“ഓസ്ട്രേലിയൻ സാഹചര്യത്തിൽ റൺസ് നേടാൻ ഒരു തന്ത്രമേ ഉള്ളൂ”. രാഹുൽ വെളിപ്പെടുത്തുന്നു.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം മികച്ച ബാറ്റിംഗ് പ്രകടനമാണ് രാഹുൽ കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യയുടെ മറ്റു മുൻനിര ബാറ്റർമാർ തകർന്നു വീണപ്പോൾ രാഹുൽ ഒറ്റയാൾ പോരാട്ടം നയിക്കുകയുണ്ടായി. 139 പന്തുകൾ നേരിട്ട രാഹുൽ 84 റൺസാണ് മത്സരത്തിൽ നേടിയത്. ഇന്ത്യയെ വലിയ പരാജയത്തിൽ നിന്നാണ് രാഹുലിന്റെ ഈ ഇന്നിംഗ്സ് രക്ഷിച്ചത്.

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാമത്തെ ടെസ്റ്റ്‌ മത്സരത്തിലും ഇത്തരത്തിൽ മികവ് പുലർത്താൻ രാഹുലിന് സാധിച്ചിരുന്നു. ഓസ്ട്രേലിയൻ മണ്ണിലെ തന്റെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളുടെ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഇപ്പോൾ.

എങ്ങനെയാണ് ഓസ്ട്രേലിയൻ മണ്ണിൽ ഇത്ര മികച്ച ഇന്നിംഗ്സുകൾ കളിക്കാൻ സാധിക്കുന്നത് എന്ന ചോദ്യത്തിന് രാഹുൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “എല്ലാ താരങ്ങൾക്കും കൃത്യമായി അവരവരുടേതായ തന്ത്രങ്ങളും പ്ലാനുകളുണ്ട്. മാത്രമല്ല ഒരു മുൻനിര ബാറ്ററാവുമ്പോൾ കുറച്ചു ഭാഗ്യവും ആവശ്യമാണ്. ആദ്യ 10- 15 ഓവറുകളിൽ നന്നായി പ്രതിരോധിക്കാൻ സാധിച്ചാൽ പിന്നീട് കാര്യങ്ങൾ നമുക്ക് അനുകൂലമായി മാറും. ആദ്യ ഓവറുകളിൽ ക്രീസിലുറയ്ക്കാൻ സാധിച്ചാൽ അത് ബാറ്റർക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. അതിന് ശേഷം കാര്യങ്ങൾ ലളിതമാവും. നമുക്ക് മത്സരത്തിൽ കൂടുതലായി ആസ്വാദനമുണ്ടാകും. ഓസ്ട്രേലിയൻ സാഹചര്യത്തിൽ കുക്കാബുറ ബോളിൽ ലഭിക്കുന്ന പേസും ബൗൺസും നമുക്ക് ആസ്വദിക്കാൻ കഴിയും.”- രാഹുൽ പറഞ്ഞു.

393190

“എന്നെ സംബന്ധിച്ച് ആദ്യ 20-30 ബോളുകളിൽ ഏതുതരത്തിൽ കളിക്കുന്നു എന്നതിനാണ് ഏറ്റവും പ്രസക്തി. ആ സമയത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് ശ്രദ്ധിക്കേണ്ടത്. കാരണം ഇതൊരു ദൈർഘ്യമേറിയ പരമ്പരയാണ്. ഇതിനോടകം 3 മത്സരങ്ങളിൽ നിന്ന് 5 ഇന്നിംഗ്സുകളാണ് ഞങ്ങൾ ഇവിടെ കളിച്ചത്. അതുകൊണ്ടു തന്നെ എല്ലാ താരങ്ങളും തിരികെ നോക്കുകയും തങ്ങളുടെ തന്ത്രങ്ങൾ കൃത്യമായി ആവിഷ്കരിക്കുകയും ചെയ്യും.”- രാഹുൽ കൂട്ടിച്ചേർക്കുന്നു.

“നമ്മുടെ പ്രതിരോധത്തിൽ നമ്മൾ പൂർണ്ണമായും വിശ്വസിക്കുക എന്നതാണ് ആദ്യ 30 ഓവറുകളിൽ ചെയ്യേണ്ടത്. ആ സമയത്ത് ബോളർമാരെ കൃത്യമായി ബഹുമാനിക്കാൻ നമ്മൾ തയ്യാറാവണം. നന്നായി പന്ത് ലീവ് ചെയ്യണം. നമ്മെ ബാധിക്കുന്ന പന്തുകളിൽ മാത്രമേ കളിക്കാൻ ശ്രമിക്കാവൂ. ശേഷം പന്ത് പഴയതാകുമ്പോൾ റൺസ് കണ്ടെത്താൻ ശ്രമിക്കുക. അതായിരുന്നു എന്റെ തന്ത്രം. അത് വളരെ ലളിതമായ ഒന്നാണ്. എല്ലാവരുടെയും തന്ത്രം അതുതന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. പന്ത് ലീവ് ചെയ്യുക എന്നത് ഇവിടെ വളരെ പ്രധാനമാണ്. ഇരു ടീമുകളിലെയും ഓപ്പണർമാർ അതാണ് ചെയ്യേണ്ടത്.”- രാഹുൽ പറഞ്ഞുവെക്കുന്നു.

Previous article“ഡ്രെസ്സിങ് റൂമിൽ നിന്ന് ബുമ്രയ്ക്കും ആകാശിനും ഒരു സന്ദേശം നൽകി. അത് ഗുണം ചെയ്തു”- കെഎൽ രാഹുൽ..