ഒരു ക്രിക്കറ്ററെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ നിമിഷമാണ് തന്റെ രാജ്യത്തിനായി കളിക്കുന്ന ഓരോ മത്സരങ്ങളും. അങ്ങനെ ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള പതിമൂന്നാമത്തെ വ്യക്തിയാണ് ചെതേശ്വർ പൂജാര. വലിയ പ്രതീക്ഷയോടെ തന്നെ നൂറാം മത്സരത്തിലേക്ക് ബാറ്റ് ചെയ്യാനിറങ്ങിയെങ്കിലും മത്സരത്തിൽ പൂജ്യനായി പുറത്താകേണ്ടിവന്നു പൂജാരയ്ക്ക്. ഇതോടെ നാണക്കേടിന്റെ ഒരു പൂജ്യം റെക്കോർഡാണ് പൂജാരയെ തേടിയെത്തിയിരിക്കുന്നത്. തങ്ങളുടെ നൂറാമത്തെ ടെസ്റ്റ് മത്സരത്തിൽ പൂജ്യനായി പുറത്താകുന്ന ലോക ക്രിക്കറ്റിലെ ഏഴാമത്തെ താരമാണ് പൂജാര. മുൻപ് ക്രിക്കറ്റ് ഇതിഹാസങ്ങളായ അലൻ ബോർഡർ, മാർക് ടെയ്‌ലർ, ബ്രണ്ടൻ മക്കല്ലം, സ്റ്റീവ് സ്മിത്ത്,ദിലീപ് വെൻസാക്കർ തുടങ്ങിയവർ നൂറാമത്തെ ടെസ്റ്റിൽ പൂജ്യരായ മടങ്ങിയിട്ടുണ്ട്. ഈ ലിസ്റ്റിലേക്ക് പൂജാരയും എത്തിപ്പെട്ടിരിക്കുന്നത്.
തന്റെ നൂറാം മത്സരത്തിൽ, ഇന്ത്യൻ ഇന്നിങ്സിലെ ഇരുപതാം ഓവറിലാണ് പൂജാര കൂടാരം കയറിയത്. ലയണിന്റെ പന്തിൽ പൂജാര സ്റ്റമ്പിനു മുമ്പിൽ കുടുങ്ങുകയായിരുന്നു. പ്രഥമദൃഷ്ടിയിൽ ഔട്ടാണെന്ന് തോന്നിക്കാത്ത തരത്തിൽ പന്ത് വന്നുവെങ്കിലും, ഓസ്ട്രേലിയ അത് റിവ്യൂവിന് നൽകി. ശേഷം പന്ത് കൃത്യമായി വിക്കറ്റ് തെറിപ്പിക്കും എന്ന് ഉറപ്പായതോടെ അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു. ഇതോടെ പൂജാരക്ക് മത്സരത്തിൽ പൂജ്യനായി മടങ്ങേണ്ടിവന്നു.
ഇന്നിംഗ്സിൽ കേവലം 6 പന്തുകൾ മാത്രമായിരുന്നു പുജാര നേരിട്ടത്. ഏറ്റവും വലിയ പ്രതീക്ഷയോടെ മത്സരത്തിനിറങ്ങി നിരാശാജനകനായാണ് പൂജാര മടങ്ങിയത്. എന്നാൽ രണ്ടാം ടെസ്റ്റിന് ഇനിയും ഒരുന്നിങ്സ് കൂടി ബാക്കിയുണ്ട് എന്നിരിക്കെ, രണ്ടാം ഇന്നിങ്സിൽ ഒരു മികവാർന്ന പ്രകടനം നടത്തി ഈ ക്ഷീണം മാറ്റാൻ തന്നെയാണ് പൂജാരയുടെ ശ്രമം.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ആദ്യ ഇന്നിങ്സിൽ 263 റൺസ് നേടിയ ഓസ്ട്രേലിയയെ പിന്തുടർന്നിറങ്ങിയ ഇന്ത്യ, സ്പിന്നർമാർ മുൻപിൽ പതറുന്നതാണ് കണ്ടത്. ഇന്ത്യയുടെ മുൻനിര തകർന്നടിഞ്ഞപ്പോൾ വാലറ്റം ഒന്നാം ടെസ്റ്റിലേതിന് സമാനമായ രീതിയിൽ പൊരുതുകയാണ്.