രാജസ്ഥാൻ സംഗക്കാരയെ ഒഴിവാക്കുന്നു, സഞ്ജുവിന് വരുന്നത് മുട്ടൻ പണി.

ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് മലയാളി താരം സഞ്ജു സാംസൺ നായകനായുള്ള രാജസ്ഥാൻ റോയൽസ്. കുമാർ സംഗക്കാര പരിശീലകനായുള്ള രാജസ്ഥാൻ റോയൽസ് ടീമിൽ വലിയ മാറ്റങ്ങളുണ്ടാവാൻ പോകുന്നു എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ടീമിന്റെ പരിശീലകനായ സംഗക്കാരയെ മാറ്റി പുതിയ പരിശീലകനെ നിയമിക്കാൻ രാജസ്ഥാൻ തയ്യാറാവുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും പുതിയ പരിശീലകൻ എത്തിയാലും സംഗക്കാര ടീമിനൊപ്പം തുടരുമെന്നാണ് റിപ്പോർട്ട്. രാജസ്ഥാന്റെ ക്രിക്കറ്റ് ഡയറക്ടറായാവും സംഗക്കാര ടീമിനൊപ്പം തുടരുക.

സംഗക്കാരയ്ക്ക് പകരക്കാരനായി സിംബാബ്വേയുടെ ഇതിഹാസ താരം ആന്റി ഫ്ലവറിനെയാണ് രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആന്റി ഫ്ലവറുമായി രാജസ്ഥാൻ റോയൽസ് ടീം ചർച്ചകൾ നടത്തി എന്നാണ് ക്രിക്ബസ് പുറത്തു വിടുന്ന വാർത്ത. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും പേരുകേട്ട പരിശീലകരിൽ ഒരാളാണ് ആന്റി ഫ്ലവർ. 2009 സമയത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ആഷസ് പരമ്പര സ്വന്തമാക്കുമ്പോൾ ടീമിന്റെ ഡയറക്ടറായി ഫ്ലവർ പ്രവർത്തിച്ചിരുന്നു. 2010ൽ ഇംഗ്ലണ്ട് ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കുമ്പോഴും ആന്റി ഫ്ലവർ അവർക്കൊപ്പമുണ്ടായിരുന്നു. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച റെക്കോർഡുകളാണ് ഫ്ലവറിനുള്ളത്. കഴിഞ്ഞ രണ്ട് സീസണുകളിലും ലക്നൗ ടീമിന്റെ പരിശീലകനായിരുന്ന ഫ്ലവർ രണ്ടുതവണയും ടീമിനെ പ്ലേയോഫിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ സംഗക്കാര മുഖ്യ പരിശീലക സ്ഥാനത്തുനിന്നും മാറുന്നതോടെ സഞ്ജു സാംസന് ടീമിൽ തിരിച്ചടികളുണ്ടാകും എന്ന രീതിയിലും വാർത്തകൾ പുറത്തുവരുന്നുണ്ട്. ആന്റി ഫ്ലവർ പുതിയ കോച്ചായി എത്തുന്നതോടെ പുതിയ ക്യാപ്റ്റനെയും രാജസ്ഥാൻ നിശ്ചയിക്കുമെന്ന് റിപ്പോർട്ടുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഫ്ലവറിന്റെ കൂടി താൽപര്യങ്ങൾ പരിഗണിച്ച് ഒരു നായകനെ തീരുമാനിക്കാനാണ് ഫ്രാഞ്ചൈസി തയ്യാറാവുന്നത്. നിലവിൽ സംഗക്കാരയാണ് ടീമിന്റെ കാര്യങ്ങൾ കൂടുതലായി തീരുമാനിച്ചിരുന്നത്. എന്നാൽ ഫ്ലവർ എത്തുന്നതോടെ വരാനിരിക്കുന്ന കാര്യങ്ങൾ പ്രവചനാതീതമാണ്. അങ്ങനെയൊരു മാറ്റമുണ്ടായാൽ സഞ്ജു സാംസന് തന്റെ നായകസ്ഥാനം നഷ്ടമാകാൻ സാധ്യതകൾ ഏറെയാണ്.

അങ്ങനെ സഞ്ജുവിനെ നായകസ്ഥാനത്ത് നിന്നും മാറ്റുകയാണെങ്കിൽ പകരക്കാരനായി രാജസ്ഥാൻ പരിഗണിക്കുന്നത് ഇംഗ്ലണ്ടിന്റെ സൂപ്പർ താരം ജോസ് ബട്‌ലറിനെയാവും. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാൾ കൂടിയാണ് ജോസ് ബട്ലർ. 2018ലെ ഐപിഎൽ സീസൺ മുതൽ ബട്ലർ രാജസ്ഥാൻ ടീമിനൊപ്പമുണ്ട്. മാത്രമല്ല പല സീസണുകളിലും രാജസ്ഥാൻ നിരയിലെ ടോപ് സ്കോററായി തന്നെയാണ് ബട്ലർ ഫിനിഷ് ചെയ്തിട്ടുള്ളത്. എന്തായാലും ഇത്തരത്തിൽ വലിയ മാറ്റങ്ങൾക്കാണ് രാജസ്ഥാൻ റോയൽസ് ഒരുങ്ങുന്നത്.