കൗണ്ടി ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് ചേത്വേശര്‍ പൂജാര. മിഡിൽസെക്സിനെതിരെയുള്ള മത്സരത്തില്‍ സീസണിലെ നാലാം സെഞ്ചുറിയാണ് ഇന്ത്യന്‍ സീനിയര്‍ താരം നേടിയത്. പാക്ക് പേസര്‍ ഷഹീന്‍ അഫ്രീദി നയിക്കുന്ന ടീമിനെതിരെയാണ് പൂജാരയുടെ സെഞ്ചുറി. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 149 പന്തില്‍ 125 റണ്ണാണ് പൂജാര നേടിയിരിക്കുന്നത്. 16 ഫോറും 2 സിക്സും ബാറ്റില്‍ നിന്നും പിറന്നു.
അതിലെ ഒരു സിക്സ് ഷഹീന്‍ അഫ്രീദിയെ അപ്പര്‍ കട്ട് ചെയ്തായിരുന്നു. 6 ന് 2 എന്ന നിലയിലായിരുന്നു പൂജാര ബാറ്റ് ചെയ്യാനെത്തിയത്. പാക്ക് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ വേഗതയേറിയ ബോളുകള്‍ നേരിട്ട താരം അഞ്ചാം പന്തില്‍ അപ്പര്‍ കട്ടിലൂടെ സിക്സ് കണ്ടെത്തി.
നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 16 റണ്‍സാണ് പൂജാര നേടിയത്. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ മികച്ച ഫോമിലാണ് ഇന്ത്യന്‍ താരം. 4 മത്സരങ്ങളില്‍ 672 റണ്‍സാണ് താരം ഇതിനോടകം നേടിയട്ടുള്ളത്. ഇതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചു വരവിനു ഒരുങ്ങുകയാണ് പൂജാര. നേരത്തെ ടെസ്റ്റ് ടീമില്‍ നിന്നും താരം പുറത്തായിരുന്നു.
മാറ്റിവച്ച ഒരു ടെസ്റ്റ് ഇംഗ്ലണ്ട് മണ്ണില്‍ ഈ വര്‍ഷം നടക്കാനിരിക്കെ, പൂജാരയുടെ കൗണ്ടി മത്സര പരിചയം ഇന്ത്യന്‍ ടീമിനു ഗുണം ചെയ്യും. ജൂലൈ 1 നാണ് മാറ്റി വച്ച ടെസ്റ്റ് നടത്തുക. അതിനു ശേഷം 3 വീതം ഏകദിന – ടി20 മത്സരങ്ങളും ഇംഗ്ലണ്ട് മണ്ണില്‍ ഇന്ത്യ കളിക്കും.