ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ അഡ്ലൈഡ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ 2 ദിവസങ്ങൾ വളരെ സംഭവ ബഹുലമായിരുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ പതറുകയുണ്ടായി. ആദ്യ ഇന്നിംഗ്സിൽ കേവലം 180 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചത്.
ഇന്ത്യൻ നിരയിലെ ഒരു ബാറ്റര്‍ക്ക് പോലും അർധസെഞ്ച്വറി സ്വന്തമാക്കാൻ സാധിച്ചില്ല എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. ബൗൺസ് കൃത്യമായി മനസ്സിലാക്കാൻ സാധിക്കാതെ വന്ന ഇന്ത്യൻ ബാറ്റർമാർ മൈതാനത്ത് പതറുന്നതാണ് കണ്ടത്. ശേഷം രണ്ടാം ഇന്നിംഗ്സിലും ഇന്ത്യ മോശം അവസ്ഥയിലാണ്. ഇന്ത്യയുടെ ബാറ്റിംഗിലെ പരാജയത്തിനുള്ള പ്രധാന കാരണം വെളിപ്പെടുത്തി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് പൂജാര.
ഇന്ത്യ മത്സരത്തിൽ ഒരു വലിയ തെറ്റുകാട്ടി എന്നാണ് പൂജാര കരുതുന്നത്. എന്നാൽ ഓസ്ട്രേലിയൻ ബാറ്റർമാർ ഇത്തരം തെറ്റുകൾ വരുത്തിയില്ല എന്ന് പൂജാര പറയുന്നു. മത്സരത്തിൽ ഷോർട്ട് ലെങ്തിൽ വന്ന പന്തുകളെ ഓസ്ട്രേലിയൻ ബാറ്റർമാർ ലീവ് ചെയ്യുകയാണ് ഉണ്ടായത്. എന്നാൽ ഇന്ത്യൻ ബാറ്റർമാർ പിച്ചിന്റെ ബൗൺസിന് മുകളിൽ നിൽക്കാനാണ് ശ്രമിച്ചത് എന്ന് പുജാര പറയുകയുണ്ടായി. ഇതാണ് മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗിനെ ബാധിച്ചത് എന്ന് പൂജാര കരുതുന്നു. ഇത്തരത്തിൽ കൃത്യമായി ലെങ്ത് മനസ്സിലാക്കി പന്തിനെ ലീവ് ചെയ്യാൻ സാധിച്ചിരുന്നുവെങ്കിൽ ഇന്ത്യ മികച്ച സ്കോറിൽ എത്തുമായിരുന്നു എന്നാണ് പൂജാരയുടെ പക്ഷം.
“മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ ഒരു വലിയ പിഴവാണ് നടത്തിയത്. ഷോർട്ട് പിച്ചായി വന്ന പന്തുകളിൽ അവർ ബൗൺസിന്റെ മുകളിൽ നിൽക്കാനാണ് ശ്രമിച്ചത്. എന്നാൽ അതിനുള്ള സമയം അഡ്ലൈഡിലെ വിക്കറ്റിൽ ലഭിക്കില്ല. കാരണം കൂടുതൽ പേസും ബൗൺസും ആ വിക്കറ്റിൽ നിന്ന് ബോളർമാർക്ക് ലഭിക്കും. എന്നാൽ മറുവശത്ത് ഓസ്ട്രേലിയൻ ബാറ്റർമാർ ഇത്തരത്തിൽ ഷോർട്ട് ലെങ്തിൽ വരുന്ന പന്തുകളെ ലീവ് ചെയ്യുകയാണ് ഉണ്ടായത്. ഇന്ത്യൻ ബാറ്റർമാർ മുൻപിലേക്ക് പോകുമ്പോൾ പിച്ചിന്റെ ബൗൺസിനെ വിശ്വസിക്കുകയും അതിനനുസരിച്ച് ബഹുമാനിക്കുകയും ചെയ്യണം.”- ചേതേശ്വർ പൂജാര പറഞ്ഞു.
രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ വളരെ മോശം അവസ്ഥയിൽ തന്നെയാണ് നിലവിൽ ഇന്ത്യ തുടരുന്നത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 180 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയയ്ക്കായി ട്രാവിസ് ഹെഡ് തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. ഇതോടെ 337 റൺസിലെത്താനും 157 റൺസിന്റെ കൂറ്റൻ ലീഡ് സ്വന്തമാക്കാനും ഓസ്ട്രേലിയയ്ക്ക് സാധിച്ചു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് 128 റൺസ് സ്വന്തമാക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. ഓസ്ട്രേലിയയുടെ സ്കോർ മറികടക്കാൻ ഇന്ത്യയ്ക്ക് ഇനിയും 29 റൺസ് ആവശ്യമാണ്.