ക്രിക്കറ്റ് ലോകത്ത് വളരെ സജീവമായി ഇന്നും ഉയർന്ന് കേൾക്കുന്നത് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ പേര് തന്നെയാണ്. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമി ചെയർമാനായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം കോച്ചായി എത്തുമോയെന്നുള്ള ചർച്ചകൾക്ക് വീണ്ടും സസ്പെൻസുകൾ സമ്മാനിച്ച് മുൻ ഇന്ത്യൻ നായകന്റെ പുത്തൻ നീക്കം. ഇക്കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തിൽ ധവാൻ നയിച്ച ഇന്ത്യൻ ടീമിനെ ഏകദിന, ടി :20 പരമ്പരകളിൽ പരിശീലിപ്പിച്ചത് ദ്രാവിഡായിരുന്നു. താരം വൈകാതെ ഇന്ത്യൻ ടീം ഹെഡ് കോച്ച് സ്ഥാനത്തേക്ക് എത്തുമെന്നുള്ള ചർച്ച ഇതോടെ സജീവമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് താല്പര്യമില്ല എന്ന് തെളിയിക്കുകയാണ് ദ്രാവിഡ് ഇപ്പോൾ
ദിവസങ്ങൾ മുൻപാണ് ബിസിസിഐ നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ പുതിയ ചെയർമാനായി അപേക്ഷകൾ ക്ഷണിച്ചത്. ദ്രാവിഡിനും വീണ്ടും ഈ ഒരു സ്ഥാനത്തേക്ക് അപേക്ഷ നൽകാനുള്ള അവസരം ബിസിസിഐ നൽകിയിരുന്നു. ഇപ്പോൾ വീണ്ടും നാഷണൽ ക്രിക്കറ്റ് അക്കാഡമി ചെയർമാനാകുവാനുള്ള അപേക്ഷയുമായി വാർത്തകളിൽ ഇടം നേടുകയാണ് രാഹുൽ ദ്രാവിഡ്. വരുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ടീം ഇന്ത്യയുടെ കോച്ച് സ്ഥാനത്ത് നിന്നും നിലവിലെ പരിശീലകനായ രവി ശാസ്ത്രി സ്ഥാനം ഒഴിയുമെന്നാണ് സൂചനകൾ. ഈ സാഹചര്യത്തിൽ ഏറെ സാധ്യതകൾ ആ സ്ഥാനത്തേക്ക് കൽപ്പിക്കപ്പെട്ടിരുന്ന രാഹുൽ ദ്രാവിഡും നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ തുടരുവാനായി ആഗ്രഹിക്കുന്നത് ആരാധകരുടെ എല്ലാ പ്രതീക്ഷകൾക്കും നിരാശയാണിപ്പോൾ സമ്മാനിക്കുന്നത്.
അതേസമയം ഇക്കാര്യത്തിൽ ഒരിക്കൽ പോലും പ്രതികരണങ്ങൾ നടത്താൻ ദ്രാവിഡ് തയ്യാറായിട്ടില്ല. നാഷണൽ ക്രിക്കറ്റ് അക്കാഡമി ചെയർമാനായി ബാംഗ്ലൂരിൽ തന്നെ തുടരുവാനാണ് രാഹുൽ ദ്രാവിഡ് ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ വരാനിരിക്കുന്ന ടി :20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം ഹെഡ് കോച്ച് സ്ഥാനത്തിൽ നിന്നും രവി ശാസ്ത്രി സ്ഥാനം ഒഴിയുവാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട് എന്നും മുൻപ് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.