ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 8 വിക്കറ്റുകളുടെ പരാജയമാണ് ഇന്ത്യ നേരിട്ടത്. അവിചാരിതമായ ഈ പരാജയം ഇന്ത്യയെ ടെസ്റ്റ് പരമ്പരയിൽ പിന്നിലേക്കടിക്കും എന്നത് ഉറപ്പാണ്. അതിനാൽ തന്നെ രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി തങ്ങളുടെ ടീമിൽ ഇന്ത്യ മാറ്റങ്ങൾ വരുത്തിയേക്കും.
വലിയ അഴിച്ചുപണിയ്ക്ക് തന്നെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിൽ തയ്യാറാവുന്നത്. പ്രധാനമായും 3 മാറ്റങ്ങളാണ് ഇന്ത്യൻ ടീമിൽ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഉണ്ടാവാൻ സാധ്യത. ഇത് പരിശോധിക്കാം.
ആദ്യ ടെസ്റ്റ് മത്സരത്തിൽ വളരെ മോശം ഫോമിലായിരുന്നു കെഎൽ രാഹുൽ കളിച്ചിരുന്നത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ റൺസ് നേടാതെയാണ് രാഹുൽ പുറത്തായത്. ശേഷം രണ്ടാം ഇന്നിങ്സിൽ വെറും 12 റൺസ് മാത്രമാണ് രാഹുലിന് നേടാൻ സാധിച്ചത്. ഈ സാഹചര്യത്തിൽ രാഹുലിനെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ കളിപ്പിക്കുമോ എന്ന് വ്യക്തമല്ല.
നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ രാഹുലിനെ ഇന്ത്യ പ്ലെയിംഗ് ഇലവനിൽ നിന്ന് മാറ്റിനിർത്താനാണ് സാധ്യത. ബാറ്റിംഗിൽ മാത്രമല്ല ഫീൽഡിങ്ങിലും വളരെ മോശം പ്രകടനമായിരുന്നു രാഹുൽ കാഴ്ചവച്ചത്. അതിനാൽ തന്നെ രാഹുലിന് പകരം ശുഭമാൻ ഗിൽ ഇന്ത്യയുടെ ടീമിലേക്ക് എത്തിയേക്കും. പരിക്ക് മൂലം ആദ്യ മത്സരത്തിൽ കളിക്കാൻ ഗില്ലിന് സാധിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ ഗിൽ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്.
ആദ്യ മത്സരത്തിൽ ഇന്ത്യക്കായി തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയ സർഫറാസ് ഖാനെ ഇന്ത്യ നിലനിർത്താനാണ് സാധ്യത. രണ്ടാം ഇന്നിങ്സിൽ 150 റൺസ് നേടിയ സർഫറാസ് ഇന്ത്യയുടെ നെടുംതൂണായി മാറിയിരുന്നു. ഇന്ത്യൻ ടീമിൽ പ്രതീക്ഷിക്കുന്ന മറ്റൊരു മാറ്റം സ്പിൻ ഓൾറൗണ്ടർ വിഭാഗത്തിലാണ്. സ്പിൻ വിഭാഗത്തിൽ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി അക്ഷർ പട്ടേലിനെ ഇന്ത്യ കളിപ്പിക്കാനുള്ള സാധ്യതയുണ്ട്.
ആദ്യ മത്സരത്തിന്റെ 2 ഇന്നിങ്സിലും ബാറ്റിംഗിൽ വളരെ മോശം പ്രകടനമായിരുന്നു ജഡേജ കാഴ്ചവച്ചത്. ആദ്യ ഇന്നിംഗ്സിൽ പൂജ്യനായി പുറത്തായ ജഡേജയ്ക്ക് രണ്ടാം ഇന്നിങ്സിൽ 5 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ബോളിങ്ങിൽ 3 വിക്കറ്റുകൾ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.
രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത് പൂനെയിലാണ്. പേസർമാരെ പിന്തുണയ്ക്കുന്ന പിച്ചാണ് പൂനെയിലുള്ളത്. അതിനാൽ തന്നെ ഇന്ത്യ ഒരു സ്പിന്നറെ ഒഴിവാക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇന്ത്യ ഒഴിവാക്കുന്നത് കുൽദീപ് യാദവിനെയാവും. കുൽദീപിന് പകരം പേസർ ആകാശ് ദീപ് ടീമിൽ കളിക്കാനാണ് സാധ്യത.
ഇങ്ങനെ 3 മാറ്റങ്ങളാണ് ഇന്ത്യ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നടത്താൻ തയ്യാറാവുന്നത്. ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ചില മോശം തീരുമാനങ്ങളും ഇന്ത്യയെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ബാധിച്ചിരുന്നു. ഈ പിഴവുകളൊക്കെയും നികത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരയിൽ വിജയം സ്വന്തമാക്കാൻ സാധിക്കു.