയൽസിന്റെ ഹീറോ ആണ് ഈ മലയാളി സൂപ്പർ താരം. താരത്തിന്റെ കീഴിൽ ഇത്തവണ കിരീടം ഉയർത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇത്തവണ കിരീടത്തിലേക്ക് എത്തുവാൻ ലേലത്തിൽ മികച്ച നീക്കങ്ങളാണ് രാജസ്ഥാൻ നടത്തിയത്. രാജസ്ഥാന് മധ്യനിരയിൽ ഒരു മികച്ച ഓൾ റൗണ്ടറുടെ കുറവ് ഉണ്ടായിരുന്നു. ആ കുറവുകള്‍ ഇത്തവണത്തെ ലേലത്തിലൂടെ നികത്തുവാൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ എന്നിവരുടെ കൂടെ ഓസ്ട്രേലിയൻ സൂപ്പർ താരം ആദം സാംബയെയും രാജസ്ഥാൻ ഇത്തവണ കൂടെ കൂട്ടിയിട്ടുണ്ട്.
ഇംഗ്ലണ്ട് സൂപ്പർ സീനിയർ താരമായ ജോ റൂട്ടിനെയും ഇത്തവണ തങ്ങളുടെ കൂടെ രാജസ്ഥാൻ കൂട്ടിയിട്ടുണ്ട്. വെസ്റ്റിൻഡീസ് സൂപ്പർ ഓൾറൗണ്ടറായ ജേസൺ ഹോൾഡറും ഇത്തവണ സഞ്ജുവിന്റെ ടീമിൽ ഉണ്ട്.
കഴിഞ്ഞതവണത്തെ പോലെ തന്നെ ഇത്തവണയും ഓപ്പണിങ് യുവതാരം യശ്വസി ജയ്സ്വാളും ജോസ് ബട്ലറും തന്നെയായിരിക്കും തുടങ്ങുക. മൂന്നാം സ്ഥാനത്ത് നായകൻ സഞ്ജു സാംസൺ ആയിരിക്കും ഇറങ്ങുക. കഴിഞ്ഞ സീസണിൽ കൂടുതലും നാലാം സ്ഥാനത്തായിരുന്നു താരം ഇറങ്ങിയിരുന്നത്. ദേവതത്ത് പടിക്കൽ നാലാം സ്ഥാനത്ത് ഇറങ്ങുമ്പോൾ വെസ്റ്റിൻഡീസ് സൂപ്പർ താരം ഷിമ്രോൻ ഹേമയർ ആയിരിക്കും ഇറങ്ങുക. ആറാം നമ്പറിൽ യുവതാരം റിയാൻ പരാഗ് തന്നെയായിരിക്കും ഇറങ്ങുക.
ഇത്തവണ ടീമിലെത്തിയ ഹോൾഡർ ആയിരിക്കും ഏഴാം സ്ഥാനത്ത് വരുന്നത്. ഇത്തവണ സ്പിന്നറായി ടീമിലെത്തിയ ആദം സാംബക്ക് ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കുവാൻ സാധ്യത കുറവാണ്. എട്ടാം സ്ഥാനത്ത് ഇന്ത്യൻ സൂപ്പർ താരം അശ്വിൻ വരുമ്പോള്‍ ന്യൂസിലാൻഡ് പേസർ ട്രെൻ്റ് ബോൾട്ട് ആയിരിക്കും രാജസ്ഥാന്റെ ബൗളിംഗ് കുന്തമുന. ഇന്ത്യൻ യുവ താരം പ്രസിദ് കൃഷ്ണ ആയിരിക്കും പത്താം നമ്പറിൽ ഇറങ്ങുക. ഇങ്ങനെ ആണെങ്കിൽ പതിനൊന്നാം നമ്പറിൽ ചഹൽ ആയിരിക്കും ഇറങ്ങുക എന്ന കാര്യം ഉറപ്പാണ്. തകർപ്പൻ ഇലവൻ ആണ് ഇത്തവണ രാജസ്ഥാന്റെ കൂടെ ഉള്ളത്. അതുകൊണ്ടു തന്നെ സഞ്ജുവിന്റെ കീഴിൽ ഇത്തവണ രാജസ്ഥാൻ കിരീടം ഉയർത്തും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ.