ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസൺ ഇന്ത്യൻ കളിക്കാർക്കൊക്കെയും വളരെ നിർണായകമായി മാറുകയാണ്. 2023ൽ വലിയ ടൂർണമെന്റുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ മത്സരങ്ങളിലെ കളിക്കാരുടെ പ്രകടനങ്ങൾ വിലയിരുത്തപ്പെടും എന്ന് ഉറപ്പാണ്. അതിനാൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിൽ കയറിപ്പറ്റുക എന്ന ലക്ഷ്യത്തോടെയാണ് മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ള കളിക്കാർ ഐപിഎൽ 2023ന് ഇറങ്ങുന്നത്. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന ലോകകപ്പ് ടീമിൽ സഞ്ജുവിന്റെ സ്ഥാനത്തെ സംബന്ധിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. നിലവിൽ സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിലെ അംഗമാണ് അശ്വിൻ. സഞ്ജുവിന് ഇന്ത്യൻ ടീം വേണ്ടവിധത്തിൽ പിന്തുണ നൽകുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമാണ് അശ്വിൻ നൽകുന്നത്.
സഞ്ജുവിന്റെ ആരാധകരിൽ നിന്നും മറ്റും ടീം സെലക്ഷനെ പറ്റി ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട് എന്ന് രവിചന്ദ്രൻ അശ്വിൻ പറയുന്നു. “സഞ്ജുവിന്റെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഒരുപാട് കമന്റുകൾ നമുക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യ ഒരുപാട് താരങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും, അതേ രീതിയിൽ തന്നെ സഞ്ജുവിനെയും പിന്തുണയ്ക്കണമെന്നും മുൻ ഇന്ത്യൻ താരം വസീം ജാഫർ പോലും പറയുകയുണ്ടായി. മുൻ താരങ്ങൾ മാത്രമല്ല ആരാധകരും സഞ്ജുവിനെ തിരികെ ഇന്ത്യൻ ടീമിലേക്കെത്തിക്കണം എന്ന രീതിയിൽ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. പലരും ചോദിക്കുന്നത് എന്തുകൊണ്ട് ഇന്ത്യ സഞ്ജുവിന് മതിയായ പിന്തുണ നൽകുന്നില്ല എന്നാണ്.”- അശ്വിൻ പറയുന്നു.
“ഇക്കാര്യത്തിൽ അഭിപ്രായമെടുക്കേണ്ടത് ഞാനല്ല. ഇന്ത്യ ആരെ പിന്തുണയ്ക്കണം പിന്തുണയ്ക്കരുത് എന്നതിനെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് ശരിയല്ല. എന്റെ ആഗ്രഹം 2023ലെ ലോകകപ്പ് ഇന്ത്യ നേടണം എന്നതാണ്. ആ ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി പോസിറ്റീവായുള്ള എല്ലാ കാര്യങ്ങളും നമുക്ക് ചെയ്യാൻ സാധിക്കണം. അത്തരത്തിലാണ് ഞാൻ ചിന്തിക്കാൻ തയ്യാറാവുന്നതും.”- രവിചന്ദ്രൻ അശ്വിൻ കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിലെ നാലാം നമ്പർ സ്പോട്ടിനെ സംബന്ധിച്ച് വളരെയധികം ആശങ്കകൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ സമയങ്ങളിൽ മധ്യനിരയിൽ നിന്ന് ഒരുപാട് പ്രശ്നങ്ങൾ ഇന്ത്യക്കുണ്ടായിരുന്നു. പന്തിന് പരിക്കേറ്റതും, ശ്രേയസ് പരിക്കിന്റെ പിടിയിലായതും, സൂര്യകുമാർ യാദവിന്റെ മോശം ഫോമുമെല്ലാം ഇന്ത്യയുടെ നാലാം നമ്പർ സ്ലോട്ട് ഒഴിഞ്ഞു കിടക്കാൻ കാരണമായി. ഈ സ്ഥാനത്തേക്ക് ഏകദിന ലോകകപ്പിൽ സഞ്ജു സാംസൺ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.