ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ സ്വന്തമാക്കുന്ന താരം എന്ന നേട്ടമാണ് അശ്വിൻ മത്സരത്തിൽ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിൽ ഓപ്പണർ ക്രോളിയെ പുറത്താക്കിയാണ് അശ്വിൻ ഇതിഹാസ ക്ലബ്ബിൽ ഇടം നേടിയത്.
ഈ നേട്ടം ഏറ്റവും വേഗതയിൽ കൈവരിക്കുന്ന രണ്ടാമത്തെ ബോളറാണ് രവിചന്ദ്രൻ അശ്വിൻ. ഇതുവരെ ടെസ്റ്റ് മത്സരങ്ങളിൽ 25715 പന്തുകൾ എറിഞ്ഞാണ് അശ്വിൻ 500 വിക്കറ്റുകൾ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 25528 പന്തുകളിൽ നിന്ന് ഈ നേട്ടം കൊയ്തിട്ടുള്ള ഓസ്ട്രേലിയൻ ഇതിഹാസം മഗ്രാത്താണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
മാത്രമല്ല ഏറ്റവും കുറഞ്ഞ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 500 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും അശ്വിന് സാധിച്ചിട്ടുണ്ട്. ഇതുവരെ ഇന്ത്യക്കായി 98 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് അശ്വിൻ 500 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ളത്.
87 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 500 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 105 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 500 വിക്കറ്റുകൾ പൂർത്തീകരിച്ച ഇന്ത്യൻ മുൻ താരം അനിൽ കുംബ്ലെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. 108 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 500 വിക്കറ്റുകൾ നേടിയ ഓസ്ട്രേലിയൻ ഇതിഹാസം ഷെയിൻ വോണാണ് നാലാം സ്ഥാനത്ത്. 110 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 500 വിക്കറ്റ് നേടിയ മഗ്രാത്ത് ആറാം സ്ഥാനത്തും നിൽക്കുന്നു.
മത്സരത്തിന്റെ നിർണായക സമയത്ത് ഇംഗ്ലണ്ട് താരം ക്രോളിയെയാണ് അശ്വിൻ പുറത്താക്കിയത്. മത്സരത്തിൽ ഇംഗ്ലണ്ട് കുതിക്കുന്ന സമയത്ത് ക്രോളിയെ അശ്വിൻ പട്ടിദാരിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
28 പന്തുകളിൽ 15 റൺസ് ആണ് ക്രോളി സ്വന്തമാക്കിയത്. എന്നിരുന്നാലും മത്സരത്തിൽ ഒരു തകർപ്പൻ തുടക്കം തന്നെയാണ് ഇംഗ്ലണ്ടിന് ലഭിച്ചിട്ടുള്ളത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തിരുന്നു. രോഹിത് ശർമയുടെയും രവീന്ദ്ര ജഡേജയുടെയും സെഞ്ചുറിയുടെ മികവിൽ ആദ്യ ഇന്നിങ്സിൽ ശക്തമായ ഒരു സ്കോർ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. 445 റൺസാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ നേടിയത്.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് തങ്ങളുടെ ബാസ്ബോൾ സമീപനം തന്നെയാണ് ആവർത്തിച്ചത്. ആദ്യ ബോൾ മുതൽ ഇന്ത്യൻ ബോളർമാരെ ആക്രമിച്ചു നേരിടാൻ ഇംഗ്ലണ്ടിന് സാധിച്ചു. ഇംഗ്ലണ്ടിനായി ഓപ്പണർ ഡക്കറ്റ് ഒരു തകർപ്പൻ സെഞ്ച്വറി തന്നെ സ്വന്തമാക്കിയിട്ടുണ്ട്. പെട്ടെന്ന് തന്നെ വിക്കറ്റുകൾ സ്വന്തമാക്കിയില്ലെങ്കിൽ മത്സരത്തിൽ ഇന്ത്യയുടെ കാര്യം കൂടുതൽ പരുങ്ങലിലാവും. മാത്രമല്ല പിച്ച് കൂടുതലായി ബാറ്റിംഗിനേ അനുകൂലിക്കുന്നതിനാൽ തന്നെ ഇന്ത്യൻ ബോളർമാർക്ക് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാവാനും സാധ്യതയുണ്ട്