ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ തന്റെ ഫേവറൈറ്റുകളെ തിരഞ്ഞെടുത്ത് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ലോകകപ്പിന്റെ പ്രിയപ്പെട്ട ടീമായി ഇന്ത്യയെയല്ല രവിചന്ദ്രൻ അശ്വിൻ തിരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് അത്ഭുതകരമായ കാര്യം. മുൻപ് 5 തവണ ലോക ചാമ്പ്യന്മാരായിട്ടുള്ള ഓസ്ട്രേലിയയെയാണ് അശ്വിൻ തന്റെ ലോകകപ്പിലെ ഫേവറേറ്റ് ടീമായി തിരഞ്ഞെടുത്തിട്ടുള്ളത്.
സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്. ഓസ്ട്രേലിയ ഈ ലോകകപ്പിലെ ഫേവറേറ്റുകളാണ് എന്ന് പല മുൻ താരങ്ങൾക്കും അറിയാവുന്ന കാര്യമാണെന്നും, എന്നാൽ എല്ലാവരും അവർക്ക് സമ്മർദ്ദം ഉണ്ടാവാതിരിക്കാൻ പറയാത്തതാണെന്നുമാണ് അശ്വിൻ ചൂണ്ടിക്കാണിക്കുന്നത്.
“ഇതുവരെയുള്ള കണക്ക് നോക്കിയാൽ ഭൂരിഭാഗം മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരുമൊക്കെ ഇന്ത്യയെയാണ് ടൂർണമെന്റിന്റെ ഫേവറേറ്റുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. അതൊരുതരം തന്ത്രമാണ്. തങ്ങൾക്കുംമേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന് ഈ തന്ത്രം ഉപയോഗിക്കും. ഇങ്ങനെ തിരഞ്ഞെടുക്കുന്നതിലൂടെ പൂർണ്ണമായും സമ്മർദ്ദം ഇന്ത്യൻ ടീമിലേക്ക് എത്തിപ്പെടുകയും ചെയ്യും. അതാണ് അവരുടെ ലക്ഷ്യം.”- അശ്വിൻ പറയുന്നു.
“എന്നെ സംബന്ധിച്ച് ഇത്തവണത്തെ ഏകദിന ലോകകപ്പിലെ ഫേവറേറ്റുകൾ ഓസ്ട്രേലിയ തന്നെയാണ്. അവർ തന്നെയാണ് കിരീട സാധ്യതയുള്ള ടീം. എന്നിരുന്നാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ പറയുന്നത് ഇന്ത്യ ലോകകപ്പ് നേടും എന്നാണ്. ഇത് ലോക ക്രിക്കറ്റിലെ മിക്ക കളിക്കാരും ഉപയോഗിക്കുന്ന ഒരു തന്ത്രം മാത്രമാണ്.
ഐസിസിയുടെ ഓരോ ടൂർണമെന്റുകൾ വരുമ്പോഴും അവർ ഇത്തരത്തിൽ സംസാരിച്ചുകൊണ്ടിരിക്കും. അത് അവരുടെ രാജ്യത്തിനു മേലുള്ള അമിതമായ സമ്മർദം കുറയ്ക്കുന്നതിന് വേണ്ടിയാണ്. മാത്രമല്ല നമ്മൾ ഫേവറേറ്റുകളാണ് എന്ന് പറയുമ്പോൾ നമ്മുടെ മുകളിലുള്ള സമ്മർദ്ദം വർദ്ധിക്കുകയും ചെയ്യും. ഇന്ത്യ ഇത്തവണ കിരീടം നേടാൻ സാധ്യതയുള്ള ടീം തന്നെയാണ്. പക്ഷേ ഓസ്ട്രേലിയ തന്നെയാണ് പവർഹൗസ്.”- അശ്വിൻ കൂട്ടിച്ചേർത്തു.
“1983ലെ ലോകകപ്പിന് ശേഷമാണ് പവർഹൗസ് എന്ന സ്ഥാനം വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിന് നഷ്ടമായത് എന്ന് ഞാൻ കരുതുന്നു. 1987 ലോകകപ്പിൽ ഇന്ത്യ കിരീട നേട്ടത്തിന് അടുത്ത് വരെ എത്തിയിരുന്നു. പക്ഷേ 1987ന് ശേഷം ഓസ്ട്രേലിയ ലോക ക്രിക്കറ്റിലെ വലിയൊരു രാജ്യമായി മാറി. ഇപ്പോഴും ഓസ്ട്രേലിയ ലോകക്രിക്കറ്റിലെ ഒരു പവർഹൗസ് ആയി തുടരുകയാണ്. അതിനാൽ തന്നെ ഇത്തവണത്തെ ലോകകപ്പിലും ഒരു പ്രധാന സ്ഥാനം ഓസ്ട്രേലിയയ്ക്കുണ്ട്.”- രവിചന്ദ്രൻ അശ്വിൻ പറഞ്ഞുവയ്ക്കുന്നു.