രണ്ടാം ടെസ്റ്റ്‌ മത്സരത്തിലെ ഇന്ത്യയുടെ ബോളർമാരെ തിരഞ്ഞെടുത്ത് പൂജാര.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 295 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പരയിൽ 1-0ന് മുൻപിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഡിസംബർ 6ന് അഡ്ലൈഡിലാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത്.

പകലും രാത്രിയുമായാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു പിങ്ക് ബോൾ ടെസ്റ്റ് മാച്ചാണ്. ഈ മത്സരത്തിൽ ഇന്ത്യ ഏതൊക്കെ ബോളർമാരെ അണിനിരത്തണം എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ചേതേശ്വർ പൂജാര.

ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ മൈതാനത്തിറക്കിയ ബോളർമാരെ ഒക്കെയും രണ്ടാം ടെസ്റ്റ് മത്സരത്തിലും നിലനിർത്തണം എന്നാണ് പൂജാരയുടെ അഭിപ്രായം. നിതീഷ് കുമാർ റെഡ്ഡിയും ഹർഷിത് റാണയും ആദ്യ മത്സരത്തിൽ മികവ് പുലർത്തിയതിനാൽ അവരെ വീണ്ടും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്നും പുജാര പറയുകയുണ്ടായി.

“നിലവിലെ ടീമിൽ ഒരു മാറ്റവും ഇനി ആവശ്യമില്ല. ആദ്യ ടെസ്റ്റ് മത്സരത്തിൽ അവിസ്മരണീയമായ പ്രകടനമായിരുന്നു ബോളർമാർ കാഴ്ചവച്ചത്. ജസ്പ്രീത് ബുംറയും സിറാജും ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 2 പേരെയും നന്നായി പിന്തുണയ്ക്കാൻ ഹർഷിത് റാണയ്ക്കും സാധിച്ചു. അവൻ മത്സരത്തിൽ നന്നായി ബോൾ ചെയ്തു എന്ന് അംഗീകരിക്കാതിരിക്കാൻ സാധിക്കില്ല. തന്റെ ആദ്യ മത്സരമായിരുന്നിട്ട് കൂടി നന്നായി പന്ത് പിച്ച് ചെയ്യാൻ റാണയ്ക്ക് സാധിക്കുന്നുണ്ടായിരുന്നു.”- പൂജാര പറഞ്ഞു.

“പിച്ചിന്റെ ബൗൺസും പേസും മനസ്സിലാക്കാൻ സാധിച്ചാൽ ബോളർമാർക്ക് ഓസ്ട്രേലിയൻ സാഹചര്യങ്ങൾ വളരെ സഹായകരമാണ്. ആദ്യ മത്സരത്തിൽ കൃത്യമായ ഏരിയകളിൽ പന്ത് പിച്ച് ചെയ്യിക്കാൻ റാണയ്ക്ക് സാധിച്ചു. മാത്രമല്ല നല്ല ലൈനിലും ലെങ്തിലും തന്നെയാണ് റാണ ആദ്യ മത്സരത്തിൽ പന്തറിഞ്ഞത്. അതുകൊണ്ടു തന്നെ ഇന്ത്യ രണ്ടാം മത്സരത്തിലും ഇതേ ബോളിംഗ് അറ്റാക്ക് തന്നെ നിലനിർത്തണമെന്നാണ് എന്റെ അഭിപ്രായം. മത്സരത്തിൽ നിതീഷ് കുമാർ റെഡ്ഡിയും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.”- പൂജാര കൂട്ടിച്ചേർക്കുന്നു.

പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ 41 പന്തുകളിൽ 38 റൺസായിരുന്നു നിതീഷ് റെഡ്ഡി സ്വന്തമാക്കിയത്. മാത്രമല്ല മത്സരത്തിൽ ഒരു വിക്കറ്റ് സ്വന്തമാക്കാനും നിതീഷിന് സാധിച്ചു. തന്റെ ആദ്യ മത്സരത്തിൽ 4 വിക്കറ്റുകളാണ് ഹർഷിത് റാണ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും മുകളിലായി വാഷിംഗ്ടൺ സുന്ദറിനെയാണ് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയത്. രണ്ടാം മത്സരത്തിലും സുന്ദറിനെ തന്നെ ഇന്ത്യ കളിപ്പിക്കണം എന്നാണ് പൂജാരയുടെ ആവശ്യം.

Previous articleസ്മിത്തും ലബുഷൈനും കോഹ്ലിയെ കണ്ട് പഠിക്കണമെന്ന് റിക്കി പോണ്ടിംഗ്.
Next articleരണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിൽ ഇന്ത്യ 3 മാറ്റങ്ങൾ വരുത്തണം. സുനിൽ ഗവാസ്കർ