“അവനെ വിട്ടുകളഞ്ഞതിൽ പഞ്ചാബ് ഇപ്പോൾ ഖേദിക്കുന്നുണ്ടാവും”- മുഹമ്മദ്‌ കൈഫ്‌

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണിൽ പഞ്ചാബ് കിംഗ്സിന്റെ താരമായിരുന്നു ആശുടോഷ് ശർമ. സീസണിൽ പഞ്ചാബിനായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും താരത്തിനെ നിലനിർത്താൻ പഞ്ചാബ് ടീം ശ്രമിച്ചില്ല. 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ ആശുതോഷിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കുകയായിരുന്നു. 3.8 കോടി രൂപക്കാണ് ഡൽഹി താരത്തെ സ്വന്തമാക്കിയത്.

ഇതിനു ശേഷം ഡൽഹിക്കായുള്ള തന്റെ ആദ്യ മത്സരത്തിൽ തന്നെ ഒരു മാച്ച് വിന്നിംഗ് പ്രകടനമാണ് ആശുടോഷ് കാഴ്ചവെച്ചത്. ലക്നൗവിനെതിരായ നടന്ന മത്സരത്തിൽ 31 പന്തുകളിൽ 66 റൺസ് നേടി ഡൽഹിയെ വിജയത്തിലെത്തിക്കാൻ താരത്തിന് സാധിച്ചു.

26കാരനായ ആശുടോഷ് 5 സിക്സറുകളും 5 ബൗണ്ടറികളുമാണ് മത്സരത്തിൽ നേടിയത്. ഇതിന് ശേഷം താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് കൈഫ്. കഴിഞ്ഞ സീസണിന് ശേഷം ആശുതോഷിനെ നിലനിർത്താതിരുന്നത് പഞ്ചാബ് ചെയ്ത വലിയ അബദ്ധമാണ് എന്ന് കൈഫ് ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിനെ സംബന്ധിച്ച് 2024 ഐപിഎല്ലിലെ തങ്ങളുടെ ഏറ്റവും വലിയ പോസിറ്റീവുകളിൽ ഒന്നായിരുന്നു ആശുതോഷ് എന്നാണ് കൈഫിന്റെ അഭിപ്രായം. എന്നിട്ടും എന്തുകൊണ്ടാണ് അത്തരം ഒരു കാര്യം പഞ്ചാബ് ചെയ്യാതിരുന്നത് എന്ന് കൈഫ് ചോദിക്കുന്നു.

“അവനെ വിട്ടുകളയാനുള്ള പഞ്ചാബിന്റെ തീരുമാനം ഇപ്പോൾ അവർക്ക് വലിയ നിരാശ ഉണ്ടാക്കും. കാരണം കഴിഞ്ഞ സീസണിലും പഞ്ചാബിനായി മത്സരങ്ങളിൽ വിജയം സ്വന്തമാക്കാൻ അവന് സാധിച്ചിരുന്നു. അവന്റെ ഏറ്റവും വലിയ കഴിവ് ബോളർക്ക് മുകളിലൂടെ സിക്സർ പറത്താൻ സാധിക്കും എന്നതാണ്. ഈ മത്സരത്തിൽ ഡൽഹി 65 റൺസ് സ്വന്തമാക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നിട്ടും മത്സരം വിട്ടുകൊടുക്കാൻ ആശുടോഷ് തയ്യാറായില്ല. മത്സരത്തിൽ ഡൽഹിക്കായി വിജയം നേടാൻ അവന് സാധിച്ചു. കഴിഞ്ഞ വർഷം ഇന്ത്യയുടെ പേസർ ബുമ്രക്കെതിരെ സിക്സർ നേടാനും അവന് കഴിഞ്ഞിരുന്നു.”- കൈഫ് പറയുന്നു.

എന്നാൽ നിലവിലെ ഐപിഎൽ നിയമം മൂലം മാത്രമാണ് ആശുതോഷിനെ പഞ്ചാബ് നിലനിർത്താതിരുന്നത് എന്ന് ആകാശ് ചോപ്ര കൂട്ടിച്ചേർക്കുകയുണ്ടായി. “ഒരു ഐപിഎൽ ഫ്രാഞ്ചസിക്ക് 2 അൺക്യാപ്ഡ് താരങ്ങളെ മാത്രമായിരുന്നു നിലനിർത്താൻ സാധിക്കുന്നത്. പഞ്ചാബ് കിംഗ്സ് ശശാങ്ക് സിംഗിനെയും പ്രഭസിമ്രാൻ സിംഗിനെയും നിലനിർത്തുകയുണ്ടായി. അതുകൊണ്ടാണ് അവർ ആശുതോഷിനെ വിട്ടുകളഞ്ഞത്.”- ആകാശ് ചോപ്ര മറുപടി നൽകി.

Previous article“കോഹ്ലിയുടെ റെക്കോർഡുകൾ ആ ഇന്ത്യൻ യുവതാരം തകർക്കും”- ശിവം മാവി