സഞ്ജുവിന് ഓപ്പണറായി പ്രൊമോഷൻ, 2 അരങ്ങേറ്റ താരങ്ങൾ. ആദ്യ ട്വന്റി20യ്ക്കുള്ള ഇന്ത്യൻ ടീം.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചു. ഇനി ഇന്ത്യയ്ക്ക് മുൻപിലുള്ള അടുത്ത ലക്ഷ്യം ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയാണ്. 3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഒക്ടോബർ ആറിനാണ് ആരംഭിക്കുന്നത്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഒരു യുവനിര തന്നെയാണ് ബംഗ്ലാദേശിനെതിരെ ട്വന്റി20 പരമ്പരയ്ക്ക് ഇറങ്ങുന്നത്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ന്യൂസിലാൻഡിനെതിരായും ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് സ്ക്വാഡിൽ അണിനിരന്ന താരങ്ങൾ ഒന്നുംതന്നെ ട്വന്റി20 സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല.

ഇക്കാരണത്താൽ യുവതാരങ്ങൾ അണിനിരക്കുന്ന ഒരു വമ്പൻ നിര തന്നെയാവും ആദ്യ ട്വന്റി20 മത്സരത്തിനായി മൈതാനത്ത് എത്തുക. ഇന്ത്യയുടെ സാധ്യത ഇലവൻ നമുക്ക് പരിശോധിക്കാം. അഭിഷേക് ശർമയെ മാത്രമാണ് ഇന്ത്യ സ്പെഷ്യലിസ്റ്റ് ഓപ്പണറായി 15 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മറ്റൊരു ഓപ്പണർ നിലവിൽ ബംഗ്ലാദേശിനെതരായ ട്വന്റി20 സ്ക്വാഡിൽ ഉൾപ്പെടുന്നില്ല. അതിനാൽ സഞ്ജു സാംസൺ അഭിഷേകിനൊപ്പം ഓപ്പണറായി എത്താനാണ് സാധ്യത. സഞ്ജുവിനെ സംബന്ധിച്ച് വളരെ മികച്ച ഒരു അവസരമാവും ഇത്. അതേസമയം ഇന്ത്യയുടെ നായകൻ സൂര്യകുമാർ യാദവ് മൂന്നാം നമ്പർ പൊസിഷനിലേക്ക് തിരിച്ചെത്തുമെന്നും സൂചനകൾ ലഭിക്കുന്നുണ്ട്.

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച റിയാൻ പരാഗിനെ ഇന്ത്യ നാലാം നമ്പറിൽ ഇറക്കുമെന്നാണ് കരുതുന്നത്. അഞ്ചാം നമ്പറിൽ ഇന്ത്യയുടെ ഓണ്ടറായ ഹർദിക് പാണ്ഡ്യയും, ആറാം നമ്പറിൽ റിങ്കൂ സിംഗുമാവും മത്സരത്തിൽ കളിക്കുന്നത്. സ്പിൻ ബോളിംഗ് ഓൾറൗണ്ടറായി ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വാഷിംഗ്ടൺ സുന്ദറിനെയാണ്. ഒപ്പം രവി ബിഷ്ണോയി എന്ന സ്പിന്നറും ഇന്ത്യയുടെ നിരയിലുണ്ട്. ഇരുവരെയും ഇന്ത്യ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാൽ വരുൺ ചക്രവർത്തിയ്ക്ക് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാൻ സാധ്യത കുറവാണ്.

പേസ് വിഭാഗത്തിൽ അർഷദീപ് സിംഗാണ് ഇന്ത്യയെ മുന്നിൽ നിന്ന് നയിക്കാൻ സാധ്യത. ഒപ്പം അരങ്ങേറ്റ താരങ്ങളായ ഹർഷിത് റാണ, മായങ്ക് യാദവ് എന്നിവരും ആദ്യ ട്വന്റി20യ്ക്കുള്ള ടീമിൽ ഇടംപിടിച്ചേക്കും.

ടെസ്റ്റ് പരമ്പരയിൽ അത്യുഗ്രൻ പ്രകടനങ്ങൾ കാഴ്ചവച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. സീനിയർ താരങ്ങളെ മാറ്റിനിർത്തി യുവതാരങ്ങൾ കുട്ടിക്രിക്കറ്റ് പരമ്പരയ്ക്ക് ഇറങ്ങുമ്പോൾ ആവേശവും അണപൊട്ടും എന്നത് ഉറപ്പാണ്. സഞ്ജുവടക്കമുള്ള താരങ്ങൾക്ക് വലിയ അവസരമാണ് ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര നൽകുന്നത്.

Previous articleടെസ്റ്റ്‌ ക്രിക്കറ്റിൽ എനിക്കൊരു രണ്ടാം ജന്മം നൽകിയത് കോഹ്ലിയും ശാസ്ത്രിയും : രോഹിത് ശർമ.
Next article“ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പേസർ “, ഇന്ത്യൻ താരത്തെപറ്റി ആർ പി സിംഗ് പറയുന്നു..