2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ അജിങ്ക്യ രഹാനെ ഇതുവരെ കാഴ്ച വച്ചിട്ടുള്ളത്. ഐപിഎല്ലിൽ ഇതാദ്യമായാണ് രഹാനെ ഇത്ര ആക്രമണപരമായ രീതിയിൽ ബാറ്റ് ചെയ്യുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ കൊൽക്കത്താ നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലും രഹാനെ ഒരു തകർപ്പൻ ഇന്നിങ്സ് കളിക്കുകയുണ്ടായി. 29 പന്തുകളിൽ 71 റൺസാണ് മത്സരത്തിൽ രഹാനെ നേടിയത്. 244 ആണ് രഹാനയുടെ സ്ട്രൈക്ക് റേറ്റ്. മത്സരശേഷം തന്റെ മികച്ച പ്രകടനങ്ങളിലെ സാന്നിധ്യങ്ങളെ പറ്റി രഹാനെ സംസാരിക്കുകയുണ്ടായി.
ആക്രമണ മനോഭാവം എന്ന വ്യക്തമായ കാഴ്ചപ്പാടിലൂടെയാണ് താൻ നീങ്ങുന്നത് എന്ന് രഹാനെ പറഞ്ഞു. “എന്റെ മനോഭാവം വളരെ വ്യക്തമാണ്. മറ്റൊന്നും മനസ്സിലില്ല. നമുക്കെല്ലാവർക്കും നമ്മുടെ മനോഭാവം കൃത്യമായി അറിയാമെങ്കിൽ, നമുക്ക് എന്തും ചെയ്യാൻ സാധിക്കുംm അതിനാൽ തന്നെ മനസ്സ് വ്യക്തമാക്കി വയ്ക്കുക എന്നതാണ് ചെയ്യേണ്ടത്. സീസണിന് മുമ്പ് വളരെ മികച്ച തയ്യാറെടുപ്പുകൾ ഞാൻ നടത്തിയിരുന്നു. ഈഡൻ ഗാർഡൻസിൽ ബോൾ നന്നായി ഹോൾഡ് ചെയ്യുന്നുണ്ടായിരുന്നു. എന്നിരുന്നാലും ഔട്ട്‌ഫീൽഡ് വേഗതയേറിയതും ഗ്രൗണ്ടിന്റെ ഒരു സൈഡ് വളരെ ചെറുതുമായിരുന്നു. ഋതുരാജ് മത്സരത്തിൽ വളരെ നല്ല രീതിയിൽ തന്നെ കളിച്ചു. എനിക്കും പോസിറ്റീവായി നിൽക്കാനായിരുന്നു ആഗ്രഹം.”- രഹാനെ പറഞ്ഞു.
“ഈ സീസണിൽ ഞാൻ കളിച്ച എല്ലാ ഇന്നിംഗ്സുകളും ഞാൻ നന്നായി ആസ്വദിച്ചിട്ടുണ്ട്. മാത്രമല്ല എന്റെ ഏറ്റവും മികച്ച ഇന്നിങ്സ് ഇതുവരെയും ഉണ്ടായിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. ധോണിയുടെ കീഴിൽ ഇന്ത്യൻ ടീമിനായി കളിക്കുന്നത് വലിയൊരു പഠനം തന്നെയായിരുന്നു. ഇപ്പോൾ ആദ്യമായി ചെന്നൈ സൂപ്പർ കിങ്സിനായി ധോണിക്ക് കീഴിൽ കളിക്കാൻ സാധിച്ചു. എന്തൊക്കെയാണോ ധോണി പറയുന്നത്, അത് നമ്മൾ കേൾക്കുക മാത്രമാണ് ഇവിടെ ചെയ്യേണ്ടത്”- രഹാനെ കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് കാഴ്ചവച്ചത്. മത്സരത്തിൽ ചെന്നൈ നിരയിലെ മുൻനിര ബാറ്റർമാരൊക്കെയും അടിച്ചു തകർത്തു. ചെന്നൈ നിശ്ചിത 20 ഓവറുകളിൽ 235 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ പല സമയത്തും കൊൽക്കത്തക്ക് കാലിടറുകയുണ്ടായി. ജേസൺ റോയ് മാത്രമായിരുന്നു മത്സരത്തിൽ കൊൽക്കത്തയ്ക്കായി അൽപസമയം പിടിച്ചുനിന്നത്. മത്സരത്തിൽ 49 റൺസിന്റെ പരാജയമാണ് കൊൽക്കത്ത നേരിട്ടത്.