ചിന്നസ്വാമിയിൽ കേരളത്തിനെതിരെ സെഞ്ച്വറി അടിച്ച് ദേവ്ദത്ത് പടിക്കല്‍ : ടൂർണമെന്റിൽ സച്ചിൻ ബേബിക്കും സംഘത്തിന് ആദ്യ തോൽവി

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ  തോൽവി .
ടൂർണമെന്റിൽ  ആദ്യ 3 മത്സരവും ജയിച്ച് ഗ്രൂപ്പിൽ  അപരാജിതരായ സച്ചിൻ ബേബിയേയും സംഘത്തിനെയും കർണാടകയാണ്  തോൽപ്പിച്ചത് .
കേരളം ഉയർത്തിയ 279 റൺസ് വിജയലക്ഷ്യം കർണാടക ടീം നാല്പത്തിയാറാം ഓവറിൽ മറികടന്നു .
കര്‍ണാടകക്ക്  വേണ്ടി മലയാളി താരം ദേവ്ദത്ത് പടിക്കല്‍  സെഞ്ച്വറി നേടിയ മത്സരത്തിൽ കെ വി സിദ്ധാര്‍ത്ഥ്  (86*)
ഓപ്പണർ ആര്‍ സമര്‍ത്ഥിന്റെ (62) വിക്കറ്റ് മാത്രമാണ് അവർക്ക് നഷ്ടമായത് .

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന  മത്സരത്തില്‍ ടോസ് നേടിയ കർണാടക കേരളത്തെ ബാറ്റിങ്ങിന് അയച്ചു .എന്നാൽ ആശാവഹമായ തുടക്കമല്ല കേരളത്തിന് ലഭിച്ചത് .സ്‌കോര്‍ ബോര്‍ഡില്‍  കേവലം  നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ മികച്ച ഫോമിലുള്ള റോബിന്‍ ഉത്തപ്പ (0), സഞ്ജു സാംസണ്‍ (3) എന്നിവരെ കേരളത്തിന് നഷ്ടമായി. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറിയത്  വിഷ്ണു വിനോദ് (29)- വത്സല്‍ സഖ്യത്തിന്റെ  കൂട്ടുകെട്ടിലൂടെയാണ്. ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിഷ്ണു വിനോദ്  ശ്രേയാസ് ഗോപാലിന്റെ  മനോഹരമായ പന്തില്‍ ബൗള്‍ഡായി.

എന്നാൽ പിന്നീട് നായകൻ സച്ചിന്‍ ബേബിക്കൊപ്പം ചേര്‍ന്ന വത്സല്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 114 റണ്‍സാണ് ഇരുവരും നാലാം വിക്കറ്റിൽ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ സച്ചിൻ ബേബിയെ  പുറത്താക്കി മിഥുന്‍ കര്‍ണാടകയ്ക്ക് പ്രധാന  ബ്രേക്ക് ത്രൂ സമ്മാനിച്ചു . പിന്നാലെയെത്തിയ അസറുദ്ദീനുമൊത്ത് 50 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് വത്സല്‍ മടങ്ങിയത്. മുന്‍നിര തകര്‍ന്നപ്പോള്‍ പിടിച്ചുനിന്ന വത്സല്‍ 124 പന്തില്‍ ഏഴ് ഫോറിന്റേയും 1 സിക്‌സിന്റേയും അകമ്പടിയോടെയാണ്   95 റണ്‍സെടുത്തത് .ശേഷം വന്ന ജലജ്  സക്‌സേന (5), എം ഡി നിതീഷ് (0), എസ് മിഥുന്‍ (13) എന്നിവര്‍ പെട്ടന്ന് മടങ്ങി. എന്നാല്‍ അസറുദീന്റെ അതിവേഗ ഇന്നിങ്‌സ് കേരളത്തിന് തുണയായി. 38 പന്തുകള്‍ നേരിട്ട താരം 59 റണ്‍സ് നേടി.
കര്‍ണാടക ബൗളിംഗ് നിരയിൽ  അഭിമന്യു മിഥുന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.പേസർ
പ്രസിദ്ധ് കൃഷ്ണ രണ്ടും ഗോപാല്‍ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച കർണാടക ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത് .
ഓപ്പണിംഗ് വിക്കറ്റില്‍ 99 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് സമര്‍ത്ഥ് മടങ്ങിയത്. 51 പന്തില്‍ 10 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് താരം 62 റണ്‍സ് അടിച്ചെടുത്തത്. എന്നാല്‍ ജലജ് സക്‌സേനയുടെ പന്തില്‍ സമര്‍ത്ഥ് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന് ക്യാച്ച് നല്‍കി മടങ്ങി. എന്നാൽ ഓപ്പണർ ദേവദത് പടിക്കൽ തന്റെ ക്ലാസ്സ്‌ ബാറ്റിങ്ങാൽ കേരള ബൗളേഴ്‌സിനെ വെള്ളംകുടിപ്പിച്ചു .138 പന്തുകൾ നേരിട്ട താരം 13 ഫോറും 2 സിക്സറും അടക്കം 126 റൺസ് അടിച്ചെടുത്തു .കഴിഞ്ഞ കളിയിലൊക്കെ മനോഹരമായി പന്തെറിഞ്ഞ കേരള ബൗളേഴ്‌സിന് ഇത്തവണ തിളങ്ങുവാനായില്ല .