ആർസിബി ടീമിൽ കളിച്ചില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. 2008 ഐപിഎല്ലിലെ അനീതി തുറന്നുകാട്ടി പ്രവീൺ കുമാർ.

converted image 1

തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ സംഭവങ്ങൾ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ പ്രവീൺ കുമാർ. 2008 ഇന്ത്യൻ പ്രീമിയർ ലീഗിനോട് അനുബന്ധിച്ച് നടന്ന കാര്യങ്ങളെപ്പറ്റിയാണ് പ്രവീൺകുമാർ സംസാരിക്കുന്നത്. അന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനായി, ആദ്യ സീസണിൽ കളിച്ചില്ലെങ്കിൽ തന്റെ കരിയർ അവസാനിപ്പിക്കുമെന്ന് ഐപിഎൽ ഫൗണ്ടറായ ലളിത് മോദി പറഞ്ഞിരുന്നു എന്നാണ് പ്രവീൺ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ നാടിന് അടുത്തുള്ള ഡൽഹി ടീമിനായി കളിക്കാനാണ് താൻ താല്പര്യപ്പെട്ടതെന്നും, അവസാനം ലളിത് മോഡിയുടെ ഭീഷണിക്ക് വഴങ്ങേണ്ടി വരികയായിരുന്നുവെന്നും പ്രവീൺ കുമാർ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കവെയാണ് പ്രവീൺ ഇക്കാര്യം അറിയിച്ചത്.

“ഞാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിൽ കളിക്കാൻ ഒരു കാരണവശാലും താല്പര്യപ്പെട്ടിരുന്നില്ല. കാരണം എന്റെ സ്ഥലത്ത് നിന്ന് ഒരുപാട് ദൂരെയായിരുന്നു ബാംഗ്ലൂർ. മാത്രമല്ല എനിക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു. അവിടുത്തെ ആഹാരവും എനിക്ക് ഇഷ്ടപ്പെട്ടത് ആയിരുന്നില്ല. എന്നാൽ മീരറ്റിനോട് ഒരുപാട് അടുത്തായിരുന്നു ഡൽഹി. അതുകൊണ്ടു തന്നെ ഡൽഹിക്കായി കളിക്കുകയാണെങ്കിൽ ഇടയ്ക്ക് എനിക്കെന്റെ വീട്ടിൽ വരാനും സാധിക്കുമായിരുന്നു.”

“എന്നാൽ ആ സമയത്ത് ഒരാൾ വന്ന് എന്നെ കുറച്ചു പേപ്പറിൽ സൈൻ ചെയ്യിച്ചു. അതൊരു കോൺട്രാക്ടാണ് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എനിക്ക് ബാംഗ്ലൂരിനായി കളിക്കാൻ താല്പര്യമില്ലെന്നും, ഡൽഹിക്കായാണ് കളിക്കാൻ ഉദ്ദേശിക്കുന്നതെന്നും ഞാൻ പറഞ്ഞിരുന്നു. എന്നാൽ ലളിത് മോദി എന്നെ വിളിക്കുകയും കരിയർ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.”- പ്രവീൺ കുമാർ പറയുന്നു.

Read Also -  "അവർ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ചവർ, അവരുടെ നഷ്ടം ഇന്ത്യയെ ബാധിക്കും"- സനത് ജയസൂര്യ.

ഒപ്പം അന്താരാഷ്ട്ര ക്രിക്കറ്റിലെ അമ്പയർമാരുടെ പിഴവുകളെ പറ്റിയും പ്രവീൺ സംസാരിക്കുകയുണ്ടായി. അമ്പയർ എറാസ്മസിന്റെ ചില തീരുമാനങ്ങൾ വലിയ ദുരന്തങ്ങളായി മാറാറുണ്ട് എന്ന് പ്രവീൺ പറയുന്നു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മോശം അമ്പയറാണ് എറാസ്മസ് എന്നാണ് പ്രവീണിന്റെ പക്ഷം.

“അയാൾ ഒരു മോശം അമ്പയറാണ്. ചില സമയത്ത് അയാളുടെ തീരുമാനങ്ങൾ വളരെ മോശമാണ്. ഒരു ബാറ്റർ നോട്ടൗട്ടായി നിൽക്കുമ്പോൾ അയാൾ ഔട്ട് നൽകും. ഔട്ടായ ഒരു ബാറ്ററെ നോട്ടൗട്ട് ആക്കാനും അയാൾക്ക് സാധിക്കും. നോട്ടിങ്ങമിൽ ഞങ്ങൾ ഒരു ടെസ്റ്റ് മത്സരം കളിക്കുകയായിരുന്നു. ഞാൻ അന്ന് ഒരുപാട് ഓവറുകൾ പന്തറിഞ്ഞു. എന്റെ പന്ത് കെവിൻ പീറ്റേഴ്സന്റെ പാടിൽ കൊണ്ടു. അത് ഔട്ടായിരുന്നു എന്ന് ഉറപ്പായിരുന്നു. പക്ഷേ എറാസ്മസ് അത് നോട്ടൗട്ട് വിളിച്ചു. ശേഷം താൻ അന്ധനാണോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു.”- പ്രവീൺ കൂട്ടിച്ചേർക്കുന്നു.

മുൻപ് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ബോളിൽ കൃത്രിമം കാട്ടുന്നു എന്ന ആരോപണവുമായി പ്രവീൺ കുമാർ രംഗത്ത് എത്തിയിരുന്നു. എല്ലാ ടീമുകളും പന്ത് ചുരണ്ടാറുണ്ടെന്നും എന്നാൽ പാക്കിസ്ഥാൻ ബോളർമാർ അത് വളരെയേറെ തവണ ആവർത്തിക്കാറുണ്ടെന്നും പ്രവീൺ പറഞ്ഞു. റിവേഴ്സ് സിംഗ് ലഭിക്കുന്നതിനായി ആണ് പാകിസ്ഥാൻ ബോളർമാർ ഇത്തരത്തിൽ മോശം പ്രവർത്തകർ നടത്തുന്നത് എന്നായിരുന്നു പ്രവീണിന്റെ പ്രസ്താവന

Scroll to Top