ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് തുടർ തോല്‍വികളെ നേരിടുകയാണെങ്കിലും കരിയറിലെ അപൂർവ്വ നേട്ടം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുല്‍. ടി20 ക്രിക്കറ്റില്‍ അതിവേഗം 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് ഇന്നലെ താരം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സ്വന്തം പേരിലാക്കിയത് . മത്സരത്തിൽ രാഹുലിന് നാല് റൺസ് മാത്രമാണ് നേടുവാൻ കഴിഞ്ഞത് .ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 19.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സണ്‍റൈസേഴ്സ് ലക്ഷ്യത്തിലെത്തി ജയം സ്വന്തമാക്കി .
ടി:20 കരിയറിൽ 143 ഇന്നിഗ്‌സുകളിൽ നിന്നാണ് ലോകേഷ് രാഹുൽ 5000 റൺസ് അടിച്ചെടുത്തത് . നേരത്തെ 167 ഇന്നിംഗ്സുകളില്‍ നിന്ന് 5000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെയാണ് താരം ഇന്നലെ മറികടന്നത് .ലോകക്രിക്കറ്റിൽ തന്നെ ടി20 ഫോർമാറ്റിൽ അതിവേഗം 5000 റൺസ് പിന്നിടുന്ന രണ്ടാമത്തെ താരമാണ് രാഹുൽ കൂടാതെ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ താരവും . വെറും 132 ടി:20 ഇന്നിംഗ്സുകളില്‍ നിന്ന് ഈ അപൂർവ്വ നേട്ടത്തിലെത്തിയ വിൻഡീസ് ഇതിഹാസം ക്രിസ് ഗെയിലാണ് പട്ടികയിൽ ഒന്നാമൻ .
അതേസമയം ഈ സീസൺ ഐപിൽ മത്സരങ്ങളിലും പഞ്ചാബിന്‍റെ തുടർ തോൽവിക്ക് കാരണം രാഹുലിന്‍റെ മെല്ലെപ്പോക്ക് ബാറ്റിംഗ് എന്ന വിമർശനം ശക്തമാണ് .കഴിഞ്ഞ സീസണിലും താരത്തിന്റെ ബാറ്റിംഗ് ശൈലി ഏറെ വിമർശിക്കപ്പെട്ടിരുന്നു . 2020 സീസൺ ഐപിഎല്ലിൽ ഏഴ് ഇന്നിംഗ്സില്‍ രാഹുലിന്റെ സ്കോർ 40 കടന്നെങ്കിലും അഞ്ചിലും സ്‌ട്രൈക്ക് റേറ്റ് 130ൽ താഴെ മാത്രം. ഇതിൽ നാല് കളിയിൽ പഞ്ചാബ് തോൽവി വഴങ്ങി .കഴിഞ്ഞ രണ്ട് സീസണുകളില്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധസെഞ്ചുറി നേടിയ മൂന്ന് ഇന്നിംഗ്സും രാഹുലിന്‍റെ ബാറ്റിൽ നിന്നാണ് പിറന്നത് എന്നതും ഏറെ ശ്രദ്ധേയമാണ് .