ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഇന്നലെ സാക്ഷിയായത് 2 മുൻ ഇന്ത്യൻ താരങ്ങളുടെ വിരമിക്കൽ പ്രഖ്യാപനത്തിനാണ് .വെടിക്കെട്ട് ഇന്നിംഗ്സുകളിലൂടെ ആരാധകരെ ഏറെ വിസ്മയിപ്പിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ ക്രിക്കറ്റില്‍ നിന്ന് ഇന്നലെ വിരമിക്കൽ പ്രഖ്യാപിച്ചു .മുൻ ഇന്ത്യൻ പേസർ വിനയ് കുമാറും ഇന്നലെ അവിചാരിതമായി വിരമിക്കൽ പ്രഖ്യാപനം നടത്തി .
57 ഏകദിന മത്സരങ്ങളിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ പത്താന്‍ 810 റണ്‍സും 22 ടി20 മത്സരങ്ങളില്‍ നിന്നായി 236 റണ്‍സും നേടിയിട്ടുണ്ട്. ഏകദിനത്തിൽ തന്റെ ഓഫ്‌സ്പിൻ ബൗളിങാൽ 46 വിക്കറ്റും താരത്തിന്റെ സമ്പാദ്യത്തിൽ ഉണ്ട് . 2010ല്‍ ബംഗലൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 123 റണ്‍സാണ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 2007ല്‍ പ്രഥമ ടി20 ലോകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലും പത്താന്‍ അംഗമായിരുന്നു.
ഐപിഎല്ലിലും താരം മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട് .ഷെയ്ന്‍ വോണിന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സിനെ ആദ്യ ഐപിഎല്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പത്താനായി ടീമിലേക്ക് വാതിൽ തുറന്നത് .ഐപിഎല്ലില്‍ 3204 റണ്‍സും 42 വിക്കറ്റുകളുമാണ് പത്താന്‍റെ നേട്ടം.കരിയറിലുടനീളം തന്നെ ഏറെ പിന്തുണച്ച കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും രാജ്യത്തിനും പത്താന്‍ വിരമിക്കൽ പ്രഖ്യാപനത്തോടൊപ്പം നന്ദി പറഞ്ഞു .
“ആദ്യമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് . അന്ന് ഞാന്‍ ധരിച്ചത് വെറും ഒരു ജഴ്‌സി മാത്രമായിരുന്നില്ല മറിച്ച് എന്റെ കുടുംബത്തിന്റെയും കോച്ചുമാരുടെയും സുഹൃത്തുക്കളുടെയും രാജ്യത്തിന്റെയും ഒപ്പം സ്വന്തം പ്രതീക്ഷകളും എല്ലാമാണ് . . കുട്ടിക്കാലം മുതല്‍ എന്റെ ജീവിതം ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നു. കരിയറില്‍ അന്താരാഷ്ട്ര തരത്തിലും ആഭ്യന്തര തലത്തിലും ഐപിഎല്ലിലും കളിക്കാന്‍ എനിക്ക് കഴിഞ്ഞു .
എല്ലാത്തിനും ഏറെ നന്ദി “പത്താൻ തന്റെ അനുഭവങ്ങൾ ഓർത്തെടുത്തു .
മുൻ ഇന്ത്യൻ താരവും കരിയറിൽ സച്ചിൻ , ധോണി ,കോഹ്ലി എന്നിവർക്കൊപ്പം എല്ലാം ഇന്ത്യൻ ജേഴ്സിയണിഞ്ഞ വിനയ് കുമാർ വിരമിക്കൽ പ്രഖ്യാപനത്തിൽ വികാരധീനനായി . “ഇന്ന് “ദാവൻഗെരെ എക്സ്പ്രസ്” 25 വർഷമായി ഓടുകയും ക്രിക്കറ്റ് ജീവിതത്തിന്റെ നിരവധി സ്റ്റേഷനുകൾ കടക്കുകയും ചെയ്ത ശേഷം ഒടുവിൽ ഇതാ “റിട്ടയർമെന്റ്” എന്ന സ്റ്റേഷനിൽ എത്തി കഴിഞ്ഞു . ധാരാളം മത്സരങ്ങൾ കളിച്ചു . വിനയ് കുമാർ ആർ എന്ന ഞാൻ അന്താരാഷ്ട്ര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിക്കുന്നു. ഇത് എടുക്കുക എളുപ്പമുള്ള തീരുമാനമല്ല, എന്നിരുന്നാലും എപ്പോഴും ഏതൊരു കായികതാരത്തിന്റെ ജീവിതത്തിലും ഒരു ദിവസം വരും അന്ന് വിരമിക്കൽ പ്രഖ്യാപിക്കേണ്ട ഒരു സമയമുണ്ട്, ” തന്റെ ട്വിറ്റർ പോസ്റ്റിൽ ഇപ്രകാരം കുറിച്ചിട്ടു .
2004ൽ കർണാടക ടീമിൽ ഫസ്റ്റ് ക്ലാസിൽ അരങ്ങേറ്റം നടത്തിയ വിനയ് കുമാർ 139 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 181 ട്വന്റി :20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.ഇന്ത്യക്ക് വേണ്ടി ഒരു ടെസ്റ്റും 31 ഏകദിന മത്സരങ്ങളും 9 ട്വന്റി :20 മത്സരങ്ങളും വിനയ് കുമാർ കളിച്ചു.ഐ പി എല്ലിൽ കൊച്ചി ടസ്കേഴ്സ് കേരള , റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ് ടീമുകളിലായി 105 മത്സരങ്ങൾ കളിച്ചു .