ഇന്ത്യയുടെ സൂപ്പർ താരം ശുഭ്മാൻ ഗില്ലിന് കഴുത്തിന് പരിക്കേറ്റതിന് പിന്നാലെയായിരുന്നു ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ യുവതാരം സർഫറാസ് ഖാനെ ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. മത്സരത്തിൽ അങ്ങേയറ്റം മികച്ച പ്രകടനമാണ് സർഫറാസ് ബാറ്റിംഗിൽ കാഴ്ചവച്ചത്.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 150 റൺസ് സ്വന്തമാക്കാൻ സർഫറാസിന് സാധിച്ചു. എന്നിരുന്നാലും രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ സർഫറാസിനെ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിൽക്കുന്നു. ഇതിനോടകം തന്നെ ഗിൽ പരിക്കിൽ നിന്ന് തിരികെ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗില്ലിനെ നേരിട്ട് ഇന്ത്യ ടീമിൽ കളിപ്പിക്കുകയും സർഫറാസിനെ ഒഴിവാക്കുകയും ചെയ്യുമോ എന്ന ചോദ്യം ഉയരുന്നു. ഇതിന് ഉത്തരം നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ.
ആദ്യ ടെസ്റ്റ് മത്സരത്തിന്റെ 2 ഇന്നിങ്സുകളിലും ബാറ്റിംഗിൽ പരാജയപ്പെട്ടെങ്കിലും രാഹുൽ ഇന്ത്യൻ ടീമിൽ തുടരുമെന്നാണ് പട്ടേൽ പറയുന്നത്. മാത്രമല്ല സർഫറാസിനെ ഇന്ത്യ ഒഴിവാക്കാനും സാധ്യതയുണ്ട് എന്ന് പട്ടേൽ കൂട്ടിച്ചേർക്കുന്നു. “കെഎൽ രാഹുലിനെ ഇന്ത്യ ഇനിയും ബെഞ്ചിൽ ഇരുത്തുമെന്ന് ഞാൻ കരുതുന്നില്ല. കാരണം രാഹുലിന് ഇന്ത്യൻ ടീം വലിയ മൂല്യം നൽകുന്നുണ്ട്. അതുകൊണ്ടാണ് ആദ്യ ടെസ്റ്റ് മത്സരത്തിൽ അവന്റെ ബാറ്റിംഗ് പൊസിഷനിൽ വ്യത്യാസം വരുത്താതിരുന്നത്. മത്സരത്തിൽ വിരാട് കോഹ്ലി ബാറ്റ് ചെയ്ത മൂന്നാം നമ്പർ പൊസിഷനിൽ രാഹുലിന് കളിക്കാൻ സാധിക്കുമായിരുന്നു. പക്ഷേ അത് ഉണ്ടായില്ല.”- പാർഥിവ് പട്ടേൽ പറയുന്നു.
“മറുവശത്ത് സർഫറാസിനെ ഇന്ത്യ തങ്ങളുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത് ശുഭ്മാൻ ഗില്ലിന്റെ പകരക്കാരനായാണ്. ഗിൽ ഒരു മൂന്നാം നമ്പർ ബാറ്ററാണ്. അതുകൊണ്ടുതന്നെ ഗിൽ തിരികെ എത്തുന്നതോടെ സർഫറാസിന് പുറത്തിരിക്കേണ്ടി വരും എന്നാണ് ഞാൻ കരുതുന്നത്.”- പാർഥിവ് പറയുന്നു.
എന്നാൽ പാർഥിവിന്റെ ഈ അഭിപ്രായത്തോട് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര യോജിച്ചില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ അന്തരീക്ഷം സഫറാസിനെ അനുകൂലിക്കുന്നതാണ് എന്ന് ആകാശ് ചോപ്ര പറയുകയുണ്ടായി. മാത്രമല്ല രാഹുൽ ആദ്യ മത്സരത്തിൽ ആത്മവിശ്വാസത്തോടെയല്ല കളിച്ചത് എന്നും ചോപ്ര കൂട്ടിച്ചേർത്തു.
സർഫറാസ് ഖാനെ അടുത്ത മത്സരത്തിൽ ഒഴിവാക്കിയാൽ മുൻപ് കരുൺ നായർക്ക് ഉണ്ടായ സ്ഥിതി അവനുമുണ്ടാകും എന്നാണ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ത്രിപിൾ സെഞ്ചുറി നേടിയതിന് പിന്നാലെയായിരുന്നു കരുൺ നായരെ ഇന്ത്യ തങ്ങളുടെ പ്ലെയിങ് ഇലവനിൽ നിന്നും മാറ്റി നിർത്തിയത്.
ശേഷം കരുണിന് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് നടത്താൻ സാധിച്ചില്ല. ഇതാണ് ഇപ്പോൾ ചോപ്ര ചൂണ്ടിക്കാട്ടിരിക്കുന്നത്. എന്നാൽ രണ്ടാം ടെസ്റ്റ് മത്സരത്തിലെ ടീമിനെ സംബന്ധിച്ച് മറ്റു വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.