പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പരമ്പരക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നിരവധി സര്‍പ്രൈസുകളാണ് ഉണ്ടായത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് 30 അംഗ ജംമ്പോ ടീമിനെ തിരഞ്ഞെടുക്കും എന്ന് കരുതിയെങ്കിലും സാധരണപോലെ 20 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്.
പരിക്കില്‍ നിന്നും മുക്തരായി ജഡേജ, ഷാമി, വിഹാരി എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ കുല്‍ദീപ് യാദവ്, ഹര്‍ദ്ദിക്ക് പാണ്ട്യ എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി. എന്നാല്‍ ഡൊമസ്റ്റിക്ക് സീസണിലും ഐപിഎല്ലിലും തകര്‍പ്പന്‍ ഫോം നടത്തിയ പൃഥി ഷായെ ഒഴിവാക്കിയത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ മത്സരത്തില്‍ അവസരം കിട്ടിയെങ്കിലും യുവതാരത്തിന്‍റെ ടെക്നിക്ക് ചോദ്യം ചെയ്യപ്പെട്ട് 0, 2 എന്നീ സ്കോറില്‍ പുറത്തായി. പിന്നീട് അവസരം കിട്ടാതിരുന്ന പൃഥി ഷാ തിരിച്ചു നാട്ടിലെത്തി തന്‍റെ പോരായ്മകള്‍ മറികടക്കാനുള്ള പരിശീലനം ആരംഭിച്ചു.
വിജയഹസാരെ ട്രോഫിയില്‍ 800 ലധികം റണ്‍സ് കണ്ടെത്തിയാണ് പൃഥി ഷായുടെ ശക്തമായ തിരിച്ചു വരവിനു സാക്ഷ്യം വഹിച്ചത്. ഐപിഎല്ലിലും അതേ ഫോം തുടര്‍ന്ന 21 വയസ്സുകാരന്‍ 308 റണ്‍സ് നേടി. പൃഥി ഷായെ ഒഴിവാക്കിയതിന്‍റെ ആശ്ചര്യം രേഖപ്പെടുത്തുകയാണ് മുന്‍ ബിസിസിഐ സെലക്ടറായ സരണ്‍ദീപ് സിങ്ങ്.
” സേവാഗ് ഇന്ത്യക്കു വേണ്ടി എന്ത് ചെയ്തോ അത് ചെയ്യാനുള്ള കഴിവ് പൃഥി ഷാക്കുണ്ട്. കരിയറിന്‍റെ ആദ്യ നാളുകളില്‍ അവനെ മാറ്റി നിര്‍ത്താനാവില്ലാ. ഓസ്ട്രേലിയന്‍ ടൂറില്‍ നിന്നും ഒഴിവാക്കിയട്ടും ഡൊമസ്റ്റിക്ക് സീസണില്‍ ഒരുപാട് റണ്‍സുകള്‍ നേടി. ടെക്നികല്‍ മേഖലയിലും മാറ്റങ്ങള്‍ വരുത്തി. അവന്‍ ഐപിഎല്‍ കളിച്ചത് എങ്ങനെയെന്ന് നോക്കൂ ” സരണ്‍ദീപ് പറഞ്ഞു. യുവ താരങ്ങളായ ഷായിലും ഗില്ലിലും സെലക്ടര്‍മാര്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കണം എന്നും സരണ്‍ദീപ് ആവശ്യപ്പെട്ടു.