ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിൽ കേവലം 1.5 കോടി രൂപയ്ക്കായിരുന്നു ഇന്ത്യൻ താരം അജിങ്ക്യ രഹാനെയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ലേലത്തിന്റെ ആദ്യ റൗണ്ടിൽ ആർക്കും തന്നെ വേണ്ടാത്ത താരമായിരുന്നു രഹാനെ. പ്രധാനമായും രഹാനെ ഒരു ടെസ്റ്റ് മോഡൽ താരമാണ് എന്ന് തോന്നലാണ് ഫ്രാഞ്ചൈസികളെ പിന്നോട്ടടിച്ചത്. എന്നാൽ തന്റെ മത്സരത്തിൽ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ച രഹാനെയുടെ ഒരു വെടിക്കെട്ടാണ് ഇന്ത്യയുടെ ആഭ്യന്തര ടൂർണമെന്റ് ആയ സൈദ് മുഷ്തഖ് അലി ട്രോഫിയിൽ ഇപ്പോൾ കാണുന്നത്.
ഇത്തവണത്തെ ഐപിഎല്ലിൽ കൊൽക്കത്തയുടെ ജേഴ്സിയണിയാൻ തയ്യാറായിരിക്കുന്ന രഹാനെ ഇതുവരെ മുസ്തഖ് അലി ട്രോഫിയിൽ മുംബൈ ടീമിനായി തട്ടുപൊളിപ്പൻ പ്രകടനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. നിലവിൽ ടൂർണമെന്റ്ലെ നാലാമത്തെ ഏറ്റവും ഉയർന്ന റൺ സ്കോററായി രഹാനെ മാറുകയുണ്ടായി. ഈ സീസണിൽ 6 ഇന്നിങ്‌സുകൾ കളിച്ച രഹാനെ നേടിയത് 334 റൺസാണ്. മാത്രമല്ല രഹാനെ ഈ സ്കോർ കണ്ടെത്തിയിരിക്കുന്നത് അവിശ്വസനീയമായ ശരാശരിയിലാണ്. 55.6 എന്ന ആവറേജിലാണ് ടൂർണമെന്റിൽ ഈ വെറ്ററൻ ബാറ്റർ വെടിക്കെട്ട് തീർത്തത്.
മാത്രമല്ല രഹാനെയുടെ ഇത്തവണത്തെ സ്ട്രൈക്ക് റേറ്റും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. 167.83 എന്ന സ്ട്രൈക്ക് റേറ്റാണ് സൈദ് മുഷ്തഖ് അലി ട്രോഫിയിൽ രഹാനെ പുലർത്തിയത്. ഈ സീസണിൽ ആന്ധ്രക്കെതിരെയാണ് രഹാനെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. മത്സരത്തിൽ 54 പന്തുകളിൽ 95 റൺസായിരുന്നു രഹാനെ സ്വന്തമാക്കിയത്. ഇതാണ് രഹാനെയുടെ ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ. ബൗണ്ടറി റെക്കോർഡുകളുടെ കാര്യത്തിലും ഒരു അത്യുഗ്രൻ പ്രകടനമാണ് രഹാനെ ഈ ആഭ്യന്തര സീസണിൽ കാഴ്ച വെച്ചിട്ടുള്ളത്.
സൈദ് മുഷ്തഖ് അലി ട്രോഫിയിൽ ഇതുവരെ 31 ബൗണ്ടറികളും 14 സിക്സറുകളുമാണ് രഹാനെ നേടിയിട്ടുള്ളത്. ഇതൊക്കെയും കാണിക്കുന്നത് രഹാനെയുടെ പുതിയ മനോഭാവം തന്നെയാണ്. മുൻപ് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ അണിനിരന്ന സമയത്തും രഹാനെ തന്റെ മത്സരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി എല്ലാവരെയും ഞെട്ടിച്ചിരുന്നു. 2025 ഇന്ത്യൻ പ്രീമിയർ ലീഗിലും ഇതുപോലെ കൊൽക്കത്ത ടീമിനായി വെടിക്കെട്ട് തീർക്കാൻ തനിക്ക് സാധിക്കും എന്ന് വിളിച്ചു പറഞ്ഞിരിക്കുകയാണ് രഹാനെ. മാത്രമല്ല ഇത്തവണത്തെ കൊൽക്കത്തയുടെ നായകനായി രഹാനെ എത്താനുള്ള സാധ്യതയും ധാരാളമാണ്.