ഇക്കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ഇതിഹാസ ബാറ്റ്സ്‌മാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു ചെന്നൈയില്‍ നടന്ന ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് അര്‍ജുനെ മുംബൈ ടീമിലെടുത്തത്. അര്‍ജുനെ സ്വന്തമാക്കിയതിന് പിന്നാലെ കഴിവുള്ള പലരെയും അവഗണിച്ച് മുംബൈ അർജുനെ സ്വന്തമാക്കി എന്ന തരത്തിലുള്ള പല വിമർശനങ്ങളും ഉയർന്നിരുന്നു .
എന്നാൽ ഇപ്പോൾ യുവതാരമായ അർജുൻ ടെണ്ടുൽക്കറിനെ ടീമിൽ എത്തിച്ചതിന്റെ കാരണം വെളിപ്പെടുത്തുകയാണ് മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകന്‍ മഹേള ജയവര്‍ധനെ .”കഴിവിന്‍റെ മാത്രം അടിസ്ഥാനത്തിലാണ് അര്‍ജുനെ ഞങ്ങൾ പരിഗണിച്ചത്. സച്ചിന്‍ കാരണം വലിയൊരു ടാഗ് എപ്പോഴും അയാളുടെ മുകളിലുണ്ട്. സച്ചിന്റെ മകൻ എന്നൊരു പരിഗണന ലേലത്തിൽ അയാൾക്ക് ലഭിച്ചിട്ടില്ല .ഭാഗ്യം എന്ന് പറയട്ടെ സച്ചിനെ പോലൊരു ബാറ്റ്സ്‌മാനല്ല അർജുൻ . ബൗളറാണ് അര്‍ജുന്‍. അതിനാല്‍ അവനെ പോലെ പന്തെറിയാന്‍ കഴിഞ്ഞാല്‍ സച്ചിന്‍ വളരെ ഏറെ അഭിമാനമാകും. എനിക്കതിൽ ഉറപ്പുണ്ട്
അര്‍ജന്‍ കാര്യങ്ങള്‍ പഠിച്ചുവരികയാണ്. അര്‍ജുന്‍ മുംബൈക്കായി കളിച്ച് തുടങ്ങിയിട്ടേയുള്ളൂ, ഇപ്പോള്‍ മുംബൈ ഇന്ത്യൻസ് ടീമിലും എത്തിയിരിക്കുന്നു . യുവതാരമായ അവന് കാര്യങ്ങള്‍ സ്വായത്തമാക്കാനാകും” ലങ്കൻ മുൻ ഇതിഹാസ താരം കൂടിയായ ജയവര്‍ധനെ അർജുനിൽ തന്റെ വിശ്വാസം പ്രകടിപ്പിച്ചു .
നേരത്തെ താരലേലത്തിന് ശേഷം സഹീർ ഖാനും അർജുൻ ടെണ്ടുൽക്കറിനെ കുറിച്ച് ഏറെ വാചാലനായിരുന്നു .
“നെറ്റ്‌സില്‍ അര്‍ജുനൊപ്പം ഏറെ സമയം ഞാൻ ചിലവഴിച്ചിട്ടുണ്ട്. കുറച്ച് പാഠങ്ങളൊക്കെ അവനെ പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കഠിനാധ്വാിയായ ഒരു യുവതാരമാണവൻ .എപ്പോഴും കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതില്‍ ശ്രദ്ധയുള്ളവന്‍. അത് ഏറെ ആവേശം നല്‍കുന്ന കാര്യമാണ്. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനെന്ന നിലയിലുള്ള അധിക സമ്മര്‍ദം അവന്റെ കൂടെ എപ്പോഴുമുണ്ടാകും. അതുമായി ഭാവിയിൽ കരിയറിൽ പൊരുത്തപ്പെട്ടേ മതിയാകൂ”സഹീർ തന്റെ അഭിപ്രായം വെളിപ്പെടുത്തി .
കഴിഞ്ഞ മാസം സയ്യദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് അര്‍ജുന്‍ മുംബൈയുടെ സീനിയര്‍ ടീമില്‍ തന്നെ അരങ്ങേറിയത്. എന്നാല്‍ താരത്തിന് മ്പി ടീമിൽ ശോഭിക്കുവാൻ സാധിച്ചിരുന്നില്ല. പിന്നീട് ദിവസങ്ങൾ മുൻപ് പൊലീസ് ഇന്‍വിറ്റേഷന്‍ ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എംഐജി ക്രിക്കറ്റിന് വേണ്ടിയും താരം കളിച്ചു. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് 21കാരന്‍ നടത്തിയത്. 31 പന്തില്‍ 71 റണ്‍സ് നേടിയ അര്‍ജുന്‍ 41 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇതോടെ താരലേലത്തിൽ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകൾ അർജുനിലേക്കായി .
അടുത്തിടെ ഇംഗ്ലണ്ടിലേക്ക് പരിശീലനത്തിന് പോയ അർജുൻ ടെണ്ടുൽക്കർ അവിടെ പാക് ഇതിഹാസ താരം വസിം അക്രവുമായി പരിശീലനം നടത്തിയിരുന്നു .അക്രം താരത്തിന് നിർദ്ദേശങ്ങളും ചില ടെക്‌നിക്കൽ കാര്യങ്ങളും പറഞ്ഞ് കൊടുത്തിരുന്നു .
അതിനാൽ തന്നെ അർജുൻ വരുന്ന സീസണുകളിൽ ടീമിന് ഒരു ശക്തി തന്നെയാണ് എന്നാണ് മുംബൈ ടീം മാനേജ്‌മന്റ് കരുതുന്നത് .