2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനുള്ള ഇന്ത്യൻ ടീമിലേക്ക് അജിങ്ക്യ രഹാനെ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ സമയങ്ങളിലെ രഹാനയുടെ രഞ്ജി ട്രോഫിയിലും മറ്റ് ആഭ്യന്തര മത്സരങ്ങളിലുമുള്ള മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് രഹാനയെ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്. പ്രമുഖ മാധ്യമമായ പിടിഐ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യൻ നിരയിൽ നാലാം നമ്പറിലേക്ക് ആയിരിക്കും രഹാനെ തിരിച്ചെത്തുന്നത്. മാത്രമല്ല വിദേശ പിച്ചുകളിൽ മികച്ച റെക്കോർഡുകളും രഹാനെയ്ക്കുണ്ട്.
2018ലായിരുന്നു ഇന്ത്യക്കായി രഹാനെ അവസാനമായി ഏകദിന മത്സരം കളിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലാണ് രഹാനെ അന്ന് അണിനിരന്നത്. അതിനുശേഷം ഇന്ത്യക്കായി ഏകദിന മത്സരങ്ങളിൽ അണിനിരക്കാൻ രഹാനെയ്ക്ക് സാധിച്ചിട്ടില്ല. എന്നിരുന്നാലും പലപ്പോഴും ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡിൽ രഹാനെ ഇടം പിടിച്ചിരുന്നു. 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് അവസാനമായി രഹാനെ ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റിലും മികവാർന്ന പ്രകടനം രഹാനെ കാഴ്ചവയ്ക്കുകയുണ്ടായി. ആഭ്യന്തര ക്രിക്കറ്റിൽ 2023 സീസണിൽ 600 റൺസിന് മുകളിൽ നേടാൻ രഹാനയ്ക്ക് സാധിച്ചിരുന്നു.
ഇന്ത്യയുടെ നാലാം നമ്പർ ബാറ്ററായ ശ്രേയസ് അയ്യർക്ക് പരിക്കു മൂലം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിക്കാൻ സാധിക്കില്ല. ഈ സ്ഥാനത്തേക്ക് രഹാനെയെത്തും എന്നാണ് പിടിഎയുടെ റിപ്പോർട്ടുകൾ പറയുന്നത്. ഒപ്പം സൂര്യകുമാർ യാദവിന്റെ സമീപകാലത്തെ മോശം പ്രകടനങ്ങളും രഹാനയുടെ ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു സൂര്യകുമാർ യാദവ് കാഴ്ചവച്ചത്. നിലവിൽ 2023 ഐപിഎല്ലിലും സൂര്യ ഈ മോശം പ്രകടനം തുടരുകയാണ്.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വിക്കറ്റ് കീപ്പറായി കെ എസ് ഭരതിനെ പരീക്ഷിച്ചേങ്കിലും വലിയ രീതിയിൽ ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നില്ല. മാത്രമല്ല വിദേശ പിച്ചുകളിൽ ഭരതിന്റെ ബാറ്റിംഗ് ടെക്നിക്ക് എത്രമാത്രം വിജയകരമാവും എന്ന ആശങ്കയും ഇന്ത്യൻ ടീമിനുണ്ട്. നിലവിൽ അങ്ങനെയുള്ള സാഹചര്യത്തിൽ കേ എൽ രാഹുൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഫൈനലിൽ കളിക്കാനാണ് സാധ്യത. രഹാനെ ഈ സാഹചര്യത്തിൽ ഇന്ത്യക്കായി മധ്യനിരയിൽ ബാറ്റ് ചെയ്യുകയും ചെയ്യും. ഇതുവരെ ഇന്ത്യക്കായി 82 ടെസ്റ്റ് മൽസരങ്ങൾ കളിച്ചിട്ടുള്ള രഹാനെ 4931 റൺസ് നേടിയിട്ടുണ്ട്.