ഓപ്പണറായി സഞ്ജുവും ജയസ്വാളും, മൂന്നാമനായി റാണ. ആദ്യ മൽസരത്തിലെ രാജസ്ഥാന്റെ പ്ലെയിങ് ഇലവൻ.

രാജസ്ഥാൻ റോയൽസ് ടീമിന്റെ 2025 ഐപിഎല്ലിലെ ആദ്യ മത്സരം നടക്കുന്നത് മാർച്ച് 23ന് ഹൈദരാബാദിലാണ്. രാഹുൽ ദ്രാവിഡിന്‍റെ നേതൃത്വത്തിൽ ഒരു വലിയ വിജയം സ്വന്തമാക്കി സീസണിൽ തുടക്കം കുറിക്കാനാണ് ഇത്തവണ രാജസ്ഥാൻ തയ്യാറാവുന്നത്. എന്നാൽ വളരെ വലിയ മാറ്റങ്ങളുമായാണ് ഇത്തവണത്തെ രാജസ്ഥാൻ റോയൽസ് ടീം എത്തുന്നത്.

ജോസ് ബട്ലർ അടക്കമുള്ള വമ്പൻ താരങ്ങൾ രാജസ്ഥാൻ വിട്ടതോടെ പുതിയ കോമ്പിനേഷനുകൾക്കുള്ള തയ്യാറെടുപ്പിലാണ് ഫ്രാഞ്ചൈസി. ആദ്യ മത്സരത്തിലെ രാജസ്ഥാന്റെ സാധ്യത ഇലവൻ പരിശോധിക്കാം. ഞായറാഴ്ച്ച ഹൈദരബാദിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരം.

ജോസ് ബട്ലറുടെ അഭാവത്തിൽ രാജസ്ഥാൻ റോയൽസ് പുതിയൊരു ഓപ്പണിങ് ജോഡിയെ രംഗത്ത് എത്തിക്കും. ക്യാപ്റ്റനായ സഞ്ജു സാംസനും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ ജയസ്വാളുമാവും രാജസ്ഥാൻ ടീമിന്റെ ഓപ്പണർമാരായി ക്രീസിലെത്തുക. കഴിഞ്ഞ കുറച്ച് സീസണുകളിലായി രാജസ്ഥാനായി മൂന്നാം നമ്പറിലാണ് സഞ്ജു സാംസൺ കളിച്ചിരുന്നത്. എന്നാൽ നിലവിൽ ഇന്ത്യയ്ക്കായി ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഓപ്പണറായി സഞ്ജു കളിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജസ്ഥാനും സഞ്ജുവിനെ ഓപ്പണറായി മൈതാനത്ത് എത്തിക്കാനാണ് സൂചന.

രാജസ്ഥാനായി മൂന്നാം നമ്പറിൽ എത്തുന്നത് നിതീഷ് റാണയായിരിക്കും. ഇത്തവണത്തെ ഐപിഎല്ലിൽ 4.2 കോടി രൂപയ്ക്കാണ് നിതീഷിനെ രാജസ്ഥാൻ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണൽ രാജസ്ഥാനായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് റിയാൻ പരഗ് തന്നെയാവും നാലാം നമ്പറിലെ രാജസ്ഥാന്റെ കരുത്ത്. 14 കോടി രൂപയ്ക്ക് ഇത്തവണ രാജസ്ഥാൻ നിലനിർത്തിയ ദ്രൂവ് ജൂറൽ ടീമിനായി 5ആം നമ്പറിലും, വെടിക്കെട്ട് ബാറ്റർ ഷിമറോൺ ഹെറ്റ്മയർ ആറാം നമ്പരിലും രാജസ്ഥാനായി മൈതാനത്ത് എത്താനാണ് സാധ്യത. കഴിഞ്ഞ സീസണിൽ രാജസ്ഥാനായി 4 മത്സരങ്ങളിൽ അണിനിരന്ന ശുഭം ദുബെ ഇമ്പാക്ട് സബ് ആയി ആദ്യ മത്സരത്തിൽ കളിക്കാനും സാധ്യതയുണ്ട്.

ഇനി ബൗളിംഗ് നിരലേക്ക് വരികയാണെങ്കിൽ രാജസ്ഥാന്റെ പ്രധാന കരുത്ത് ജോഫ്ര ആർച്ചറാണ്. 12.5 കോടി രൂപയ്ക്ക് രാജസ്ഥാൻ ആർച്ചറെ സ്വന്തമാക്കിയിരുന്നു. ശേഷം ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻ താരമായ തുഷാർ ദേഷ്പാണ്ഡയും രാജസ്ഥാന്റെ വിശ്വസ്തനായ സന്ദീപ് ശർമയും അണിനിരക്കുന്ന പേസ് അറ്റാക്ക് മികവ് പുലർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. സ്പിൻ വിഭാഗത്തിൽ അശ്വിനെയും ചാഹലിനെയും രാജസ്ഥാൻ വിട്ടുകളയുകയുണ്ടായി. അതുകൊണ്ട് തന്നെ ശ്രീലങ്കയുടെ സ്പിന്നർമാരായ ഹസരംഗയും മഹേഷ് തീക്ഷണയും ടീമിൽ കളിക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഹസരംഗ ടീമിലുണ്ടെങ്കിൽ അത് ബാറ്റിംഗിലും രാജസ്ഥാന് ഡെപ്ത് നൽകും. ഇത്തരത്തിൽ ഒരു പ്ലേയിംഗ് ഇലവനെയാവും രാജസ്ഥാൻ ആദ്യ മത്സരത്തിൽ മൈതാനത്ത് എത്തിക്കുക.

Previous articleആരൊക്കെ ഇത്തവണ ഐപിഎൽ പ്ലേയോഫിലെത്തും. പ്രവചനവുമായി സേവാഗും ഗിൾക്രിസ്റ്റും.